---
title: "ശിവൻകുട്ടിയെ കൊല്ലാൻ ആസൂത്രണം ചെയ്തത് പല പദ്ധതികൾ; ആൺകുട്ടികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്, പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി"
english_title: "Karuvatta Shivankutty Murder Case Police To Seek Custody Of Minor Boys"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379273/karuvatta-shivakutty-murder-case-police-seek-custody-of-minor-boys"
published_at: "2026-08-20T08:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8669784c9e2_karuvatta-shivakutty-murder-case-police-seek-custody-of-minor-boys.jpg"
keywords: ["Shivankutty Murder", "Karuvatta Murder Case", "Minor Arrest", "Alappuzha Crime"]
---

# ശിവൻകുട്ടിയെ കൊല്ലാൻ ആസൂത്രണം ചെയ്തത് പല പദ്ധതികൾ; ആൺകുട്ടികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്, പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

> **Lead Summary:** **ആലപ്പുഴ: **കരുവാറ്റയിൽ 67 വയസ്സുകാരനായ ശിവൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ കൗമാരക്കാരായ ആൺകുട്ടികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനായി പൊലീസ് ശനിയാഴ്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന് അപേക്ഷ നൽകും. സംഭവത്തിൽ ഗൂഢാലോചനയിൽ പ്രധാന പങ്കുവഹിച്ച പെൺകുട്ടിയെ നിലവിൽ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

## Article Content

**ആലപ്പുഴ: **കരുവാറ്റയിൽ 67 വയസ്സുകാരനായ ശിവൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ കൗമാരക്കാരായ ആൺകുട്ടികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനായി പൊലീസ് ശനിയാഴ്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന് അപേക്ഷ നൽകും. സംഭവത്തിൽ ഗൂഢാലോചനയിൽ പ്രധാന പങ്കുവഹിച്ച പെൺകുട്ടിയെ നിലവിൽ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

കൃത്യം നടത്താൻ പ്രതികൾ സിനിമകളിൽ നിന്നടക്കം പ്രചോദനം ഉൾക്കൊണ്ടതായും ഇതിനായി മുൻകൂട്ടി പല പദ്ധതികളും ആസൂത്രണം ചെയ്തിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കൊല്ലപ്പെട്ട ശിവൻകുട്ടിയുടെ ബന്ധുകൂടിയായ പതിമൂന്നുകാരി തന്റെ ആൺസുഹൃത്തുമായി ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വീടിന്റെ ഓട് പൊളിച്ച് കല്ലിട്ട് കൊല്ലുക, വിഷം നൽകുക, വാഹനാപകടം സൃഷ്ടിക്കുക തുടങ്ങിയ പദ്ധതികൾ ആസൂത്രണം ചെയ്തെങ്കിലും ഒടുവിൽ വീടിന്റെ ശുചിമുറിയോട് ചേർന്ന ഭാഗത്തുനിന്നും അകത്തുകടന്നാണ് കൊലപാതകം നടത്തിയത്.

പതിമൂന്നുകാരിയും ആൺസുഹൃത്തും തമ്മിൽ നടത്തിയ വാട്സാപ്പ് ചാറ്റുകളും, പെൺകുട്ടി അയച്ചുനൽകിയ ലൊക്കേഷൻ വിവരങ്ങളും കേസിൽ നിർണ്ണായക തെളിവുകളായി മാറിയെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ ഹരിപ്പാട് തട്ടുകടയിൽ എത്തി ഭക്ഷണം കഴിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

കൊല്ലത്തുനിന്ന് ട്രെയിനിലാണ് പ്രതികൾ എത്തിയതെന്നും മടങ്ങിപ്പോയത് കെ.എസ്.ആർ.ടി.സി ബസ്സിലാണെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട ശിവൻകുട്ടിയിൽ നിന്ന് തനിക്ക് മോശം അനുഭവമുണ്ടായെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുള്ളതായി വ്യക്തമാക്കിയ പൊലീസ്, ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും അറിയിച്ചു.

സംശയത്തെ തുടർന്ന് പൊലീസ് പെൺകുട്ടിയുടെ ഫോൺ കസ്റ്റഡിയിലെടുത്തതും അതിലേക്ക് മറ്റ് പ്രതികളുടെ ഫോൺ കോളുകൾ വന്നതുമാണ് കേസിൽ പെട്ടെന്ന് വഴികാട്ടിയായത്. കേസിൽ മികച്ച അന്വേഷണം നടത്തിയ പൊലീസ് സംഘത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അഭിനന്ദിച്ചു.

**English Summary:**

Police in Alappuzha will apply to the Juvenile Justice Board to seek custody of the minor boys involved in the murder of 67-year-old Shivankutty in Karuvatta. The 13-year-old girl who plotted the crime with her male friend has been shifted to a Child Welfare Committee care home. Police revealed that the teens planned multiple ways to commit the murder inspired by movies. Crucial WhatsApp chats and location logs served as key evidence. Home Minister Ramesh Chennithala praised the police team for their swift action.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379273/karuvatta-shivakutty-murder-case-police-seek-custody-of-minor-boys)