---
title: "പിണറായിയുടെ മകൾ വീണയ്ക്ക് കോഴിക്കോട്ടും 'കമ്പനി';  10.94 ലക്ഷം രൂപയുടെ നിക്ഷേപം വെളിപ്പെടുത്തി   ഭർത്താവ് കൂടിയായ പി.എ. മുഹമ്മദ് റിയാസ്"
english_title: "Veena T Vijayan Starts New Firm Liquor India In Kozhikode, Riaz Declares 10.94 Lakh Investment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379267/veena-vijayan-liquor-india-company-kozhikode-riaz-investment"
published_at: "2026-08-20T07:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a865a2dc390d_veena-vijayan-liquor-india-company-kozhikode-riaz-investment.jpg"
keywords: ["Masappadi Case", "Veena Vijayan", "Pinarayi Vijayan", "PA Mohammed Riyas", "ED"]
---

# പിണറായിയുടെ മകൾ വീണയ്ക്ക് കോഴിക്കോട്ടും 'കമ്പനി';  10.94 ലക്ഷം രൂപയുടെ നിക്ഷേപം വെളിപ്പെടുത്തി   ഭർത്താവ് കൂടിയായ പി.എ. മുഹമ്മദ് റിയാസ്

> **Lead Summary:** **കോഴിക്കോട്: **ഇഡി വേട്ടയാടുന്നുവെന്ന് സിപിഐഎം ആരോപണങ്ങൾക്കിടെ പാർട്ടി പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണയ്ക്ക് കോഴിക്കോട്ടും 'കമ്പനി'. 10.94 ലക്ഷം രൂപയുടെ നിക്ഷേപം വെളിപ്പെടുത്തി ഭർത്താവ് കൂടിയായ പി.എ. മുഹമ്മദ് റിയാസ്

## Article Content

**കോഴിക്കോട്: **ഇഡി വേട്ടയാടുന്നുവെന്ന് സിപിഐഎം ആരോപണങ്ങൾക്കിടെ പാർട്ടി പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണയ്ക്ക് കോഴിക്കോട്ടും 'കമ്പനി'. 10.94 ലക്ഷം രൂപയുടെ നിക്ഷേപം വെളിപ്പെടുത്തി ഭർത്താവ് കൂടിയായ പി.എ. മുഹമ്മദ് റിയാസ്

ടി. വീണയുടെ ഉടമസ്ഥതയിലുള്ള ലേക്കർ ഇന്ത്യ കോർപിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് അടിമുടി ദുരൂഹത. കോഴിക്കോട് കേന്ദ്രീകരിച്ച് 2023ൽ ആരംഭിച്ച സ്ഥാപനമാണ് ലേക്കർ ഇന്ത്യ. രണ്ട് പേരുള്ള പാർട്നർഷിപ്പ് സ്ഥാപനത്തിൽ വീണ തന്നെയാണ് മാനേജിങ് പാർട്നർ. സ്ഥാപനത്തിന്റെ ഔദ്യോഗിക ഇടപാടുകൾ നടത്താനുള്ള പൂർണ ചുമതലയുള്ള ഓതറൈസ്ഡ് സിഗ്നേറ്ററിയും വീണയാണ്.

കോഴിക്കോട് സ്വദേശി അനീസ് കോടമ്പിയത്ത് അറയ്ക്കലാണ് സ്ഥാപനത്തിന്റെ മറ്റൊരു പാർട്നർ. ഇയാൾ സ്ഥാപനത്തിൽ തുല്യനിശ്ചിത പങ്കാളിത്തമുള്ള ഉടമയാണെങ്കിലും രേഖകൾ പ്രകാരം കൂടുതൽ അധികാരങ്ങൾ വീണയ്ക്കാണ്. സ്ഥാപനത്തിനുവേണ്ടി ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനും റിട്ടേൺ ഫയൽ ചെയ്യാനും സർക്കാർ വകുപ്പുകളിലെ രേഖകളിലും കരാറുകളിലും ഒപ്പിടാനുമുള്ള അധികാരവും വീണയ്ക്കാണ്.

എന്നാൽ, ഔദ്യോഗിക രേഖകൾ പ്രകാരം സ്ഥാപനത്തിന്റെ വിലാസം രേഖപ്പെടുത്തിയ സ്ഥലത്ത് ഓഫിസ് തുറന്ന് പ്രവർത്തിക്കുന്നതിന്റെ ലക്ഷണങ്ങളില്ല. ഇത്തരത്തിലൊരു സ്ഥാപനം ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നതായി പരിസരത്തുള്ളവർക്കും അറിയില്ല.

ഇടയ്ക്ക് ചിലർ വന്നുപോയതല്ലാതെ മറ്റ് ഇടപാടുകളൊന്നും കണ്ടിട്ടില്ലെന്ന് സമീപത്തുള്ളവർ പറയുന്നു. അതേസമയം, സ്ഥാപനത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജിഎസ്ടി വകുപ്പിൽ അടക്കം കൃത്യമായ നടപടികൾ നടക്കുന്നുണ്ട്. ജൂലൈ മാസം വരെയുള്ള റിട്ടേൺ സമർപ്പിച്ചിട്ടുണ്ട്. കൃത്യമായി പ്രവർത്തിക്കുന്ന ഓഫിസോ ജീവനക്കാരോ ഇല്ലാതെ, അടച്ചിട്ട മുറിയുടെ വിലാസത്തിൽ കടലാസിൽ മാത്രമാണോ സ്ഥാപനം പ്രവർത്തിക്കുന്നതെന്ന സംശയവും ഇതോടെ ഉയരുന്നു.

2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ മത്സരിക്കുന്നതിനായി വീണയുടെ ഭർത്താവ് കൂടിയായ പി.എ. മുഹമ്മദ് റിയാസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ലേക്കർ ഇന്ത്യയെക്കുറിച്ചുള്ള വിവരങ്ങളും നൽകിയിട്ടുണ്ട്. കമ്പനികളിലെ നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തേണ്ട ഭാഗത്താണ് ലേക്കർ ഇന്ത്യയിലെ 10.94 ലക്ഷം രൂപയുടെ നിക്ഷേപത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

വീണയുടെ മറ്റൊരു കമ്പനിയായ എക്സാലോജിക്കുമായി ബന്ധപ്പെട്ടുണ്ടായ മാസപ്പടി കേസിൽ ഇഡി അന്വേഷണത്തിനിടയിലാണ് ലേക്കർ ഇന്ത്യ എന്ന സ്ഥാപനത്തിൽ പങ്കാളിത്തമുണ്ടെന്ന വിവരം പുറത്തുവന്നത്.

**English Summary**

Amid ED probe into CPI(M) leaders, T. Veena, daughter of party politburo member and Leader of Opposition Pinarayi Vijayan, has launched a partnership firm 'Liquor India Corp' in Kozhikode in 2023. She is the managing partner and authorised signatory. The other partner is Kozhikode native Anees Kodambiyath Arakkal. While both have equal stakes, official records give more powers to Veena. Locals say no office functions at the registered address. In his 2026 election affidavit for Beypore, husband and former minister P.A. Mohammed Riyas declared a Rs 10.94 lakh investment in the firm. GST returns have been filed till July.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379267/veena-vijayan-liquor-india-company-kozhikode-riaz-investment)