---
title: "ടിക്‌ടോക്ക് താരം ഷംസോ ബിബി വെടിയേറ്റ് കൊല്ലപ്പെട്ടു; ടിക് ടോക്ക് താരത്തിന്റെ കൊലപാതകം കാർ തടഞ്ഞുനിർത്തി "
english_title: "Pakistani TikTok Star Shamso Bibi Shot Dead In Taxila"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379265/pakistan-tiktok-star-shamso-bibi-shot-dead-taxila"
published_at: "2026-08-20T06:44:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86550751ca8_pakistan-tiktok-star-shamso-bibi-shot-dead-taxila.jpg"
keywords: ["Pakistan TikTok Star", "Shamso Bibi Murder", "Shoot Death", "Murder Case"]
---

# ടിക്‌ടോക്ക് താരം ഷംസോ ബിബി വെടിയേറ്റ് കൊല്ലപ്പെട്ടു; ടിക് ടോക്ക് താരത്തിന്റെ കൊലപാതകം കാർ തടഞ്ഞുനിർത്തി 

> **Lead Summary:** **ഇസ്‌ലാമാബാദ്: **പാക്കിസ്ഥാനിലെ പ്രമുഖ ടിക്‌ടോക്ക് താരം ഷംസോ ബിബി എന്ന ആയിഷ ഗിലാമാന വെടിയേറ്റ് കൊല്ലപ്പെട്ടു. 28 വയസ്സുകാരിയായ ഷംസോ ബിബിയെ ഓഗസ്റ്റ് 14ന് ടാക്സിലയിൽ വച്ച് ബൈക്കിലെത്തിയ രണ്ടുപേർ ചേർന്ന് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.

## Article Content

**ഇസ്‌ലാമാബാദ്: **പാക്കിസ്ഥാനിലെ പ്രമുഖ ടിക്‌ടോക്ക് താരം ഷംസോ ബിബി എന്ന ആയിഷ ഗിലാമാന വെടിയേറ്റ് കൊല്ലപ്പെട്ടു. 28 വയസ്സുകാരിയായ ഷംസോ ബിബിയെ ഓഗസ്റ്റ് 14ന് ടാക്സിലയിൽ വച്ച് ബൈക്കിലെത്തിയ രണ്ടുപേർ ചേർന്ന് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.

സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട ഭീഷണികളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക സംശയം. സംഭവത്തിൽ ഷംസോ ബിബിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതി പ്രകാരം കാഷിഫ് എന്നയാൾ ഫോണിൽ വിളിച്ച് ഷംസോയെ പുറത്തേക്ക് വരാൻ ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം.

തുടർന്ന് സഹോദരിക്കും സഹോദരനുമൊപ്പം കാറിൽ വീട്ടിൽനിന്ന് പുറപ്പെട്ട ഷംസോ മാർക്കറ്റിന് സമീപം എത്തിയപ്പോൾ ബൈക്കിലെത്തിയ രണ്ടുപേർ വാഹനം തടഞ്ഞു. തുടർന്ന് അക്രമികൾ കാറിനുനേരെ വെടിയുതിർക്കുകയായിരുന്നു. കഴുത്തിലാണ് ഷംസോയ്ക്ക് വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ അവർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

വെടിവയ്പ്പിനിടെ നിയന്ത്രണം വിട്ട കാർ സമീപത്തുണ്ടായിരുന്ന ട്രക്കിൽ ഇടിച്ചതായും റിപ്പോർട്ടുണ്ട്. കാറിലുണ്ടായിരുന്ന ഷംസോയുടെ സഹോദരിക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ മൂന്ന്-നാല് വർഷമായി ടിക്‌ടോക്കിൽ സജീവമായിരുന്ന ഷംസോ ബിബിക്ക് ഏകദേശം 13 ലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്നു.

സോഷ്യൽ മീഡിയയിൽ വലിയ ആരാധകവൃന്ദമുള്ള താരത്തിന്റെ അപ്രതീക്ഷിത മരണം വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഷംസോയ്ക്ക് രണ്ട് പുരുഷന്മാർ പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായും ഇവരാകാം കൊലപാതകത്തിന് പിന്നിലെന്നും പിതാവ് പരാതിയിൽ ആരോപിച്ചിട്ടുണ്ട്.

സംഭവത്തിൽ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്തുന്നതിനും പ്രതികളുടെ പങ്ക് വ്യക്തമാക്കുന്നതിനുമായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

**English Summary:**

Pakistani TikTok influencer Shamso Bibi, also known as Ayesha Gilamani, was shot dead in Taxila on August 14. The 28-year-old was attacked by two men on a motorcycle who stopped her car. She was shot in the neck and died on the spot. Her sister was also seriously injured when the car lost control and hit a truck. Police said the attack may be linked to financial disputes, as her father alleged two men had threatened her over money. Four people have been arrested. Shamso had about 1.3 million followers and was active on TikTok for 3-4 years. CCTV footage of the incident has surfaced.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379265/pakistan-tiktok-star-shamso-bibi-shot-dead-taxila)