---
title: "കടൽത്തീരത്ത് ഇരിക്കവേ തിരയിൽപ്പെട്ടു; കൊല്ലം മുണ്ടയ്ക്കലിൽ രണ്ടുപേർ മരിച്ചു"
english_title: "Two Die After Being Swept By Waves At Kollam Mundakkal Beach"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379253/kollam-mundakkal-beach-two-die-wave-accident"
published_at: "2026-08-19T23:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85e9b56b3f2_kollam-mundakkal-beach-two-die-wave-accident.jpg"
keywords: ["Drowning", "Drowning Accident", "Mundakkal Beach"]
---

# കടൽത്തീരത്ത് ഇരിക്കവേ തിരയിൽപ്പെട്ടു; കൊല്ലം മുണ്ടയ്ക്കലിൽ രണ്ടുപേർ മരിച്ചു

> **Lead Summary:** കൊല്ലം: കൊല്ലം മുണ്ടയ്ക്കൽ പാപനാശത്ത് തിരയിൽപ്പെട്ട് പുരുഷനും സ്ത്രീയും മരിച്ചു. മടവൂർ പള്ളിക്കൽ സ്വദേശി ഒാമനക്കുട്ടൻ , പരവൂർ കുറുമണ്ടൽ പുഞ്ചിറക്കുളം സൂര്യാസിൽ ആർ. ലതിക എന്നിവരാണ് മരിച്ചത്.

## Article Content

കൊല്ലം: കൊല്ലം മുണ്ടയ്ക്കൽ പാപനാശത്ത് തിരയിൽപ്പെട്ട് പുരുഷനും സ്ത്രീയും മരിച്ചു. മടവൂർ പള്ളിക്കൽ സ്വദേശി ഒാമനക്കുട്ടൻ , പരവൂർ കുറുമണ്ടൽ പുഞ്ചിറക്കുളം സൂര്യാസിൽ ആർ. ലതിക എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ട് മൂന്നിനായിരുന്നു അപകടം. ഈ ഭാഗത്തെ പുലിമുട്ടുകൾക്ക് ഇടയിലുള്ള മണൽപ്പരപ്പിൽ ഇരുന്നിരുന്ന ഇരുവരുടെയും മേൽ ശക്തിയായി അടിച്ചു കയറിയ തിരമാലയിൽ അവർ വീണു പോയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അപകടസമയത്ത് ഇരുവരും ഇരുന്ന ഭാഗത്ത് മറ്റാരും ഇല്ലായിരുന്നതിനാൽ സംഭവം ഉടൻ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളായ യുവാക്കളാണ് കടലിൽ വീണ ഇരുവരെയും കരയ്ക്ക് കയറ്റിയത്.

ഉടൻ സിപിആർ നൽകിയ ശേഷം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവസ്ഥലത്ത് ഇവർ വന്ന ബൈക്ക് റോഡരികിൽ നിർത്തിയിട്ടിരിക്കുന്നതായി കണ്ടെത്തി.

ബൈക്കിലുണ്ടായിരുന്ന ബാഗിൽ ഓണത്തിനുള്ള വസ്ത്രങ്ങളും ഇരുവരുടെയും മൊബൈൽ ഫോണുകളും ഉണ്ടായിരുന്നു. ഫോണുകളിലെ നമ്പറുകളിലേക്ക് വിളിച്ചാണ് ഈസ്റ്റ് പൊലീസ് ബന്ധുക്കളെ വിവരം അറിയിച്ചത്. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടസമയത്ത് തീരത്ത് കടലിന് ശക്തിയുണ്ടായിരുന്നതായും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പുലിമുട്ടുകൾക്ക് സമീപം ആളുകൾ പോകുന്നത് അപകടകരമാണെന്നും നാട്ടുകാർ പറഞ്ഞു.

**English Summary:**

A man and a woman died after being swept by waves at Mundakkal beach in Kollam on Wednesday at 3 PM. The deceased are Oomanakuttan, 50, of Madavoor Pallikkal and R. Lathika, 50, of Paravur Kurumandal. They were reportedly sitting near groynes when a strong wave hit. Locals rescued them and gave CPR, but they died at District Hospital. Their bike with Onam clothes and mobile phones was found nearby. East Police have registered a case.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379253/kollam-mundakkal-beach-two-die-wave-accident)