---
title: "കോഴിക്കോട്–ദുബായ് സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി; പ്രതിഷേധിച്ച് യാത്രക്കാർ: ജീവനക്കാരുമായി ഉന്തും തള്ളും"
english_title: "SpiceJet Dubai Flight Cancelled At Calicut Airport, Passengers Protest Over Delay In Notice"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379245/spicejet-dubai-flight-cancelled-calicut-airport-protest"
published_at: "2026-08-19T21:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85cfff325c5_spicejet-dubai-flight-cancelled-calicut-airport-protest.jpg"
keywords: ["Calicut Airport", "Dubai Flight", "Flight Cancellation", "Passenger Protest", "SpiceJet"]
---

# കോഴിക്കോട്–ദുബായ് സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി; പ്രതിഷേധിച്ച് യാത്രക്കാർ: ജീവനക്കാരുമായി ഉന്തും തള്ളും

> **Lead Summary:** കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കുള്ള സ്പൈസ്‌ജെറ്റ് വിമാനം റദ്ദാക്കിയതിൽ വിവരം അറിയിക്കാൻ വൈകിയെന്നാരോപിച്ച് യാത്രക്കാർ പ്രതിഷേധിച്ചു. ഇന്ന് വൈകിട്ട് 6.40-ന് പുറപ്പെടേണ്ടിയിരുന്ന സർവീസാണ് റദ്ദാക്കിയത്.

## Article Content

കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കുള്ള സ്പൈസ്‌ജെറ്റ് വിമാനം റദ്ദാക്കിയതിൽ വിവരം അറിയിക്കാൻ വൈകിയെന്നാരോപിച്ച് യാത്രക്കാർ പ്രതിഷേധിച്ചു. ഇന്ന് വൈകിട്ട് 6.40-ന് പുറപ്പെടേണ്ടിയിരുന്ന സർവീസാണ് റദ്ദാക്കിയത്.

വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് റദ്ദാക്കിയ വിവരം യാത്രക്കാർ അറിഞ്ഞത്. വാക്കുതർക്കത്തിനു പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായതായും വിവരമുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയും ഇതേ ദുബായ് സർവീസ് റദ്ദാക്കിയിരുന്നു.

അന്നത്തെ യാത്രക്കാരെ ഇന്നലെ കൊണ്ടുപോകുമെന്ന് സ്പൈസ്‌ജെറ്റ് അധികൃതർ അറിയിച്ചിരുന്നെങ്കിലും അതും നടന്നില്ല. പകരം ടിക്കറ്റ് റീഫണ്ട് ചെയ്തു നൽകുമെന്നാണ് പിന്നീട് അറിയിച്ചിരുന്നത്.

എന്നിട്ടും ഇന്ന് വൈകിട്ടത്തെ വിമാനത്തിനായി മുഴുവൻ യാത്രക്കാരും കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ശേഷമാണ് സർവീസ് റദ്ദാക്കിയ വിവരം അറിയിച്ചതെന്നാണ് യാത്രക്കാരുടെ പരാതി. സർവീസ് പ്രശ്നങ്ങൾ മുൻകൂട്ടി അറിയാമായിരുന്നിട്ടും യാത്രക്കാരെ സ്പൈസ്‌ജെറ്റ് അധികൃതർ പ്രയാസപ്പെടുത്തിയെന്ന ആക്ഷേപമാണ് യാത്രക്കാർ ഉയർത്തുന്നത്.

തിങ്കളാഴ്ച റദ്ദാക്കിയ സർവീസിന്റെ യാത്രക്കാർക്ക് ബദൽ ക്രമീകരണം ഒരുക്കുമെന്ന ഉറപ്പ് ലഭിച്ചിരുന്നതായും എന്നാൽ അത് പാലിക്കപ്പെട്ടില്ലെന്നും യാത്രക്കാർ പറയുന്നു. റീഫണ്ട് സംബന്ധിച്ച അറിയിപ്പ് മാത്രമാണ് പിന്നീട് ലഭിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ ടിക്കറ്റ് എടുത്തോ മറ്റ് മാർഗങ്ങൾ നോക്കിയോ യാത്ര ചെയ്യാനുള്ള അവസരം നഷ്ടമായെന്നും അവർ ആരോപിച്ചു. ഇന്ന് വിമാനത്താവളത്തിലെത്തിയപ്പോൾ മാത്രമാണ് സർവീസ് റദ്ദാക്കിയ കാര്യം അറിയിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്.

വിവരം സമയബന്ധിതമായി അറിയിക്കാത്തത് മൂലം ജോലി, കുടുംബപരമായ ആവശ്യങ്ങൾ എന്നിവയ്ക്ക് തടസ്സം നേരിട്ടതായും യാത്രക്കാർ ചൂണ്ടിക്കാട്ടി. പ്രതിഷേധം രൂക്ഷമായതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി.

**English Summary:**

A SpiceJet flight from Calicut Airport to Dubai scheduled for 6:40 pm today was cancelled. Passengers protested at the airport alleging they were informed only after arriving. A similar cancellation occurred last Monday, with a promised rescheduling the next day that did not happen. Passengers alleged SpiceJet authorities caused hardship despite knowing about service issues in advance, leading to arguments and pushing with staff.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379245/spicejet-dubai-flight-cancelled-calicut-airport-protest)