---
title: "വീണ വിജയനെതിരെ ഇഡിയുടെ കൂടുതൽ കണ്ടെത്തലുകൾ; ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു, ഹവാല ഇടപാടിന് തെളിവ്"
english_title: "ED Claims Veena Vijayan Sent 85 Lakh To Dubai, Found Hawala Evidence In Diary"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379244/ed-claims-veena-vijayan-sent-85-lakh-dubai-hawala"
published_at: "2026-08-19T21:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6577d29625f_exalogic-cmrl-case-ed-veena-vijayan-45-lakh-advance.jpg"
keywords: ["Masappadi Case", "CMRL Case", "ED", "Veena Vijayan"]
---

# വീണ വിജയനെതിരെ ഇഡിയുടെ കൂടുതൽ കണ്ടെത്തലുകൾ; ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു, ഹവാല ഇടപാടിന് തെളിവ്

> **Lead Summary:** തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കൂടുതൽ കണ്ടെത്തലുകൾ. വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽനിന്ന് കിട്ടിയെന്നും ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു.

## Article Content

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കൂടുതൽ കണ്ടെത്തലുകൾ. വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽനിന്ന് കിട്ടിയെന്നും ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു.

വീണ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്നും ഇഡിയുടെ നിലപാടാണ്. വരുമാനത്തേക്കാൾ കൂടുതൽ തുകയുടെ ഇടപാടുകൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ടെന്ന് ഇഡി പറയുന്നു.

കൂടാതെ, ഇന്റർനെറ്റ് കോളുകൾക്ക് വേണ്ടി മറ്റൊരു വ്യക്തിയുടെ പേരിലുള്ള സിം സംഘടിപ്പിച്ചിരുന്നുവെന്ന് സംശയിക്കുന്നതായും ഇഡി അറിയിച്ചു. മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് മെയ് മാസം 27ന് വീണയുടെയും സിഎംആർഎൽ പ്രൊമോട്ടർമാരുടെയും കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തലുകൾ ഉണ്ടായതെന്ന് ഇഡി വ്യക്തമാക്കി.

മെയ് മാസം നടത്തിയ പരിശോധനയിൽ വീണയുടെ കൈപ്പടയിലുള്ള ഡയറിയിൽനിന്ന് ചില വിവരങ്ങൾ കണ്ടെത്തിയതായാണ് ഇഡിയുടെ അവകാശവാദം. പണം കൈകാര്യം ചെയ്ത വ്യക്തികളുടെ പേരുകൾ, ചെലവഴിച്ച തുകകൾ, ദുബായിലേക്ക് മാറ്റിയ തുക തുടങ്ങിയ വിവരങ്ങൾ ഡയറിയിൽ അടങ്ങിയിട്ടുണ്ടായിരുന്നുവെന്ന് ഇഡി പറയുന്നു.

ദുബായ് കറൻസിയായ ദിർഹം, ഇന്ത്യൻ രൂപ എന്നിവയിലുള്ള സാമ്പത്തിക വിവരങ്ങളാണ് ഡയറിയിൽ ഉണ്ടായിരുന്നതെന്നും ഇഡിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. ഇഡിയുടെ കണ്ടെത്തൽ പ്രകാരം വീണ ദുബായിലേക്ക് 3.49 ലക്ഷം ദിർഹം അതായത് 85 ലക്ഷം രൂപ അയച്ചു.

വീണയിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ, വൈഫൈ റൂട്ടറിൽ ഉപയോഗിക്കുന്നതിനായി മറ്റൊരു വ്യക്തിയുടെ പേരിൽ എടുത്ത സിം കാർഡിന്റെ ചിത്രവും ഉണ്ടായിരുന്നതായി ഇഡി പറയുന്നു. ഇന്റർനെറ്റ് കോളുകൾ വഴിയുള്ള ആശയവിനിമയങ്ങൾക്കായി ഈ സിമ്മും വൈഫൈ റൂട്ടറും അവർ മറ്റൊരു വ്യക്തിയുടെ പേരിൽ സംഘടിപ്പിച്ചതാണെന്നാണ് ഇഡിയുടെ സംശയം.

ഹവാല ചാനലുകൾ വഴി പണം കൈമാറിയതുമായി ബന്ധപ്പെട്ട തെളിവുകളും കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ നിലപാട്. വീണയുടെ ഡയറിയിൽ പേരുണ്ടായിരുന്ന എല്ലാ വ്യക്തികളെയും, സിം കാർഡ് നൽകിയ വ്യക്തിയെയും പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഇഡി അറിയിച്ചു.

വീണ വരുമാന സ്രോതസ്സുകൾക്കും അപ്പുറത്തുള്ള തുക കൈകാര്യം ചെയ്തിരുന്നതായി ഇവ വ്യക്തമാക്കുന്നുവെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇഡി അറിയിച്ചു.

**English Summary:**

The Enforcement Directorate has made new findings against Veena Vijayan, daughter of opposition leader Pinarayi Vijayan. According to an ED statement, documents in Veena's diary show she sent 3.49 lakh dirhams, about 85 lakh rupees, to Dubai. ED alleges evidence of hawala transactions and transactions beyond her known income sources. A SIM card taken in another person's name was also found on her digital devices, which ED suspects was used for internet calls. The findings were made during searches on May 27 related to the monthly payment case.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379244/ed-claims-veena-vijayan-sent-85-lakh-dubai-hawala)