---
title: "ഞെട്ടിക്കുന്ന ക്രൂരത...!  പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി പിതാവ്, നവജാതശിശുവിനെ വിറ്റു; എട്ടുപേർ അറസ്റ്റിൽ"
english_title: "Father And 7 Others Arrested In Chhattisgarh For Selling Newborn After Abuse"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379232/chhattisgarh-father-arrested-selling-newborn-minor-daughter-case"
published_at: "2026-08-19T19:16:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85b440a12f4_chhattisgarh-father-arrested-selling-newborn-minor-daughter-case.jpg"
keywords: ["Rape Case", "Child Abuse", "Crime News"]
---

# ഞെട്ടിക്കുന്ന ക്രൂരത...!  പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി പിതാവ്, നവജാതശിശുവിനെ വിറ്റു; എട്ടുപേർ അറസ്റ്റിൽ

> **Lead Summary:** റായ്പൂർ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി വ്യാജരേഖകൾ കാണിച്ച് പ്രസവിപ്പിച്ച ശേഷം നവജാതശിശുവിനെ വിറ്റ കേസിൽ പിതാവും കൂട്ടാളികളും അറസ്റ്റിൽ. ഛത്തീസ്ഗഢ് റായ്പൂരിലാണ് സംഭവം.

## Article Content

റായ്പൂർ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി വ്യാജരേഖകൾ കാണിച്ച് പ്രസവിപ്പിച്ച ശേഷം നവജാതശിശുവിനെ വിറ്റ കേസിൽ പിതാവും കൂട്ടാളികളും അറസ്റ്റിൽ. ഛത്തീസ്ഗഢ് റായ്പൂരിലാണ് സംഭവം.

റായ്പൂർ ന്യൂ രാജേന്ദ്ര നഗർ പോലീസ് പെൺകുട്ടിയുടെ അച്ഛൻ, പിതൃസഹോദരി, നഴ്‌സുമാർ ഉൾപ്പെടെ എട്ടുപേരെ അറസ്റ്റ് ചെയ്തു.പോലീസിന്റെ പ്രാഥമിക വിവരമനുസരിച്ച് 16കാരിയായ പെൺകുട്ടി 2023 മുതൽ അച്ഛന്റെ നിരന്തര പീഡനത്തിന് ഇരയായിരുന്നു.

വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം നടത്തിയതെന്ന് പോലീസ് പറയുന്നു. ആദ്യതവണ ഗർഭിണിയായപ്പോൾ അച്ഛനും പിതൃസഹോദരിയും ചേർന്ന് നിർബന്ധിച്ച് ഗർഭച്ഛിദ്ര ഗുളികകൾ നൽകി അലസിപ്പിച്ചതായും പോലീസ് അറിയിച്ചു.

2025ൽ വീണ്ടും ഗർഭിണിയായതോടെ പെൺകുട്ടിയെ അച്ഛൻ വർഷ മണ്ഡൽ എന്ന നഴ്‌സിന്റെ അടുത്തേക്ക് മാറ്റി. തുടർന്ന് നഴ്‌സായ ഗീതാ റായിയുടെ വീട്ടിൽ ഒമ്പത് മാസത്തോളം അടച്ചിട്ട മുറിയിൽ പാർപ്പിച്ചു.

പെൺകുട്ടി മുതിർന്നയാളാണെന്നും വിവാഹിതയാണെന്നും വരുത്തിത്തീർക്കാൻ വ്യാജ ആധാർ കാർഡും മറ്റ് രേഖകളും ചമച്ച് റായ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയിലൂടെ പെൺകുട്ടി ആൺകുഞ്ഞിന് ജന്മം നൽകിയ ഉടൻ തന്നെ, ഡോക്ടറുടെയും അച്ഛന്റെയും ഒത്താശയോടെ നവജാതശിശുവിനെ മറ്റൊരാൾക്ക് വിറ്റതായും പോലീസ് കണ്ടെത്തി.

പ്രസവത്തിന് ശേഷം വീണ്ടും പ്രതികളുടെ സംരക്ഷണത്തിൽ കഴിഞ്ഞിരുന്ന പെൺകുട്ടി, സമൂഹ മാധ്യമം വഴി രഹസ്യമായി അമ്മയെ ബന്ധപ്പെട്ട് വിവരങ്ങൾ അറിയിക്കുകയായിരുന്നു. തുടർന്ന് അമ്മയോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

ബലാത്സംഗം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

**English Summary:**

Eight people including the father were arrested in Raipur, Chhattisgarh for allegedly abusing a 16-year-old girl, making her pregnant, delivering the baby using fake documents and selling the newborn. As per police, the abuse began in 2023. The girl secretly contacted her mother via social media and filed a complaint. Cases under rape, conspiracy, forgery and JJ Act have been registered.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379232/chhattisgarh-father-arrested-selling-newborn-minor-daughter-case)