---
title: "മാഷേ പറ്റിക്കപ്പെട്ടല്ലോ  ....? ഇൻഷുറൻസ് പോളിസി പുതുക്കാം എന്ന് പറഞ്ഞ് വ്യാജ കോൾ; റിട്ട. അധ്യാപകന് നഷ്ടപ്പെട്ടത് ഒരു ലക്ഷം രൂപ"
english_title: "Retired Teacher Loses Rs 1 Lakh In Fake Insurance Policy Renewal Fraud In Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379215/thiruvananthapuram-fake-insurance-fraud-retired-teacher-loses-1-lakh"
published_at: "2026-08-19T16:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85944145e07_thiruvananthapuram-fake-insurance-fraud-retired-teacher-loses-1-lakh.jpg"
keywords: ["Insurance Fraud", "Cyber Crime", "Fake Call", "Kerala Police"]
---

# മാഷേ പറ്റിക്കപ്പെട്ടല്ലോ  ....? ഇൻഷുറൻസ് പോളിസി പുതുക്കാം എന്ന് പറഞ്ഞ് വ്യാജ കോൾ; റിട്ട. അധ്യാപകന് നഷ്ടപ്പെട്ടത് ഒരു ലക്ഷം രൂപ

> **Lead Summary:** **തിരുവനന്തപുരം: **കാലാവധി കഴിഞ്ഞ ഇൻഷുറൻസ് പോളിസി പുതുക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് റിട്ടയേർഡ് കോളേജ് അധ്യാപകന്റെ ഒരു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം വലിയവിള സ്വദേശിയും റിട്ട. കോളേജ് അധ്യാപകനുമായ ഡോ. അനിൽ കുമാറിന്റെ ഒരു ലക്ഷം രൂപയാണ് വ്യാജ ഫോൺ കോളിലൂടെ നഷ്ടമായത്.

## Article Content

**തിരുവനന്തപുരം: **കാലാവധി കഴിഞ്ഞ ഇൻഷുറൻസ് പോളിസി പുതുക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് റിട്ടയേർഡ് കോളേജ് അധ്യാപകന്റെ ഒരു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം വലിയവിള സ്വദേശിയും റിട്ട. കോളേജ് അധ്യാപകനുമായ ഡോ. അനിൽ കുമാറിന്റെ ഒരു ലക്ഷം രൂപയാണ് വ്യാജ ഫോൺ കോളിലൂടെ നഷ്ടമായത്.

ഐസിഐസിഐ പ്രുഡൻഷ്യൽ ഇൻഷുറൻസ് കമ്പനിയുടെ പേരുപറഞ്ഞായിരുന്നു തട്ടിപ്പ്. റോഷ്നി ശർമ എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതിയാണ് ആദ്യം ഫോണിൽ ബന്ധപ്പെട്ടതെന്ന് പരാതിക്കാരൻ പറയുന്നു. 2017ൽ എടുത്ത പോളിസി ലാപ്‌സായെന്നും അത് പുതുക്കാൻ അവസരമുണ്ടെന്നും അവർ വിശ്വസിപ്പിച്ചു. തുടർന്ന് അനുരാധ ജെയ്ൻ എന്ന ഉദ്യോഗസ്ഥയുടെ നമ്പർ നൽകുകയും ഐആർഡിഎഐയുടെ സ്ഥിരീകരണം ആവശ്യമാണെന്ന് അറിയിക്കുകയും ചെയ്തു.

പോളിസി പുതുക്കുന്നതിന് രണ്ട് പ്രീമിയം തുകയായ ഒരു ലക്ഷം രൂപ പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടു. ഐസിഐസിഐ ബാങ്കിന്റെ ചിഹ്നവും വിവരങ്ങളും അടങ്ങിയ ലെറ്റർപാഡും വ്യാജ വാട്‌സ്ആപ്പ് പ്രൊഫൈലുകളും കാണിച്ചാണ് തട്ടിപ്പുകാർ വിശ്വാസ്യത സൃഷ്ടിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇതു വിശ്വസിച്ച് പരാതിക്കാരൻ വഴുതക്കാട് ബ്രാഞ്ചിൽ നിന്ന് തുക കൈമാറി.

പിന്നീട് സുഹൃത്തുമായി സംസാരിച്ചപ്പോഴാണ് താൻ തട്ടിപ്പിനിരയായ വിവരം ഡോ. അനിൽ കുമാർ തിരിച്ചറിഞ്ഞത്. തുടർന്ന് സൈബർ പൊലീസിന് പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപരിചിത നമ്പറുകളിൽ നിന്നുള്ള ഇൻഷുറൻസ്, ബാങ്ക് കോളുകൾ വിശ്വസിക്കരുതെന്നും സംശയം തോന്നുന്ന പക്ഷം ബന്ധപ്പെട്ട കമ്പനിയുടെ ഔദ്യോഗിക നമ്പറിൽ ബന്ധപ്പെട്ട് സ്ഥിരീകരണം നടത്തണമെന്നും സൈബർ പൊലീസ് മുന്നറിയിപ്പ് നൽകി.

**English Summary**

A retired college teacher from Valiyavila, Thiruvananthapuram, Dr. Anil Kumar, lost Rs 1 lakh to fraudsters who posed as ICICI Prudential Insurance officials. The caller, identifying herself as Roshni Sharma, claimed his 2017 policy had lapsed and could be renewed. She then provided another contact, Anuradha Jain, and asked him to transfer two premium amounts totaling Rs 1 lakh to a Punjab National Bank account, citing IRDAI approval. Using fake letterheads and WhatsApp profiles with ICICI branding, the fraudsters gained his trust. After realizing the scam following a discussion with a friend, Dr. Anil Kumar filed a complaint with Cyber Police, who have registered a case and started investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379215/thiruvananthapuram-fake-insurance-fraud-retired-teacher-loses-1-lakh)