---
title: "അരുംകൊലയ്ക്ക് അഴികൾ തന്നെ ....! സ്ത്രീധനത്തിനായി ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ചാക്കിലൊതുക്കി; ഭർത്താവിന് ജീവപര്യന്തം തടവ്"
english_title: " Bihar Court Sentences Man To Life Imprisonment For Dowry Murder Of Wife"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379203/bihar-man-life-imprisonment-dowry-murder-wife"
published_at: "2026-08-19T15:44:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85823320cfe_bihar-man-life-imprisonment-dowry-murder-wife.jpg"
keywords: ["Murder Case", "Dowry Murder", "Life Imprisonment", "Court Verdict"]
---

# അരുംകൊലയ്ക്ക് അഴികൾ തന്നെ ....! സ്ത്രീധനത്തിനായി ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ചാക്കിലൊതുക്കി; ഭർത്താവിന് ജീവപര്യന്തം തടവ്

> **Lead Summary:** **ചമ്പാരൻ: സ്ത്രീ**ധനമായി എരുമയും മോട്ടോർ സൈക്കിളും നൽകിയില്ല എന്ന കാരണത്താൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ് വിധിച്ച് ബീഹാർ കോടതി. പശ്ചിമ ചമ്പാരൻ സ്വദേശിയായ റീനാ ദേവിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ സുഭാഷ് യാദവിന് ബഗഹ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.

## Article Content

**ചമ്പാരൻ: സ്ത്രീ**ധനമായി എരുമയും മോട്ടോർ സൈക്കിളും നൽകിയില്ല എന്ന കാരണത്താൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ് വിധിച്ച് ബീഹാർ കോടതി. പശ്ചിമ ചമ്പാരൻ സ്വദേശിയായ റീനാ ദേവിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ സുഭാഷ് യാദവിന് ബഗഹ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.

2020 ജൂലൈ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ത്രീധനത്തെച്ചൊല്ലി ഇരുവർക്കുമിടയിൽ വാക്കേറ്റമുണ്ടായതായും, അതിനിടെ സുഭാഷ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിനായി പ്രതി ഭാര്യയുടെ മൃതദേഹം മൂന്ന് കഷ്ണങ്ങളാക്കി മുറിച്ച് വെവ്വേറെ ചാക്കുകളിലാക്കി ഉപേക്ഷിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി കോടതി രേഖകളിൽ പറയുന്നു.

റീനാ ദേവിയുടെ മാതാവ് മഞ്ജു ദേവി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ധനഹ പോലീസ് ആദ്യം കേസെടുത്തത്. മകളെ കാണാനില്ലെന്ന് കാണിച്ചായിരുന്നു പരാതി. ഒരു മോട്ടോർ സൈക്കിളും എരുമയും സ്ത്രീധനമായി നൽകണമെന്ന ആവശ്യത്തെച്ചൊല്ലി ദമ്പതികൾക്കിടയിൽ നിരന്തരമായ തർക്കങ്ങൾ നിലനിന്നിരുന്നതായി മഞ്ജു ദേവി പോലീസിനെ അറിയിച്ചതായും അന്വേഷണ റിപ്പോർട്ടിൽ ഉണ്ട്.

തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സുഭാഷ് യാദവിനെ പൊലീസ് പിടികൂടിയത്. കേസ് വിചാരണ ചെയ്ത കോടതി ഐപിസി 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. തെളിവ് നശിപ്പിച്ചതിന് ഐപിസി 201-ാം വകുപ്പ് പ്രകാരം ഏഴ് വർഷം തടവും 25,000 രൂപ പിഴയും കൂടി വിധിച്ചു.

ഇരുവരുടെയും രണ്ട് കുട്ടികളുടെ സംരക്ഷണവും കോടതി പരിഗണിച്ചു. കുട്ടികളുടെ സംരക്ഷണത്തിനായി പ്രതിമാസം 4,000 രൂപ വീതം ഓരോ കുട്ടിക്കും സാമ്പത്തിക സഹായം നൽകാൻ ബീഹാർ സർക്കാരിനോട് കോടതി ഉത്തരവിട്ടു.

**English Summary **

A Bihar court has sentenced Subhash Yadav to life imprisonment for murdering his wife Reena Devi over dowry demands. The Bagaha Additional District and Sessions Court also imposed a fine of Rs 1 lakh. The incident occurred on July 30, 2020, in West Champaran. According to the prosecution, Yadav killed Reena during a dispute over dowry and later dismembered her body into three parts to destroy evidence. Based on a complaint by Reena's mother Manju Devi, police registered the case and arrested Yadav. The court also ordered the Bihar government to provide Rs 4,000 per month to each of the couple’s two children for their upkeep.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379203/bihar-man-life-imprisonment-dowry-murder-wife)