---
title: "'ഓരോ വാര്‍ത്തയ്ക്കും മറുപടി പറയാനില്ല, പ്രചരിക്കുന്നതെല്ലാം അടിസ്ഥാനരഹിതമാണ്'; ഇഡി റെയ്ഡില്‍ ഒന്നും  ലഭിച്ചിട്ടില്ലെന്ന് പി എ മുഹമ്മദ് റിയാസ്"
english_title: "CMRL Exalogic Case ED Raid Found Nothing Says PA Mohammed Riyas"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379155/cmrl-exalogic-ed-raid-p-a-mohammed-riyas-response"
published_at: "2026-08-19T11:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8547acd1e7d_cmrl-exalogic-ed-raid-p-a-mohammed-riyas-response.jpg"
keywords: ["Masappadi Case", "CMRL Case", "ED Raid", "PA Mohammed Riyas", "Veena Vijayan"]
---

# 'ഓരോ വാര്‍ത്തയ്ക്കും മറുപടി പറയാനില്ല, പ്രചരിക്കുന്നതെല്ലാം അടിസ്ഥാനരഹിതമാണ്'; ഇഡി റെയ്ഡില്‍ ഒന്നും  ലഭിച്ചിട്ടില്ലെന്ന് പി എ മുഹമ്മദ് റിയാസ്

> **Lead Summary:** **കോഴിക്കോട്: **സിഎംആര്‍എല്‍ - എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പ്രചരിക്കുന്നതെല്ലാം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

**കോഴിക്കോട്: **സിഎംആര്‍എല്‍ - എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പ്രചരിക്കുന്നതെല്ലാം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വീണയുമായി ബന്ധപ്പെട്ട നിയമപരമായ നടപടികളുടെ ഭാഗമായി നടന്ന പല കാര്യങ്ങളോടും ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ തന്റെ സുഹൃത്തുക്കളെ അടക്കം വേട്ടയാടാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

> "വീണ സ്വതന്ത്ര വ്യക്തിയാണ്. അവര്‍ക്ക് ബിസിനസ് നടത്തുന്നതിന് പ്രശ്നങ്ങളില്ല. എന്നാല്‍ ഇന്നലെ റെയ്ഡ് നടന്നത് എന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട ഇടങ്ങളിലാണ്" എന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ദീര്‍ഘകാലമായി ബിസിനസ് നടത്തുന്നവരാണ് തന്റെ സുഹൃത്തുക്കളെന്നും താന്‍ പാര്‍ലമെന്ററി രംഗത്ത് വരുന്നതിന് മുമ്പ് മുതലുള്ള ബന്ധമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണം തന്നിലേക്ക് നീളുന്നതില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലേക്കര്‍ ഇന്ത്യ എന്നൊരു സ്ഥാപനമുണ്ടെന്നും തന്റെ നോമിനേഷന്‍ പത്രികയില്‍ അതിന്റെ വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ടെന്നും റിയാസ് പറഞ്ഞു. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് അതെന്നും അദ്ദേഹം അറിയിച്ചു. വീണയുടെ ബിസിനസില്‍ രാഷ്ട്രീയ ബന്ധം ഉപയോഗിച്ചോ എന്നതാണ് ചോദ്യമെങ്കില്‍ അതിനെ കുറിച്ച് കൃത്യമായ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓരോ വാര്‍ത്തയ്ക്കും മറുപടി പറയാനില്ലെന്നും വിഷയത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.ഇഡി റെയ്ഡ് നടന്ന സ്ഥാപനങ്ങളുടെ ഉടമകളായ നിഖിലും മറ്റുള്ളവരും കുടുംബ സുഹൃത്തുക്കളും അടുത്ത സുഹൃത്തുക്കളുമാണെന്ന് റിയാസ് പറഞ്ഞു. അവരുമായുള്ള ബന്ധം ജീവിതകാലം മുഴുവന്‍ തുടരും. രാഷ്ട്രീയവും അതേ നിലയില്‍ തുടരും. വിഷയത്തെ രാഷ്ട്രീയമായി നേരിടാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. ഇഡിയുടെ ഫോക്കസ് പിണറായിയില്‍ നിന്ന് തന്നിലേക്ക് വരുന്നതില്‍ ഭയമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ചില മാധ്യമ സ്ഥാപനങ്ങള്‍ ലേക്കര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് അനാവശ്യ ഇടപെടല്‍ നടത്തിയെന്ന് വിമര്‍ശിച്ച അദ്ദേഹം, ഇഡി അന്വേഷിച്ച കേസുകളിലും അതില്‍ തെളിഞ്ഞ കേസുകളുടെ എണ്ണത്തിലും വ്യക്തതയുണ്ടെന്ന് പറഞ്ഞു. ബിജെപി ഇഡിയെ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് വ്യക്തമാണെന്നും എന്നാല്‍ കോണ്‍ഗ്രസിനെയും ലീഗിനെയും പോലെ ഇഡി എന്ന് കേള്‍ക്കുമ്പോള്‍ ഓടി ഒളിക്കുന്നവരല്ല തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തെ രാഷ്ട്രീയമായി നേരിടാന്‍ തന്നെയാണ് സിപിഐഎമ്മിന്റെയും തീരുമാനമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടി നേതാക്കളുമായി ബന്ധമുള്ളവരുടെ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് നടത്തി സിപിഐഎമ്മിനെ വേട്ടയാടാനാണ് ശ്രമെന്നും അദ്ദേഹം ആരോപിച്ചു. വലിയ തോതിലുള്ള കൊള്ള ബിജെപി നടത്തുമ്പോള്‍ നടപടിയെടുക്കാതെ സിപിഐഎമ്മിനെ വേട്ടയാടാനാണ് ഇഡി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, സിഎംആര്‍എല്‍ - എക്സാലോജിക് കേസില്‍ വീണ ടിക്ക് ബന്ധമുള്ള ലേക്കര്‍ ഇന്ത്യ കോര്‍പ്പറേഷന്‍ ഷെല്‍ കമ്പനിയാണെന്ന സൂചന പുറത്തുവന്നിട്ടുണ്ട്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നുവെന്ന് പറയുന്ന കമ്പനിക്ക് ഓഫീസില്ലെന്നാണ് വിവരം. 2023-ല്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ മേല്‍വിലാസത്തിലും ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കമ്പനിയെന്നാണ് രേഖകളിലുള്ളത്. കമ്പനിയുടെ മറ്റൊരു പാര്‍ട്ട്ണറായ അനീസ് കൊടമ്പിയാത്ത് അറക്കലിനെ വിശദമായി ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. ലേക്കര്‍ ഇന്ത്യ കോര്‍പ്പറേഷന്റെ അക്കൗണ്ടിലെ 15.57 ലക്ഷം രൂപ ഇഡി നേരത്തെ മരവിപ്പിച്ചിരുന്നു.

**English Summary:**

CPIM state secretariat member PA Mohammed Riyas said nothing was found in the ED raid related to the CMRL-Exalogic financial deal case. He alleged the raids targeted his long-time friends and business associates, not himself. Riyas stated that Veena is an independent business person and his company Laker India was declared in his nomination. CPIM state secretary MV Govindan also alleged that the ED is targeting CPIM leaders. Reports suggest Laker India Corporation, linked to Veena, may be a shell company. The ED had earlier frozen Rs 15.57 lakh from its account.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379155/cmrl-exalogic-ed-raid-p-a-mohammed-riyas-response)