---
title: "കുഞ്ഞ് ജീവൻ വെച്ചാണോ കളി?  ഉപ്പിന് പകരം ഡിറ്റർജന്റ് നൽകി....! ബിഹാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച് നാപ്പതോളം കുട്ടികൾ ആശുപത്രിയിൽ"
english_title: "Bihar School Mid Day Meal Detergent Instead Of Salt 40 Students Hospitalized"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379153/bihar-nalanda-school-detergent-midday-meal"
published_at: "2026-08-19T11:22:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85474c7fba1_bihar-nalanda-school-detergent-midday-meal.jpg"
keywords: ["Mid Day Meal", "School Food Poisoning", "Detergent"]
---

# കുഞ്ഞ് ജീവൻ വെച്ചാണോ കളി?  ഉപ്പിന് പകരം ഡിറ്റർജന്റ് നൽകി....! ബിഹാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച് നാപ്പതോളം കുട്ടികൾ ആശുപത്രിയിൽ

> **Lead Summary:** **ബിഹാർ : ** സ്കൂളിൽ ഉച്ചഭക്ഷണത്തിനിടെ ഗുരുതരമായ വീഴ്ച. ബിഹാറിലെ നളന്ദ ജില്ലയിലുള്ള പാരാസി മിഡിൽ സ്കൂളിൽ ഉച്ചഭക്ഷണത്തോടൊപ്പം ഉപ്പിന് പകരം ഡിറ്റർജന്റ് പൊടി നൽകിയതിനെ തുടർന്ന്, ഭക്ഷണം കഴിച്ച നാപ്പതോളം കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും അവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ചയാണ് സംഭവം.

## Article Content

**ബിഹാർ : ** സ്കൂളിൽ ഉച്ചഭക്ഷണത്തിനിടെ ഗുരുതരമായ വീഴ്ച. ബിഹാറിലെ നളന്ദ ജില്ലയിലുള്ള പാരാസി മിഡിൽ സ്കൂളിൽ ഉച്ചഭക്ഷണത്തോടൊപ്പം ഉപ്പിന് പകരം ഡിറ്റർജന്റ് പൊടി നൽകിയതിനെ തുടർന്ന്, ഭക്ഷണം കഴിച്ച നാപ്പതോളം കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും അവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ചയാണ് സംഭവം.

ചികിത്സയിലുള്ള വിദ്യാർത്ഥികളിൽ 17 പേർ പെൺകുട്ടികളാണ്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു എൻ.ജി.ഒ വഴിയാണ് സ്കൂളിലേക്ക് ആവശ്യമായ ഉച്ചഭക്ഷണം എത്തിച്ചിരുന്നത്. ചോറിനൊപ്പം സോയാബീൻ കറിയും ഉരുളക്കിഴങ്ങ് കറിയുമാണ് കുട്ടികൾക്ക് വിളമ്പിയിരുന്നത്.

ഇതിൽ സോയാബീൻ കറിയിൽ ഉപ്പിന്റെ അളവ് കുറവാണെന്ന് കണ്ട കുട്ടികൾ കൂടുതൽ ഉപ്പ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഉപ്പാണെന്ന് തെറ്റിദ്ധരിച്ച് പാചകക്കാരൻ ഡിറ്റർജന്റ് പൊടി നൽകുകയായിരുന്നുവെന്ന് സ്കൂൾ പ്രധാനാധ്യാപകൻ ശൈലേന്ദ്ര കുമാർ സിങ് വ്യക്തമാക്കി.

നൂർസാരായി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. വിവരമറിഞ്ഞ് കടുത്ത ആശങ്കയിലായ മാതാപിതാക്കൾ ആശുപത്രിയിലേക്ക് ഇരച്ചെത്തി തടിച്ചുകൂടി. ഭാഗ്യവശാൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥികളുടെയെല്ലാം നില ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്.

സംഭവമറിഞ്ഞയുടൻ ബിഹാർ ഗ്രാമവികസന മന്ത്രി ശ്രാവൺ കുമാർ ആശുപത്രിയിലെത്തി വിദ്യാർത്ഥികളെ നേരിട്ട് സന്ദർശിക്കുകയും ആശുപത്രിയിലെ കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. ഭക്ഷണം കഴിച്ചയുടൻ തന്നെ അസ്വസ്ഥത അനുഭവപ്പെട്ടതായും പല കുട്ടികൾക്കും കഠിനമായ വയറുവേദനയും ഛർദ്ദിയും ഉണ്ടായതായും ചികിത്സയിലുള്ള ഒരു വിദ്യാർത്ഥി മാധ്യമങ്ങളോട് പറഞ്ഞു.

സ്കൂളിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നിടത്ത് എങ്ങനെ ഡിറ്റർജന്റ് എത്തി എന്നതിനെക്കുറിച്ചും ഭക്ഷണവിതരണ നടപടികളിലെ വീഴ്ചയെക്കുറിച്ചും അധികൃതർ കർശന പരിശോധനയ്ക്ക് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.

English Summary:

In Bihar’s Nalanda district, around 40 students were hospitalized after detergent was mistakenly served instead of salt in a government school’s mid-day meal. The incident occurred at Parasi Middle School. Students complained of stomach pain and vomiting. Education department has launched an inquiry and all students are now stable.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379153/bihar-nalanda-school-detergent-midday-meal)