---
title: "പാർട്ടി ബന്ധം കാണിച്ച് സാധാരണക്കാരെ പറ്റിച്ചു, ശ്രീലകം ഫിനാൻസ് സ്വർണപ്പണയ തട്ടിപ്പ്; ആസൂത്രണം ചെയ്തത് യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിയെന്ന് മൊഴി"
english_title: "Alappuzha Yuva Morcha Leader Planned Gold Pledge Scam Arrested Manager Statement"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379152/alappuzha-yuva-morcha-leader-gold-scam-arrest"
published_at: "2026-08-19T11:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a854544e051e_alappuzha-yuva-morcha-leader-gold-scam-arrest.jpg"
keywords: ["Sreelakam Finance Scam", "Gold Scam", "Yuva Morcha", "Alappuzha Gold Fruard"]
---

# പാർട്ടി ബന്ധം കാണിച്ച് സാധാരണക്കാരെ പറ്റിച്ചു, ശ്രീലകം ഫിനാൻസ് സ്വർണപ്പണയ തട്ടിപ്പ്; ആസൂത്രണം ചെയ്തത് യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിയെന്ന് മൊഴി

> **Lead Summary:** **ആലപ്പുഴ: **ആലപ്പുഴ ചുനക്കര കേന്ദ്രീകരിച്ച് നടന്ന സ്വർണപ്പണയ തട്ടിപ്പ് ആസൂത്രണം ചെയ്തത് യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണനാണെന്ന് അറസ്റ്റിലായ ഫിനാൻസ് സ്ഥാപന മാനേജർ പൊലീസിന് മൊഴി നൽകി. ശ്രീലകം ഫിനാൻസ് മാനേജർ ടിനു തമ്പാനെയാണ് കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തത്. കായംകുളം പെരിങ്ങാലയിൽ നിന്ന് ഇന്നലെ കസ്റ്റഡിയിലെടുത്ത ടിനു തമ്പാന്റെ അറസ്റ്റ് പൊലീസ് വൈകീട്ടോടെ രേഖപ്പെടുത്തി.

## Article Content

**ആലപ്പുഴ: **ആലപ്പുഴ ചുനക്കര കേന്ദ്രീകരിച്ച് നടന്ന സ്വർണപ്പണയ തട്ടിപ്പ് ആസൂത്രണം ചെയ്തത് യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണനാണെന്ന് അറസ്റ്റിലായ ഫിനാൻസ് സ്ഥാപന മാനേജർ പൊലീസിന് മൊഴി നൽകി. ശ്രീലകം ഫിനാൻസ് മാനേജർ ടിനു തമ്പാനെയാണ് കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തത്. കായംകുളം പെരിങ്ങാലയിൽ നിന്ന് ഇന്നലെ കസ്റ്റഡിയിലെടുത്ത ടിനു തമ്പാന്റെ അറസ്റ്റ് പൊലീസ് വൈകീട്ടോടെ രേഖപ്പെടുത്തി.

പൊലീസിന് നൽകിയ മൊഴിയിൽ ഈ തട്ടിപ്പിലെ നിർണായക ഇടപെടൽ നടത്തിയത് യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിയായ രാഹുൽ രാധാകൃഷ്ണനാണെന്ന് ടിനു തമ്പാൻ പറഞ്ഞതായി പൊലീസ് അറിയിച്ചു. കുറഞ്ഞ പലിശയ്ക്ക് സ്വർണ വായ്പ നൽകാമെന്ന് പറഞ്ഞ് സാധാരണക്കാരായ ആളുകളിൽ നിന്ന്, യുവതികൾ, വീട്ടമ്മമാർ എന്നിവരിൽ നിന്ന് പണയമായി പണ്ടങ്ങൾ വാങ്ങിയെടുത്തതും രാഹുൽ രാധാകൃഷ്ണന്റെ ഇടപെടലിലൂടെയാണെന്നും മൊഴിയിലുണ്ട്.

പാർട്ടി ബന്ധങ്ങളും സൗഹൃദങ്ങളും തട്ടിപ്പിന് മറയാക്കിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്വർണം മറിച്ചുവിറ്റ് അതിൽ നിന്ന് പണം കണ്ടെത്തിയതും രാഹുൽ രാധാകൃഷ്ണന്റെ ആസൂത്രണത്തിലായിരുന്നുവെന്നും ടിനു തമ്പാൻ മൊഴി നൽകി. ചുനക്കര കേന്ദ്രീകരിച്ചുള്ള ശ്രീലകം ഫിനാൻസുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ ഡിവൈഎസ്പിക്കും കുറത്തിക്കാട് പൊലീസിനും നിരവധി പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് ആറ് കേസുകൾ എടുത്തിരുന്നു.

യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിയായ രാഹുൽ രാധാകൃഷ്ണന്റെ ഇടപെടലിലൂടെയാണ് തട്ടിപ്പുകൾ നടന്നതെന്ന് പൊലീസ് ആദ്യഘട്ടത്തിൽ കണ്ടെത്തിയിരുന്നു. സ്ഥാപന ഉടമ രാധാകൃഷ്ണപിള്ള, മാനേജർ ടിനു തമ്പാൻ എന്നിവരടക്കമുള്ളവരെ പ്രതി ചേർത്ത് കേസെടുക്കുകയും ചെയ്തു. പ്രതികൾ ചേർന്ന് 100 പവൻ സ്വർണം തട്ടിയെടുത്തതായാണ് പൊലീസ് നിഗമനം.

രാഹുൽ രാധാകൃഷ്ണൻ, സ്ഥാപന ഉടമ രാധാകൃഷ്ണപിള്ള എന്നിവർ നിലവിൽ ഒളിവിലാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പൊലീസ് ഒത്തുകളിക്കുന്നുവെന്ന ആക്ഷേപവും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ടിനു തമ്പാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

**English Summary:**

In Alappuzha, the manager of Sreelakam Finance, Tinu Thampan, arrested by Kurathikad Police, told police that Yuva Morcha district general secretary Rahul Radhakrishnan was the mastermind behind a gold pledge scam. According to police, the accused lured people, including women and homemakers, with low-interest gold loans using party connections. Police estimate 100 sovereigns of gold were swindled. Six cases were registered following multiple complaints. Rahul Radhakrishnan and firm owner Radhakrishnapillai are absconding. The arrest came amid protests alleging police delay. Further investigation is underway.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379152/alappuzha-yuva-morcha-leader-gold-scam-arrest)