---
title: "‘നീയാണ് താരം’; മലപ്പുറത്തെ  വൈറൽതാരം കുട്ടിസഖാവിനെയും കൂട്ടുകാരെയും കാണാൻ കണ്ണൂരിൻ ചെന്താരകമെത്തി "
english_title: "P Jayarajan Meets Viral Child Comrade Sain Saman In Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379125/p-jayarajan-meets-viral-child-comrade-sain-saman-malappuram"
published_at: "2026-08-19T07:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a850a769576a_p-jayarajan-meets-viral-child-comrade-sain-saman-malappuram.jpg"
keywords: ["P Jayarajan", "CPM", "Mohammed Siyan", "Balasangam", "Instagram Video"]
---

# ‘നീയാണ് താരം’; മലപ്പുറത്തെ  വൈറൽതാരം കുട്ടിസഖാവിനെയും കൂട്ടുകാരെയും കാണാൻ കണ്ണൂരിൻ ചെന്താരകമെത്തി 

> **Lead Summary:** മലപ്പുറം: പുതിയ തലമുറ ചെങ്കൊടി നെഞ്ചിലുണ്ടെന്ന് പറയുമ്പോൾ സിപിഐ എം നേതക്കളിലും പ്രവർത്തകരിലും വലിയ ആവേശം. മലപ്പുറത്തെ വൈറൽതാരം കുട്ടിസഖാവിനെയും കൂട്ടുകാരെയും കാണാൻ കണ്ണൂരിൻ്റെ ചെന്താരകവുമെത്തി.

## Article Content

മലപ്പുറം: പുതിയ തലമുറ ചെങ്കൊടി നെഞ്ചിലുണ്ടെന്ന് പറയുമ്പോൾ സിപിഐ എം നേതക്കളിലും പ്രവർത്തകരിലും വലിയ ആവേശം. മലപ്പുറത്തെ വൈറൽതാരം കുട്ടിസഖാവിനെയും കൂട്ടുകാരെയും കാണാൻ കണ്ണൂരിൻ്റെ ചെന്താരകവുമെത്തി.

ഇൻസ്റ്റഗ്രാമിലെ വൈറൽതാരം കുട്ടിസഖാവ് മുഹമ്മദ് സെയിൻ സമാനെയും സുഹൃത്തുക്കളെയും സന്ദർശിക്കാനായാണ് സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ നേരിട്ടെത്തിയത്.

ഇൻസ്റ്റഗ്രാമിലൂടെ ചെങ്കൊടിയെയും പാർട്ടിയെയും പുകഴ്ത്തി ശ്രദ്ധേയനായ വെട്ടം മുറി വഴിക്കൽ സ്വദേശി കളത്തിപറമ്പിൽ സെയിൻ സമാനെയും കൂട്ടുകാരെയും അഭിനന്ദിക്കാനാണ് സഖാവ് എത്തിയത്. സെയിൻ സമാന്റെ ഇൻസ്റ്റഗ്രാം പേജ് മെറ്റ നീക്കംചെയ്തിരുന്നു.

> തന്നെ സ്വീകരിക്കാനായി സമാൻ നൽകിയ മാല "നീയാണ് താരം" എന്ന് പറഞ്ഞ് പി. ജയരാജൻ തിരികെ കുട്ടിയെത്തന്നെ അണിയിച്ചു. മലയാളികളുള്ളിടത്തെല്ലാം സെയിൻ സമാൻ ശ്രദ്ധേയനാണെന്നും ചെങ്കൊടി നെഞ്ചിലേറ്റിയ പുതിയ തലമുറയാണ് വളർന്നു വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറ ഭരണാധികാരികളെ മുട്ടുകുത്തിക്കുകയാണെന്നും പി. ജയരാജൻ പറഞ്ഞു.

കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കായുള്ള മുറവിളികളിലൂടെ ലോകം ഇത് കണ്ടുകൊണ്ടിരിക്കുകയാണ്. ജെൻ സി മാത്രമല്ല, ജെൻ ആൽഫയും ഇപ്പോൾ ട്രെൻഡാണെന്നും അദ്ദേഹം പറഞ്ഞു.

മെറ്റയെപ്പോലുള്ള ഏജൻസികൾ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാൻ ശ്രമിച്ചാലും ജനങ്ങൾ അതിനെ അതിജീവിക്കുമെന്നും കൊച്ചുകുട്ടികൾപോലും ചെങ്കൊടി നെഞ്ചിലുണ്ടെന്ന് പറയുന്നത് പാർട്ടിക്കേകുന്ന ആവേശം വലുതാണെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം. ജില്ലാ കമ്മിറ്റി അംഗം അഡ്വ. പി. ഹംസക്കുട്ടി, അഡ്വ. യു. സൈനുദ്ദീൻ, നൗഷാദ് നെല്ലാഞ്ചേരി, എൻ.എസ്. ബാബു, സുലൈമാൻ എന്നിവരും പി. ജയരാജനൊപ്പമുണ്ടായിരുന്നു. നേരത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സെയിൻ സമാനെ വീഡിയോ കോളിലൂടെ അഭിനന്ദിച്ചിരുന്നു.

തൃശ്ശൂരിൽ നടന്ന ഡി.വൈ.എഫ്.ഐ. സെമിനാറിലും ഇവരെ ആദരിച്ചിരുന്നു. കുട്ടികളുടെ വിശേഷങ്ങൾ ആരാഞ്ഞും അവർക്കൊപ്പം ഫോട്ടോ എടുത്തുമാണ് ജയരാജൻ മടങ്ങിയത്.

English Summary:

> CPM state committee member P. Jayarajan visited viral child comrade Muhammad Sain Saman and his friends in Malappuram. Jayarajan praised the boy for promoting the party flag on Instagram and returned the garland saying "You are the star". He said the new generation carrying the red flag is inspiring. Sain Saman's Instagram page was earlier removed by Meta.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379125/p-jayarajan-meets-viral-child-comrade-sain-saman-malappuram)