---
title: "ഓണം മോഡ് ഓൺ...! 35 വേദികളിൽ 340-ലധികം കലാപരിപാടികൾ; സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24 ന് തുടക്കം"
english_title: "Kerala Onam Tourism Week 2026 Thiruvananthapuram Events Dates Artists"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379112/kerala-onam-tourism-week-2026-thiruvananthapuram-events"
published_at: "2026-08-18T22:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a84901b1f65a_kerala-onam-tourism-week-2026-thiruvananthapuram-events.jpg"
keywords: ["Onam 2026", "Kerala Government Onam", "Kerala Tourism", "PC Vishnunath", "Green Protocol"]
---

# ഓണം മോഡ് ഓൺ...! 35 വേദികളിൽ 340-ലധികം കലാപരിപാടികൾ; സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24 ന് തുടക്കം

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷങ്ങൾക്ക് ഓഗസ്റ്റ് 24ന് തുടക്കമാകും. തലസ്ഥാന നഗരത്തിൽ 35 വേദികളിലായി 340-ലധികം കലാപരിപാടികൾ ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറുമെന്ന് ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷങ്ങൾക്ക് ഓഗസ്റ്റ് 24ന് തുടക്കമാകും. തലസ്ഥാന നഗരത്തിൽ 35 വേദികളിലായി 340-ലധികം കലാപരിപാടികൾ ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറുമെന്ന് ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഏകദേശം 3000 കലാകാരന്മാരും അണിയറ പ്രവർത്തകരും പരിപാടികളുടെ ഭാഗമാകും. ഓഗസ്റ്റ് 24ന് വൈകിട്ട് 5.30ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ വാരാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. സിനിമാതാരം കുഞ്ചാക്കോ ബോബനാണ് മുഖ്യാതിഥി. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി സിനിമാതാരം ശോഭന അവതരിപ്പിക്കുന്ന നൃത്തപരിപാടി നിശാഗന്ധിയിൽ നടക്കും.

ആഗസ്റ്റ് 30ന് നിശ്ചലദൃശ്യങ്ങളോടെ സംഘടിപ്പിക്കുന്ന സമാപന ഘോഷയാത്രയിൽ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും. 13 ജില്ലകളിലും ഡിടിപിസിയുടെ നേതൃത്വത്തിൽ ടൂറിസം കേന്ദ്രങ്ങളിൽ ഈ ദിവസങ്ങളിൽ വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും.വാരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ട്രേഡ് ഫെയർ ഓഗസ്റ്റ് 21ന് മന്ത്രി കെ മുരളീധരനും ഫുഡ് ഫെസ്റ്റിവൽ ഓഗസ്റ്റ് 23ന് കനകക്കുന്നിൽ മന്ത്രി സി പി ജോണും ഉദ്ഘാടനം ചെയ്യും.

ഓഗസ്റ്റ് 21ന് കോവളത്ത് നിന്ന് ആരംഭിക്കുന്ന പതാക ഘോഷയാത്ര വിവിധ നിയോജക മണ്ഡലങ്ങളിലൂടെ പര്യടനം നടത്തി 23ന് കനകക്കുന്നിൽ സമാപിക്കും. തുടർന്ന് അന്നേദിവസം ഓണപ്പതാക ഉയർത്തലും നഗരത്തിലെ വൈദ്യുതി ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണും നടക്കും.

വിവിധ ദിവസങ്ങളിലായി നടക്കുന്ന കലാപരിപാടികളിൽ ഉണ്ണി മേനോൻ, ഹരിശങ്കർ, അനൂപ് ശങ്കർ, വിനീത് ശ്രീനിവാസൻ, ഹരീഷ് ശിവരാമകൃഷ്ണൻ, സൂരജ് സന്തോഷ്, നിത്യ മാമൻ, മധു ബാലകൃഷ്ണൻ, അരവിന്ദ് വേണുഗോപാൽ, പന്തളം ബാലൻ, നജീം അർഷാദ്, മഞ്ജരി, വൈക്കം വിജയലക്ഷ്മി, അഭയ ഹിരൺമയി, സച്ചിൻ വാര്യർ, രശ്മി സതീഷ്, അപർണ രാജീവ്, അതുൽ നറുകര തുടങ്ങിയ ഗായകരും സംഗീതജ്ഞരും പങ്കെടുക്കും.

ഇത്തവണ കനകക്കുന്ന് വളപ്പിലെ ആഘോഷ മേഖലയെ ബിസിനസ് സോൺ, ഫ്യൂച്ചർ സോൺ, ആർട്ട് ആൻഡ് കൾച്ചർ സോൺ, ഫുഡ് സോൺ എന്നിങ്ങനെ നാല് സോണുകളായി തിരിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഓണാഘോഷ പരിപാടികൾ പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും നടത്തുക.

ഇതിനായി ശുചിത്വ മിഷനുമായി സഹകരിച്ച് ആവശ്യമായ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം നഗരസഭയും പരിപാടികളുമായി സഹകരിക്കും.വാരാഘോഷങ്ങളുടെ ഭാഗമായി കവടിയാർ മുതൽ അട്ടക്കുളങ്ങര വരെയും വെള്ളയമ്പലം മുതൽ ശാസ്തമംഗലം വരെയും എല്ലാ ദിവസവും വൈദ്യുതി ദീപാലങ്കാരങ്ങൾ ഉണ്ടായിരിക്കും.

**English Summary:**

Kerala's state-level Onam Tourism Week celebrations will begin on August 24 in Thiruvananthapuram, announced Tourism Minister PC Vishnunath. Over 340 cultural programs will be held across 35 venues with around 3000 artists participating. CM VD Satheesan will inaugurate at Kanakakkunnu Nishagandhi Auditorium, with actor Kunchacko Boban as chief guest. Vice President CP Radhakrishnan will attend the closing procession on Aug 30. Trade Fair starts Aug 21 and Food Fest on Aug 23. The venue is divided into 4 zones and all events will follow Green Protocol. Decorative lighting will be across the city throughout the week.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379112/kerala-onam-tourism-week-2026-thiruvananthapuram-events)