---
title: "വണ്ടുകൾ ഊണും ഉറക്കവും കെടുത്തുന്നു; നാദാപുരം വാണിമേലിലെ വീട് നിറയെ വണ്ടുകൾ, കുടുംബം ദുരിതത്തിൽ  "
english_title: "Kozhikode Vanimel House Infested With Beetles Family Forced To Leave"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379109/kozhikode-vanimel-house-infested-with-beetles-family-forced-to-leave"
published_at: "2026-08-18T21:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8488f640861_kozhikode-vanimel-house-infested-with-beetles-family-forced-to-leave.jpg"
keywords: ["Vanimel Beetle Infestation", "Rubber Plantation", "Housing Problem"]
---

# വണ്ടുകൾ ഊണും ഉറക്കവും കെടുത്തുന്നു; നാദാപുരം വാണിമേലിലെ വീട് നിറയെ വണ്ടുകൾ, കുടുംബം ദുരിതത്തിൽ  

> **Lead Summary:** **കോഴിക്കോട്: ** ആയിരമില്ല, പതിനായിരമല്ല, ലക്ഷം ലക്ഷം പിന്നിലെ എന്ന മുദ്രാവാക്യത്തെ അന്വർഥമാക്കുന്ന തരത്തിൽ വണ്ടുകൾ ഒരു വീട്ടിൽ നിറഞ്ഞിരിക്കുകയാണ്. കൂട്ടത്തോടെ എത്തുന്ന വണ്ടുകൾ താമസമാക്കിയ വീട്ടിൽ ഊണും ഉറക്കവും നഷ്ടമായിരിക്കുകയാണ് വാണിമേലിലെ ഒരു കുടുംബത്തിന്.

## Article Content

**കോഴിക്കോട്: ** ആയിരമില്ല, പതിനായിരമല്ല, ലക്ഷം ലക്ഷം പിന്നിലെ എന്ന മുദ്രാവാക്യത്തെ അന്വർഥമാക്കുന്ന തരത്തിൽ വണ്ടുകൾ ഒരു വീട്ടിൽ നിറഞ്ഞിരിക്കുകയാണ്. കൂട്ടത്തോടെ എത്തുന്ന വണ്ടുകൾ താമസമാക്കിയ വീട്ടിൽ ഊണും ഉറക്കവും നഷ്ടമായിരിക്കുകയാണ് വാണിമേലിലെ ഒരു കുടുംബത്തിന്.

വാണിമേൽ അയ്യങ്കിയിലെ വീടിൻ്റെ ഭിത്തിയിലും മേൽക്കൂരയിലും കൂട്ടം കൂടി കിടക്കുന്ന വണ്ടുകളുടെ ശല്യം കാരണം വീട്ടിൽ ഭക്ഷണം പാചകം ചെയ്യാനോ കിടന്നുറങ്ങാനോ സാധിക്കാതെ കുടുംബം വീട് വിടേണ്ട അവസ്ഥയിലെത്തി. നെല്ലിയുള്ള പറമ്പത്ത് മാതുവിൻ്റെ വീട്ടിലാണ് വണ്ടുകൾ നിറഞ്ഞിട്ടുള്ളത്. ഓട് മേഞ്ഞ വീടിൻ്റെ മേൽക്കൂരയിലും ചുമരിലും അടുക്കളയിലും കിടപ്പുമുറിയിലും വണ്ടുകൾ താമസമാക്കിയതോടെ ബന്ധുവീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ് മാതുവും കുടുംബവും.

മാതുവും മകൻ രാജീവനുമാണ് പെരുവഴിയിലായത്. റബ്ബർ തോട്ടത്തിൽ നിന്നാണ് വണ്ടുകൾ കൂട്ടം കൂടിയെത്തിയത്. ഒരു മാസത്തിലേറെയായി ഈ ദുരിതം തുടങ്ങിയിട്ട്. എന്നാൽ സമീപത്തെ കോൺക്രീറ്റ് വീടുകളിൽ വണ്ടിൻ്റെ ശല്യം ഇല്ലെന്നും നാട്ടുകാർ പറയുന്നു.

> വീട്ടിൽ നിറഞ്ഞിരിക്കുന്നത് Darkling Beetle എന്ന ശാസ്ത്രീയ നാമമുള്ള Alphitobius diaperinus എന്ന ഇനം വണ്ടുകളാണ് എന്നാണ് വിദഗ്ധർ പറയുന്നത്. കേരളത്തിൽ ഇവ "കോഴി ഫാം വണ്ട്" എന്ന പേരിലും അറിയപ്പെടുന്നു.

കീടശാസ്ത്രജ്ഞർ പറയുന്നത് പ്രകാരം 5-6 mm വലിപ്പമുള്ള ഈ കറുത്ത വണ്ടുകൾ ഈർപ്പവും ഇരുട്ടും ഉള്ള സ്ഥലങ്ങളാണ് കൂടുതലായി ഇഷ്ടപ്പെടുന്നത്. റബർ തോട്ടത്തിന് നടുവിലുള്ള ഓട് മേഞ്ഞ പഴയ വീടുകൾ, മരത്തിലെ വിള്ളലുകൾ, മേൽക്കൂരയുടെ അടിഭാഗം എന്നിവിടങ്ങളിൽ ഇവ കൂട്ടമായി മുട്ടയിടുകയും പ്രജനനം നടത്തുകയും ചെയ്യും.

ഈ വണ്ടുകൾ നേരിട്ട് കടിക്കുകയോ വിഷം ഉള്ളതോ അല്ലെങ്കിലും, ധാന്യങ്ങളും ഭക്ഷണസാധനങ്ങളും നശിപ്പിക്കാനും സാൽമൊണെല്ല പോലുള്ള ബാക്ടീരിയകൾ വഹിക്കാനും സാധ്യതയുണ്ട്.

**പരിഹാരം എന്ത്?**

പെസ്റ്റ് കൺട്രോൾ വിദഗ്ധരുടെ അഭിപ്രായത്തിൽ വീടിന് ചുറ്റുമുള്ള ഉണങ്ങിയ ഇലകളും തടിക്കഷ്ണങ്ങളും നീക്കം ചെയ്യുക, ചുമരിലെയും മേൽക്കൂരയിലെയും വിള്ളലുകൾ അടയ്ക്കുക, വീടിനകത്തെ ഈർപ്പം കുറയ്ക്കുക എന്നിവയാണ് പ്രധാനം. ഒപ്പം പ്രൊഫഷണൽ കീടനാശിനി സ്പ്രേയും ആവശ്യമാണ്.

വായുസഞ്ചാരവും വെയിലും കുറവായ ഓട് മേഞ്ഞ വീടുകളിലാണ് ഇത്തരം വണ്ടുകളുടെ ശല്യം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഒരു മാസത്തിലേറെയായി ഈ ദുരിതം തുടരുന്നതിനാൽ അധികൃതർ ഇടപെട്ട് അടിയന്തര പരിഹാരം കാണണമെന്നാണ് മാതുവിൻ്റെ കുടുംബത്തിൻ്റെ ആവശ്യം.

**English Summary:**

A family in Vanimel, Kozhikode has been forced to leave their tiled-roof house after it was infested with thousands of beetles. Mathu and his son Rajeevan of Nelliyullaparambath house have been unable to cook or sleep for over a month as beetles, reportedly from a nearby rubber plantation, have covered the roof, walls, kitchen and bedrooms. Neighbors say concrete houses nearby are not affected. The family has temporarily moved to a relative's house and is seeking help from authorities to control the infestation and return home.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379109/kozhikode-vanimel-house-infested-with-beetles-family-forced-to-leave)