---
title: "ഓണാഘോഷ ദിവസം യൂണിഫോം നിർബന്ധമില്ല, ഓരോ വിദ്യാർത്ഥികൾക്ക് നാല് കിലോ അരി -വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ"
english_title: "Kerala Schools Onam Holidays From August 22 To 30 Minister Shamsuddeen Announces"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379100/kerala-school-onam-holidays-2026-august-22-to-31"
published_at: "2026-08-18T19:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a846877573b7_kerala-school-onam-holidays-2026-august-22-to-31.jpg"
keywords: ["Onam Holidays", "N Shamsuddeen", "Onam 2026", "Kerala Onam"]
---

# ഓണാഘോഷ ദിവസം യൂണിഫോം നിർബന്ധമില്ല, ഓരോ വിദ്യാർത്ഥികൾക്ക് നാല് കിലോ അരി -വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ സ്‌കൂളുകൾക്ക് ഓണാവധി ഓഗസ്റ്റ് 22 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. ഓഗസ്റ്റ് 21ന് സ്‌കൂളുകളിൽ ഓണാഘോഷം നടക്കും. ഓഗസ്റ്റ് 31ന് സ്‌കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിക്കും.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ സ്‌കൂളുകൾക്ക് ഓണാവധി ഓഗസ്റ്റ് 22 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. ഓഗസ്റ്റ് 21ന് സ്‌കൂളുകളിൽ ഓണാഘോഷം നടക്കും. ഓഗസ്റ്റ് 31ന് സ്‌കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിക്കും.

ഓണാഘോഷ ദിവസം വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഓണക്കാലത്തെ സഹായത്തിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഇതിനൊപ്പം കുട്ടികളിൽ വർധിച്ചുവരുന്ന അക്രമവാസനയെക്കുറിച്ചും മന്ത്രി പ്രതികരിച്ചു.

ആലപ്പുഴയിൽ അടുത്തിടെ ഉണ്ടായ സംഭവം ഒറ്റപ്പെട്ടതാണെന്നാണ് തന്റെ നിലപാടെന്ന് മന്ത്രി പറഞ്ഞു. എന്നാൽ കുട്ടികളിൽ അക്രമവാസന വർധിക്കുന്നുണ്ടോ എന്ന കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർന്നുള്ള വർഷങ്ങളിൽ ഇത്തരം വിഷയങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ കഴിയുമോ എന്ന കാര്യവും പരിഗണനയിലുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

> സ്‌കൂളുകളിൽ ലഹരി ഉപയോഗം തടയുന്നതിനായി "തൂഫാൻ ഓപ്പറേഷൻ" സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി "വൺ മില്യൺ തൂഫാൻ ഗോൾ" എന്ന പേരിൽ സ്‌കൂളുകളിൽ ഒരു ക്യാമ്പയിൻ നേരത്തെ നടന്നിരുന്നു. ലഹരിവിരുദ്ധ പോരാട്ടത്തിന് സ്‌കൂളുകൾ ശക്തമായ പിന്തുണ നൽകിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

എസ്ഐഇടി അടക്കമുള്ള സ്ഥാപനങ്ങളും ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ഓണാവധിക്ക് ശേഷം സ്‌കൂളുകൾ പതിവ് രീതിയിൽ പ്രവർത്തിക്കുമെന്നും പഠന പ്രവർത്തനങ്ങൾക്ക് തടസം ഉണ്ടാകാത്ത വിധത്തിൽ കാര്യങ്ങൾ ക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

**English Summary:**

> Education Minister N. Shamsuddeen announced that schools in Kerala will have Onam holidays from August 22 to 30 and will reopen on August 31. Onam celebrations will be held on August 21, and wearing uniform is not mandatory on that day. The minister also said 4 kg of rice will be distributed to school students. Regarding student violence, he termed the Alappuzha incident as isolated but said the matter will be examined and inclusion in curriculum will be considered. He also mentioned the "Thoofan Operation" and "One Million Thoofan Goal" campaign against drugs in schools.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379100/kerala-school-onam-holidays-2026-august-22-to-31)