---
title: "'പത്തുവര്‍ഷത്തിനിടയിൽ വിലക്കയറ്റത്തിൽ വലയുന്ന ആദ്യ ഓണക്കാലം; വിപണിയിൽ സർക്കാർ ഇടപെടുന്നില്ല' - എം വി ഗോവിന്ദൻ"
english_title: "MV Govindan Criticises Price Rise And ED Raid Says Political Motive Behind It"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379091/mv-govindan-price-rise-ed-raid-criticism"
published_at: "2026-08-18T17:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a844f73bafe1_MV_Govindan_Criticises_Price_Rise_And_ED_Raid_Says_Political_Motive_Behind_It.jpg"
keywords: ["MV Govindan", "CPM", "Price Rise", "ED Raid   Onam"]
---

# 'പത്തുവര്‍ഷത്തിനിടയിൽ വിലക്കയറ്റത്തിൽ വലയുന്ന ആദ്യ ഓണക്കാലം; വിപണിയിൽ സർക്കാർ ഇടപെടുന്നില്ല' - എം വി ഗോവിന്ദൻ

> **Lead Summary:** തിരുവനന്തപുരം: പത്തുവര്‍ഷത്തിനുശേഷം ആദ്യമായി വിലക്കയറ്റത്തില്‍ വലയുന്ന ഓണമാണ് മലയാളികള്‍ അനുഭവിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. നിത്യ ഉപയോഗ സാധനങ്ങളുടെ വില അനിയന്ത്രിതമായി ഉയര്‍ന്നിട്ടും വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും സര്‍ക്കാര്‍ കാര്യക്ഷമമായ വിപണി ഇടപെടല്‍ നടത്തുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

## Article Content

തിരുവനന്തപുരം: പത്തുവര്‍ഷത്തിനുശേഷം ആദ്യമായി വിലക്കയറ്റത്തില്‍ വലയുന്ന ഓണമാണ് മലയാളികള്‍ അനുഭവിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. നിത്യ ഉപയോഗ സാധനങ്ങളുടെ വില അനിയന്ത്രിതമായി ഉയര്‍ന്നിട്ടും വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും സര്‍ക്കാര്‍ കാര്യക്ഷമമായ വിപണി ഇടപെടല്‍ നടത്തുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

കുടുംബ ബഡ്ജറ്റ് താളം തെറ്റിയ നിലയിലാണെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇ ഡി നടത്തിയ റെയ്ഡ് രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ളതാണെന്നും പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.

ഭീതിജനക അന്തരീക്ഷം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നതായും യാതൊരു അടിസ്ഥാനവുമില്ലാത്ത റെയ്ഡാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. റെയ്ഡ് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്നും പാര്‍ട്ടി നേതാക്കളെ സംശയമുനയില്‍ നിര്‍ത്താനാണെന്നും രാഷ്ട്രീയമായി എതിര്‍ക്കുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

അടുപ്പക്കാര്‍ കുടുങ്ങിയതോടെ തൂഫാന്‍ കെട്ടടങ്ങിയെന്നും അദ്ദേഹം പരിഹസിച്ചു. വി ഡി സതീശന്റെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററും പെരുമ്പാവൂരിലെ കോണ്‍ഗ്രസ് നേതാവും അറസ്റ്റിലായതോടെയാണ് തൂഫാന്‍ ഒതുങ്ങിയതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും വീട്ടിലേക്കും ഏതുസമയത്തും കടന്നു ചെല്ലാന്‍ കഴിയാവുന്ന ആളാണ് കാസര്‍കോട്ടെ ലഹരി കേസ് പ്രതിയെന്നത് ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് വരെ ഇയാള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടായിരുന്നുവെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.

രാജ്യാന്തര ബന്ധമുള്ള ലഹരിക്കേസായിട്ടും പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയില്ല. കസ്റ്റഡി അപേക്ഷ നല്‍കാത്തത് മുഖ്യമന്ത്രിയും പ്രതിയും തമ്മിലുള്ള അടുപ്പം കാരണമാണെന്നും സ്വന്തക്കാരെ തൊട്ടാല്‍ ഏത് തൂഫാനും കെട്ടടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തരവകുപ്പ് സമ്പൂര്‍ണ്ണ പരാജയമാണെന്ന് ഹൈകോടതി നിരീക്ഷിച്ചതായും നിതിന്‍ രാജിന്റെ മരണത്തില്‍ പൊലീസ് ഒത്തു കളിച്ചെന്നത് തെളിഞ്ഞതാണെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് മാധ്യമ അടിയന്തരാവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു. റിപ്പോർട്ടറിന്റെ അടക്കമുള്ള വാര്‍ത്തകള്‍ പിന്‍വലിച്ചത് പരാതികളുടെ അടിസ്ഥാനത്തിലാണെന്ന് മെറ്റ മാധ്യമ സ്ഥാപനങ്ങളെ അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മലപ്പുറത്തെ ബാലസംഘം കുട്ടികളുടെ അക്കൗണ്ട് പോലും നീക്കം ചെയ്തു. 25 ലക്ഷം ആളുകള്‍ കണ്ട വീഡിയോയുടെ അക്കൗണ്ട് പൂട്ടിച്ചെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് സംഘപരിവാറിന് വിധേയപ്പെടുന്നുണ്ടെന്നും വന്ദേമാതരം പൂര്‍ണമായി പാടാന്‍ കോണ്‍ഗ്രസ് അവസരം ഉണ്ടാക്കിയെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ഇത് ഗൗരവകരമായ കാര്യമാണെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും വന്ദേമാതരം പൂര്‍ണമായും ആലപിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

**English Summary:**

CPM state secretary MV Govindan criticised the government over uncontrolled price rise during Onam, calling it the worst in 10 years. He alleged the recent ED raid had political motives and was aimed at creating fear. Govindan also raised concerns over police custody in a Kasaragod drug case, media censorship, and accused Congress of aligning with Sangh Parivar.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379091/mv-govindan-price-rise-ed-raid-criticism)