---
title: "മുതലമടയിൽ പ്ലസ് വൺ വിദ്യാർഥികളുടെ തർക്കം; പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ മെഡിക്കൽ ഷോപ്പ് ഉടമയ്ക്ക് കുത്തേറ്റു"
english_title: " Man Injured In Palakkad Muthalamada During Plus One Students Clash"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379090/man-injured-muthalamada-students-clash-palakkad"
published_at: "2026-08-18T17:47:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a844e7794485_man-injured-muthalamada-students-clash-palakkad.jpg"
keywords: ["Students Clash", "Students  Attack", "Palakkad News"]
---

# മുതലമടയിൽ പ്ലസ് വൺ വിദ്യാർഥികളുടെ തർക്കം; പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ മെഡിക്കൽ ഷോപ്പ് ഉടമയ്ക്ക് കുത്തേറ്റു

> **Lead Summary:** പാലക്കാട്: മുതലമടയിൽ പ്ലസ് വൺ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കം പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ മെഡിക്കൽ ഷോപ്പ് ഉടമയ്ക്ക് കുത്തേറ്റു. മുതലമടയിൽ മെഡിക്കൽ ഷോപ്പ് നടത്തുന്ന ഷാജഹാനാണ് കൈയ്ക്ക് കുത്തേറ്റ് പരുക്കേറ്റത്.

## Article Content

പാലക്കാട്: മുതലമടയിൽ പ്ലസ് വൺ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കം പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ മെഡിക്കൽ ഷോപ്പ് ഉടമയ്ക്ക് കുത്തേറ്റു. മുതലമടയിൽ മെഡിക്കൽ ഷോപ്പ് നടത്തുന്ന ഷാജഹാനാണ് കൈയ്ക്ക് കുത്തേറ്റ് പരുക്കേറ്റത്.

പോലീസിന്റെ പ്രാഥമിക വിവരം അനുസരിച്ച് ഇൻസ്റ്റഗ്രാമിൽ റീൽ ഷെയർ ചെയ്തതിനെ തുടർന്നാണ് പ്ലസ് വൺ വിദ്യാർഥികൾ തമ്മിൽ തർക്കം ഉണ്ടായത്. തർക്കം പിന്നീട് കയ്യാങ്കളിയിലേക്ക് വഴിമാറുകയായിരുന്നു.

വിദ്യാർഥികൾ തമ്മിൽ അടിപിടിയുണ്ടായപ്പോൾ ഇത് പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഷാജഹാന് പരുക്കേറ്റത്. പ്ലസ് വൺ വിദ്യാർഥി കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഷാജഹാനെ കുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

കൈയ്ക്ക് പരുക്കേറ്റ ഷാജഹാനെ ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. നിലവിൽ അദ്ദേഹം ചികിത്സയിലാണ് .സംഭവത്തിൽ മുതലമട പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തിന്റെ കാരണങ്ങളും കുത്തേറ്റ സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥികളുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

കത്തി കണ്ടെടുക്കാനുള്ള നടപടികളും പോലീസ് സ്വീകരിച്ചിട്ടുണ്ട്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ തമ്മിൽ തർക്കം ഉണ്ടാകുന്ന സംഭവങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വിദ്യാർഥികളുടെ തർക്കം മുതിർന്നവരിലേക്ക് വരെ എത്തിയത് പ്രദേശത്ത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

**English Summary:**

A medical shop owner was injured after being stabbed while trying to separate two Plus One students fighting in Muthalamada, Palakkad. The clash reportedly began after sharing an Instagram reel. The injured, Shajahan, was admitted to Palakkad District Hospital. Police have started an investigation into the incident and the circumstances that led to the stabbing.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379090/man-injured-muthalamada-students-clash-palakkad)