---
title: "കാപ്പാട് ബീച്ചില്‍ 'സുനാമി'; ദ്രുതഗതിയില്‍ 'രക്ഷാപ്രവര്‍ത്തനം', തീരദേശവാസികളുടെ ജാഗ്രതയും രക്ഷാപ്രവര്‍ത്തനങ്ങളുടെ ചടുലതയും പരിശോധിച്ച് സുനാമി മോക്ഡ്രില്‍"
english_title: "Mock Drill Held at Kappad Beach to Test Emergency Response"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379085/kappad-beach-tsunami-mock-drill-emergency-response"
published_at: "2026-08-18T16:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a84427c93cdb_kappad-beach-tsunami-mock-drill-emergency-response.jpg"
keywords: ["Kappad Beach", "Tsunami Mock Drill", "Disaster Management", "Emergency Response"]
---

# കാപ്പാട് ബീച്ചില്‍ 'സുനാമി'; ദ്രുതഗതിയില്‍ 'രക്ഷാപ്രവര്‍ത്തനം', തീരദേശവാസികളുടെ ജാഗ്രതയും രക്ഷാപ്രവര്‍ത്തനങ്ങളുടെ ചടുലതയും പരിശോധിച്ച് സുനാമി മോക്ഡ്രില്‍

> **Lead Summary:** കോഴിക്കോട് : കടലില്‍ അസാധാരണ തിരയിളക്കവും ആകാശം ഇരുണ്ടുമൂടുകയും ചെയ്തതോടെ കാപ്പാട് തീരത്ത് സുനാമി സാധ്യതയുണ്ടെന്ന് രാവിലെ പത്തുമണിയോടെ ദേശീയ സമുദ്ര ഗവേഷണ കേന്ദ്രമായ ഇന്‍കോയിസിന്റെ മുന്നറിയിപ്പെത്തി.

## Article Content

കോഴിക്കോട് : കടലില്‍ അസാധാരണ തിരയിളക്കവും ആകാശം ഇരുണ്ടുമൂടുകയും ചെയ്തതോടെ കാപ്പാട് തീരത്ത് സുനാമി സാധ്യതയുണ്ടെന്ന് രാവിലെ പത്തുമണിയോടെ ദേശീയ സമുദ്ര ഗവേഷണ കേന്ദ്രമായ ഇന്‍കോയിസിന്റെ മുന്നറിയിപ്പെത്തി.

**

ജില്ലാ എമര്‍ജന്‍സി ഓപറേഷന്‍ സെന്ററില്‍നിന്ന് താലൂക്ക് എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍, വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലേക്ക് മുന്നറിയിപ്പ് സന്ദേശം കൈമാറിയതിന് പിന്നാലെ അപായ സൈറണും മുഴങ്ങിയതോടെ തീരദേശവാസികള്‍ അതിവേഗം ജാഗ്രതയിലായി.

പോലീസ്, അഗ്നിരക്ഷാസേന, റവന്യൂ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളുടെ വാഹനങ്ങളും ആംബുലന്‍സുകളും തീരത്തേക്ക് കുതിച്ചെത്തുകയും അതിവേഗം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

കിടപ്പുരോഗികള്‍, വയോജനങ്ങള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ തുടങ്ങിയവരെ പ്രത്യേക പരിഗണന നല്‍കി ആംബുലന്‍സില്‍ ഡി.ടി.പി.സി ഓഫീസിന് മുന്‍വശത്തുള്ള ഷാദി മഹലിലേക്ക് മാറ്റി. ആവശ്യമായവര്‍ക്ക് പ്രാഥമിക ചികിത്സയും നല്‍കി.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം കാപ്പാട് ബീച്ചില്‍ സംഘടിപ്പിച്ച സുനാമി മോക്ഡ്രില്ലാണ് തീരദേശവാസികളുടെ ജാഗ്രതയും രക്ഷാപ്രവര്‍ത്തനങ്ങളുടെ ചടുലതയും പരിശോധിച്ചത്. ദുരന്തമുണ്ടായാല്‍ വിവിധ വകുപ്പുകള്‍ കൂട്ടായ്മയോടെ എത്രവേഗം പ്രതികരിക്കുമെന്നും ജനങ്ങളെ എങ്ങനെ അതിവേഗം സുരക്ഷിതയിടങ്ങളിലേക്ക് മാറ്റാനാകുമെന്നും പരിശോധിക്കുകയായിരുന്നു മോക്ഡ്രില്ലിലൂടെ ലക്ഷ്യമിട്ടത്.

ഗതാഗത നിയന്ത്രണം, ആംബുലന്‍സ് സേവനം, പ്രാഥമിക ചികിത്സ, രക്ഷാപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും മോക്ഡ്രില്ലിന്റെ ഭാഗമായി നടന്നു. തീരദേശ മേഖലയിലെ ദുരന്ത നിവാരണ സംവിധാനങ്ങളുടെ കാര്യക്ഷമതയും വിവിധ വകുപ്പുകളുടെ ഏകോപനവും പ്രകടമായ മോക്ഡ്രില്‍ 11.30ഓടെയാണ് അവസാനിച്ചത്.

അഗ്നിരക്ഷാ സേന, പൊലീസ്, തീരദേശ സേന, റവന്യൂ, ഫിഷറീസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണം, ദുരന്തനിവാരണ വകുപ്പുകളും ജനപ്രതിനിധികളും എമര്‍ജന്‍സി റെസ്പോണ്‍സ് ടീം, യുവ ആപ്ദ മിത്ര ടീം, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരും മോക്ഡ്രില്ലില്‍ പങ്കാളികളായി.

തുടര്‍ന്ന് നടന്ന അവലോകന യോഗത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ വിവിധ ഘട്ടങ്ങളും കാര്യക്ഷമമാക്കേണ്ട സംവിധാനങ്ങളും വിലയിരുത്തി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയ് ബോസ്, വൈസ് പ്രസിഡന്റ് സുബൈദ കബീര്‍, ദുരന്ത നിവാരണ വകുപ്പ് ഡെപ്യൂട്ടി കലക്ടര്‍ പി.പി ശാലിനി, ഹസാര്‍ഡ് അനലിസ്റ്റ് അശ്വതി, ദുരന്തനിവാരണ പ്ലാന്‍ കോഓഡിനേറ്റര്‍ തസ്ലീം ഫാസില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

English Summary:**

A tsunami mock drill was conducted at Kappad Beach in Kozhikode as part of an exercise to assess coastal preparedness and the speed of emergency response. The drill simulated a tsunami warning received from INCOIS at 10 am, followed by alerts through emergency operation centres and an alarm. Various departments participated in evacuating residents to a safe location. Bedridden patients, elderly people, pregnant women and children were given special consideration and shifted to Shadi Mahal near the DTPC office. The drill ended around 11.30 am, followed by a review meeting.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379085/kappad-beach-tsunami-mock-drill-emergency-response)