---
title: "വീണയുടെ ഡയറിയിലെ വിവരങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം; മാസപ്പടി കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളിലേക്ക് ഇഡി "
english_title: "CMRL Exalogic Case ED Raids 8 Places In Kozhikode Veena Diary Names Probed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379068/cmrl-exalogic-case-ed-raid-kozhikode-veena-diary"
published_at: "2026-08-18T14:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6577d29625f_exalogic-cmrl-case-ed-veena-vijayan-45-lakh-advance.jpg"
keywords: ["Masappadi Case", "CMRL-Exalogic Case", "ED Raid", "Veena Vijayan", "Money Laundering"]
---

# വീണയുടെ ഡയറിയിലെ വിവരങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം; മാസപ്പടി കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളിലേക്ക് ഇഡി 

> **Lead Summary:** **കോഴിക്കോട്: **സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണം ഊർജിതമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വീണ ടിയും മുൻമന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിലാണ് ഇന്ന് കോഴിക്കോട് പരിശോധന നടന്നത്.

## Article Content

**കോഴിക്കോട്: **സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണം ഊർജിതമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വീണ ടിയും മുൻമന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിലാണ് ഇന്ന് കോഴിക്കോട് പരിശോധന നടന്നത്.

റിയാസിന്റെ സുഹൃത്തായ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. നിഖിലിന്റെ ഫ്ലാറ്റും വീടും അടക്കം കോഴിക്കോട്ടെ 8 ഇടങ്ങളിലായിരുന്നു ഇന്ന് റെയ്ഡ്. നേരത്തെ വീണയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന.

മെയ് 27ന് വീണ ടിയുടെ തിരുവനന്തപുരത്തെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ ഇഡി ഒരു ഡയറി പിടിച്ചെടുത്തിരുന്നു. നിഖിൽ, നന്ദുലാൽ, ഷൈജൽ, ഫൈജാസ് അടക്കം 7 പേരുടെ പേരുകളാണ് ഡയറിയിൽ ഉണ്ടായിരുന്നത്. ഇവർ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളാണെന്ന് മനസിലാക്കിയതോടെയാണ് വീണയും റിയാസിന്റെ സുഹൃത്തുക്കളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിലേക്ക് അന്വേഷണസംഘം ശ്രദ്ധ കേന്ദ്രീകരിച്ചത്.

നിഖിലിന്റെ സോളസ് എന്ന കമ്പനി, വെസ്റ്റ് ഹിൽ ഡിവൈഎഫ്ഐ മേഖല സെക്രട്ടറി നന്ദുലാലിന്റെ വീട്, പന്തിരാങ്കാവിലെ കാപിറ്റൽ മാർബിൾസ് എന്ന സ്ഥാപനം എന്നിവിടങ്ങളിലും പരിശോധന നടന്നു. ഫ്ലാറ്റിലെ പരിശോധനയ്ക്കിടെ നിഖിലിന്റെ മൊഴി ഇഡി രേഖപ്പെടുത്തി. വിളിച്ചിട്ടും വരാതിരുന്ന നിഖിലിനെ ടവർ ലൊക്കേഷൻ പിന്തുടർന്നാണ് ഇഡി സംഘം ഫ്ലാറ്റിൽ എത്തിച്ചതെന്ന് അന്വേഷണ സംഘം പറയുന്നു.

> നിഖിലിന്റെ ഫ്ലാറ്റിലേക്ക് എത്തിയ സിപിഐഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ് ഇഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ചു. "ഇഡിയെ കൊണ്ടുനടക്കുന്നത് ബിജെപി മാത്രമല്ല, കോൺഗ്രസ് കൂടിയാണ്" എന്നും അദ്ദേഹം വിമർശിച്ചു. വീണ ടി പാർട്ണറായ ലേക്കർ ഇന്ത്യ കോർപ്പറേഷൻ എന്ന കമ്പനിയുമായി ബന്ധപ്പെട്ടും പരിശോധനയുണ്ട്.

നേരത്തെ കമ്പനിയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 16.5 ലക്ഷം രൂപ ഇഡി മരവിപ്പിച്ചിരുന്നു.2024 ഏപ്രിലാണ് സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്തത്. സിഎംആർഎൽ കമ്പനിയും വീണ ടിയുടെ ഉടമസ്ഥതയിലുള്ള 'എക്സാലോജിക് സൊല്യൂഷൻസ്' എന്ന ഐടി കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടതാണ് കേസ്.

എക്സാലോജിക് നൽകിയ ഐടി സേവനങ്ങൾക്കുള്ള പ്രതിഫലമെന്ന നിലയിൽ 2017 മുതൽ 2020 വരെയുള്ള കാലയളവിൽ സിഎംആർഎൽ 1.72 കോടി രൂപ നൽകിയെന്നും എന്നാൽ കമ്പനിക്ക് അത്തരം സേവനങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നുമുള്ള ആദായനികുതി വകുപ്പിന്റെ കണ്ടെത്തലാണ് അന്വേഷണങ്ങൾക്ക് ആധാരമായത്. തുടർന്ന് എസ്എഫ്ഐഒ ഈ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം ആരംഭിക്കുകയും പിന്നാലെ ഇഡിയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

**English Summary**

The Enforcement Directorate intensified probe into the CMRL-Exalogic financial transaction case with raids at 8 locations in Kozhikode. Searches were conducted at the flat and house of CPI(M) Kozhikode district secretariat member P Nikhil, a friend of former minister Muhammad Riyas, and other locations. The raids are based on a diary seized from Veena Vijayan's rented house in Thiruvananthapuram on May 27, which had names of 7 people including Nikhil. ED also examined Lakerr India Corporation, where Veena is a partner. The case relates to ₹1.72 crore allegedly paid by CMRL to Exalogic between 2017-2020 for services not rendered, as per IT department findings.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379068/cmrl-exalogic-case-ed-raid-kozhikode-veena-diary)