---
title: "നിയമസഭ കൈയ്യാങ്കളി കേസ്: എല്‍ഡിഎഫിന് തിരിച്ചടി; വനിതാ എംഎൽഎമാരുടെ പരാതിയിൽ യുഡിഎഫ് എംഎൽഎമാർക്കെതിരായ അവസാന കേസും ഹൈക്കോടതി റദ്ദാക്കി"
english_title: "Kerala Assembly Ruckus: High Court Quashes Last Case Against UDF MLAs"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379049/kerala-assembly-ruckus-high-court-quashes-last-case-against-udf-mlas"
published_at: "2026-08-18T13:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a840b483eb19_kerala-assembly-ruckus-high-court-quashes-last-case-against-udf-mlas.jpg"
keywords: ["Kerala High Court", "Kerala Assembly", "Kerala Assembly Ruckus"]
---

# നിയമസഭ കൈയ്യാങ്കളി കേസ്: എല്‍ഡിഎഫിന് തിരിച്ചടി; വനിതാ എംഎൽഎമാരുടെ പരാതിയിൽ യുഡിഎഫ് എംഎൽഎമാർക്കെതിരായ അവസാന കേസും ഹൈക്കോടതി റദ്ദാക്കി

> **Lead Summary:** കൊച്ചി: നിയമസഭാ കയ്യാങ്കളിക്കിടെ വനിതാ എംഎല്‍എമാരെ കയ്യേറ്റം ചെയ്‌തെന്ന കേസില്‍ എല്‍ഡിഎഫിന് തിരിച്ചടി. യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരായ അവസാന കേസും ഹൈക്കോടതി റദ്ദാക്കി.

## Article Content

കൊച്ചി: നിയമസഭാ കയ്യാങ്കളിക്കിടെ വനിതാ എംഎല്‍എമാരെ കയ്യേറ്റം ചെയ്‌തെന്ന കേസില്‍ എല്‍ഡിഎഫിന് തിരിച്ചടി. യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരായ അവസാന കേസും ഹൈക്കോടതി റദ്ദാക്കി.

മുന്‍ എംഎല്‍എ എ ടി ജോര്‍ജിനെതിരെ എല്‍ഡിഎഫ് എംഎല്‍എമാര്‍ നല്‍കിയ കേസാണ് ഇന്ന് ഹൈക്കോടതി റദ്ദാക്കിയത്. ഇതോടെ എൽഡിഎഫ് എംഎല്‍എമാർ നൽകിയ മുഴുവന്‍ കേസുകളും അവസാനിച്ചു.

എ ടി ജോര്‍ജ്ജിന്റെ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. സ്ത്രീകള്‍ക്കെതിരായ അതിക്രമക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. എല്‍ഡിഎഫ് മുന്‍ എംഎല്‍എ കെ കെ ലതികയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് റദ്ദാക്കിയിരിക്കുന്നത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിലെ നടപടിക്രമങ്ങളും റദ്ദാക്കി.

ഇതോടെ യുഡിഎഫിന്റെ നാല് എംഎല്‍എമാരും കുറ്റവിമുക്തരായി. എംഎല്‍എമാരായിരുന്ന ഡൊമിനിക് പ്രസന്റേഷന്‍, എം എ വാഹിദ്, കെ ശിവദാസന്‍ നായര്‍ എന്നിവര്‍ക്കെതിരായ കേസുകള്‍ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതേ കേസില്‍ തന്നെ ഉള്‍പ്പെട്ട ജോര്‍ജിന്റെ കേസ് റദ്ദാക്കുന്നതാണ് വൈകിയത്.

അതേസമയം പൊതുമുതല്‍ നശിപ്പിച്ച കേസില്‍ നാല് ഇടത് എംഎല്‍എമാര്‍ വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കി. യുഡിഎഫ് എംഎല്‍എമാരുടെ കേസിനൊപ്പം പരിഗണിക്കണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. എല്‍ഡിഎഫ് എംഎല്‍എമാരുടെ ഹര്‍ജി അപ്രസക്തമെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

വനിതാ എംഎല്‍എമാരായിരുന്ന കെ കെ ലതിക, ജമീല പ്രകാശം എന്നിവരെ അന്യായമായി തടഞ്ഞുവെച്ച് കൈയ്യേറ്റം ചെയ്തുവെന്നായിരുന്നു കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് എതിരായ കുറ്റം. 2015 മാര്‍ച്ച് 13നായിരുന്നു നിയമസഭയിലെ വിവാദമായ കൈയ്യാങ്കളി.

അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ അഴിമതിയാരോപിച്ച് ഇടത് എംഎല്‍എമാര്‍ സ്പീക്കറുടെ സമീപമെത്തി അക്രമം അഴിച്ചുവിട്ടിരുന്നു. ഇതിനൊപ്പമുണ്ടായിരുന്ന വനിതാ എംഎല്‍എമാരെ ആക്രമിച്ചുവെന്നാണ് യുഡിഎഫ് എംഎല്‍എമാര്‍ക്ക് എതിരെയുണ്ടായ കേസ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379049/kerala-assembly-ruckus-high-court-quashes-last-case-against-udf-mlas)