---
title: "നാട്ടുകാരുടെ ആശങ്കയ്ക്ക് നേരിയ ആശ്വാസം...! വയനാട്ടിലെ മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പൊലീസ് പിടിയില്‍"
english_title: "Two Women Held in Wayanad Necklace Theft Cases"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379002/two-women-held-in-wayanad-necklace-theft-cases"
published_at: "2026-08-18T08:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83c76b5f1a2_two-women-held-in-wayanad-necklace-theft-cases.jpg"
keywords: ["Necklace Theft", "Wayanad Theft Case", "Theft Case"]
---

# നാട്ടുകാരുടെ ആശങ്കയ്ക്ക് നേരിയ ആശ്വാസം...! വയനാട്ടിലെ മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പൊലീസ് പിടിയില്‍

> **Lead Summary:** മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍ ഒടുവില്‍ പൊലീസിന്റെ പിടിയില്‍. തമിഴ്‌നാട് സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് പൊലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടിയത്.

## Article Content

മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍ ഒടുവില്‍ പൊലീസിന്റെ പിടിയില്‍. തമിഴ്‌നാട് സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് പൊലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടിയത്.

മധുരൈ സ്വദേശികളായ ആലങ്ങാനൂര്‍, കണ്ണകി എന്ന അര്‍ച്ചന(രമ്യ-30), തിരുപ്പരകോന്‍ഡ്രം ഈശ്വരി (47)എന്നിവരെയാണ് തിങ്കളാഴ്ച പൊലീസ് പിടികൂടിയത്. ഇവര്‍ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി മാലമോഷണം നടത്തി വന്നവരായിരുന്നു.

പ്രായമായവരെ പിന്തുടര്‍ന്ന് അവരറിയാതെ കവര്‍ച്ച നടത്തിയ ശേഷം ഓട്ടോറിക്ഷകളില്‍ പലയിടങ്ങളില്‍ മാറി മാറി സഞ്ചരിച്ചും പലയിടങ്ങളില്‍ താമസിച്ചും കുറ്റ കൃത്യങ്ങള്‍ തുടരുകയായിരുന്നു

ഇന്നലെ ഉച്ചയോടെ മീനങ്ങാടി പഞ്ചായത്ത് പരിസരത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്കെതിരെ പല പേരുകളിലായി കേരളത്തിനകത്തും പുറത്തുമായി നിരവധി കേസുകളും വാറണ്ടുകളുമുണ്ട്. പല പേരുകളില്‍ വിവിധ സ്ഥലങ്ങളില്‍ ചുറ്റികറങ്ങി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി.

ജില്ലാ പൊലീസ് മേധാവി എസ്. ദേവമനോഹര്‍ ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവര്‍ വലയിലായത്.

പ്രത്യേക അന്വേഷണ സംഘമായ SAGOC കൂടാതെ മാനന്തവാടി എ.എസ്.പി കാര്‍ത്തിക്, ഡിവൈ.എസ്.പി മാരായ എം.എം അബ്ദുള്‍ കരീം, ടി.എ അഗസ്റ്റിന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘങ്ങളായി തിരിഞ്ഞ് ജില്ലയിലുട നീളം ബസുകളും ഓട്ടോറിക്ഷകളും ലോഡ്ജുകളും ബസ് സ്റ്റാന്റുകളും മറ്റും കേന്ദ്രീകരിച്ച് പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു.

അടുത്തിടെ തിരുനെല്ലി ക്ഷേത്രത്തിലെ ബലിതര്‍പ്പണത്തോടനുബന്ധിച്ച് തിരുനെല്ലി അമ്പല പരിസരത്തും അമ്പലവയല്‍, കമ്പളക്കാട് സ്റ്റേഷന്‍ പരിധികളിലും കവര്‍ച്ച നടന്നതിനെ തുടര്‍ന്ന് സംശയിക്കപ്പെടുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ആയി മാധ്യമങ്ങള്‍ മുഖേനയും, സാമൂഹിക മാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിച്ചിരുന്നു.

മീനങ്ങാടിയിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥന്‍ സുമേഷിന് തോന്നിയ സംശയത്തെ തുടര്‍ന്ന് നടത്തിയ നിരീക്ഷണമാണ് മോഷ്ടാക്കളെ വലയിലാക്കാന്‍ സഹായിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379002/two-women-held-in-wayanad-necklace-theft-cases)