---
title: "ഇനി കേരളയല്ല, കേരളം; 'കേരളം ബില്ലി'ന് രാഷ്ട്രപതി അം​ഗീകാരം നൽകി"
english_title: "President Murmu Approves Kerala Alteration Of Name Bill 2026, State To Be Called 'Keralam'"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378977/kerala-name-change-bill-president-approval-keralam"
published_at: "2026-08-17T22:09:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83393fda271_kerala-name-change-bill-president-approval-keralam.jpg"
keywords: ["Kerala Name Change", "Droupadi Murmu", "Kerala Bill 2026", "Keralam"]
---

# ഇനി കേരളയല്ല, കേരളം; 'കേരളം ബില്ലി'ന് രാഷ്ട്രപതി അം​ഗീകാരം നൽകി

> **Lead Summary:** ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം 'കേരള' എന്നതിൽ നിന്ന് 'കേരളം' എന്ന് മാറ്റുന്നതിനുള്ള 'കേരള (പേരുമാറ്റ) ബിൽ 2026'ന് രാഷ്ട്രപതി ദ്രൗപദി മുർമു ഔദ്യോഗികമായി അംഗീകാരം നൽകി.

## Article Content

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം 'കേരള' എന്നതിൽ നിന്ന് 'കേരളം' എന്ന് മാറ്റുന്നതിനുള്ള 'കേരള (പേരുമാറ്റ) ബിൽ 2026'ന് രാഷ്ട്രപതി ദ്രൗപദി മുർമു ഔദ്യോഗികമായി അംഗീകാരം നൽകി.

ഇതോടെ ഭരണഘടനാപരമായിത്തന്നെ സംസ്ഥാനത്തിന്റെ പേരുമാറ്റം നിയമപരമായി പ്രാബല്യത്തിൽ വരികയാണ്. 2024 ജൂണിൽ കേരള നിയമസഭ പാസാക്കി കേന്ദ്രത്തിന് അയച്ച പ്രമേയമാണ് ഇപ്പോൾ പൂർണമായും യാഥാർഥ്യമായിരിക്കുന്നത്.

ഭരണഘടനാപരമായ നടപടിക്രമങ്ങളുടെ ഭാഗമായി, സംസ്ഥാനത്തിന്റെ പ്രതികരണത്തിനായി രാഷ്ട്രപതി ഈ നിർദേശം ആദ്യം നിയമസഭയ്ക്ക് തിരിച്ചയച്ചിരുന്നു. തുടർന്ന് നിയമസഭ ഐകകണ്‌ഠ്യേന ബില്ലിനെ അനുകൂലിച്ച് വീണ്ടും പ്രമേയം പാസാക്കി.

പിന്നീട് പാർലമെന്റിൽ എത്തിയ ബിൽ ഈ വർഷം ആഗസ്റ്റ് 11ന് ലോക്‌സഭയിലും ആഗസ്റ്റ് 12ന് രാജ്യസഭയിലും പാസാക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇരുസഭകളിലും ബില്ലുമായി ബന്ധപ്പെട്ട വിവരങ്ങൾ അവതരിപ്പിച്ചത്. പാർലമെന്റിന്റെ ഇരുസഭകളും കടന്ന ബില്ലിനാണ് ഇപ്പോൾ രാഷ്ട്രപതിയുടെ അന്തിമ ഒപ്പ് ലഭിച്ചിരിക്കുന്നത്.

രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ, ഭരണഘടനയുടെ ആർട്ടിക്കിൾ 3 പ്രകാരം ഒന്നാം ഷെഡ്യൂളിൽ സംസ്ഥാനത്തിന്റെ പേര് 'Kerala' എന്നതിന് പകരം 'Keralam' എന്ന് അപ്‌ഡേറ്റ് ചെയ്യും.

പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക രേഖകൾ, ഗസറ്റ് വിജ്ഞാപനങ്ങൾ, സർക്കാർ വെബ്സൈറ്റുകൾ എന്നിവയിലെല്ലാം ഇനിമുതൽ 'കേരളം' എന്ന് മാത്രമായിരിക്കും ഉപയോഗിക്കുക. ഇതിന് പുറമെ, ദേശീയ-സംസ്ഥാന പാതകളിലെ സൈൻ ബോർഡുകൾ, സർക്കാർ സ്ഥാപനങ്ങളുടെ ബോർഡുകൾ, ഔദ്യോഗിക മുദ്രകൾ തുടങ്ങിയവയിലും വരുംദിവസങ്ങളിൽ പേരുമാറ്റം നടപ്പിലാകും.

**English Summary:**

President Droupadi Murmu has given assent to the Kerala Alteration of Name Bill 2026, officially changing the state's name from 'Kerala' to 'Keralam'. The bill was passed by the Kerala Assembly in June 2024, and later by Lok Sabha on August 11 and Rajya Sabha on August 12, 2026. Under Article 3, the First Schedule of the Constitution will be updated. All official documents, websites, signboards and government seals will now use 'Keralam'.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378977/kerala-name-change-bill-president-approval-keralam)