---
title: "തൊഴിലിടങ്ങളിലെ ഇൻ്റെണല്‍ കമ്മിറ്റികള്‍ കാര്യക്ഷമമാക്കണം - വനിതാ കമീഷന്‍"
english_title: "Strengthen Internal Committees At Workplaces, Says Women Commission Chairperson P Satheedevi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378967/strengthen-internal-committees-workplaces-women-commission"
published_at: "2026-08-17T20:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8322be25597_strengthen-internal-committees-workplaces-women-commission.jpg"
keywords: ["Women Commission", "P Satheedevi", "Internal Committee", "Workplace Harassment"]
---

# തൊഴിലിടങ്ങളിലെ ഇൻ്റെണല്‍ കമ്മിറ്റികള്‍ കാര്യക്ഷമമാക്കണം - വനിതാ കമീഷന്‍

> **Lead Summary:** കോഴിക്കോട് : തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള ഇൻ്റെണല്‍ കമ്മിറ്റികള്‍ കാര്യക്ഷമമാക്കണമെന്ന് വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമീഷന്‍ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

## Article Content

കോഴിക്കോട് : തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള ഇൻ്റെണല്‍ കമ്മിറ്റികള്‍ കാര്യക്ഷമമാക്കണമെന്ന് വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമീഷന്‍ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലുമെല്ലാം ഇൻ്റെണല്‍ കമ്മിറ്റികള്‍ ഉണ്ടെന്ന് ഉറപ്പാക്കുകയും ഇതുസംബന്ധിച്ച വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വേണം. ഇവയെ കുറിച്ച് ജീവനക്കാരെ ബോധവത്കരിക്കുകയും മോണിറ്ററിങ് സംവിധാനം ഒരുക്കുകയും വേണമെന്നും കമീഷന്‍ അധ്യക്ഷ പറഞ്ഞു.

വനിതാ കമീഷന്റെ മേഖലാ കേന്ദ്രങ്ങളില്‍ ആരംഭിച്ച സൗജന്യ കൗണ്‍സിലിങ് സംവിധാനങ്ങള്‍ പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. കോഴിക്കോട് മേഖലാ കേന്ദ്രത്തില്‍ തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ കൗണ്‍സിലിങ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ഇതുവഴി നിരവധി പരാതികള്‍ പരിഹരിക്കാനാവുന്നുണ്ടെന്നും കമീഷന്‍ അധ്യക്ഷ പറഞ്ഞു.

ഗാര്‍ഹിക പീഡനം, കുടുംബ ബന്ധങ്ങളിലെ തകര്‍ച്ച, തൊഴിലിടങ്ങളിലെ അതിക്രമങ്ങള്‍, വ്യാജരേഖയുണ്ടാക്കി ഭിന്നശേഷിക്കാരിയുടെ സ്വത്ത് തട്ടിയെടുക്കല്‍, വയോധികയായ അമ്മയെ സംരക്ഷിക്കാതിരിക്കല്‍, പണമിടപാടില്‍ കബളിപ്പിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് സിറ്റിങ്ങില്‍ ലഭിച്ചത്.

ആകെ ലഭിച്ച 41 പരാതികളില്‍ ഒന്ന് പരിഹരിക്കുകയും ഒമ്പതെണ്ണം പൊലീസ് റിപ്പോര്‍ട്ട് തേടുകയും ഒന്ന് കൗണ്‍സിലിങ്ങിനയക്കുകയും ചെയ്തു. സിറ്റിങ്ങില്‍ കമീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിശ, കൗണ്‍സിലര്‍ ഡോ. വി ആര്‍ദ്ര തുടങ്ങിയവരും പരാതികള്‍ പരിഗണിച്ചു.

**English Summary:**

Women Commission Chairperson Adv. P Satheedevi called for strengthening Internal Committees in workplaces to prevent harassment of women. Speaking after the Kozhikode sitting, she said all government and private institutions must have functional committees and display details. 41 complaints were received including domestic violence, property fraud, and workplace harassment. One was resolved, nine sent for police report, and one for counselling. Free counselling is available at Kozhikode regional centre on Mondays and Wednesdays.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378967/strengthen-internal-committees-workplaces-women-commission)