---
title: "'പൊലീസിനെ ആർഎസ്എസിന് പണയം വെക്കരുത്, ഡി.ജി.പിയെ ഗവർണർ വിളിച്ചുവരുത്തിയത് ജനാധിപത്യവിരുദ്ധം' - പിണറായി വിജയൻ"
english_title: " Pinarayi Vijayan Slams Governor For Directly Summoning DGP, Calls It Anti-Democratic"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378943/pinarayi-vijayan-governor-dgp-summon-anti-democratic"
published_at: "2026-08-17T17:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82f5acf16e7_pinarayi-vijayan-governor-dgp-summon-anti-democratic.jpg"
keywords: ["Pinarayi Vijayan", "Kerala Governor", "UDF Government", "VD Satheesan"]
---

# 'പൊലീസിനെ ആർഎസ്എസിന് പണയം വെക്കരുത്, ഡി.ജി.പിയെ ഗവർണർ വിളിച്ചുവരുത്തിയത് ജനാധിപത്യവിരുദ്ധം' - പിണറായി വിജയൻ

> **Lead Summary:** തിരുവനന്തപുരം: എക്‌സിക്യൂട്ടീവിന്റെ തലവനായ മുഖ്യമന്ത്രിയെയും വകുപ്പുമന്ത്രിയേയും മറികടന്ന്, സംസ്ഥാന പൊലീസ് മേധാവിയെ ഗവർണർ നേരിട്ട് വിളിച്ചുവരുത്തിയത് തികച്ചും ജനാധിപത്യവിരുദ്ധമായ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ക്രമസമാധാന ചുമതലയുള്ള സംസ്ഥാന പൊലീസ് മേധാവിയെ ഗവർണർ നേരിട്ടു നിയന്ത്രിക്കുന്നത് തീർത്തും തെറ്റായ നടപടിയാണ്.

## Article Content

തിരുവനന്തപുരം: എക്‌സിക്യൂട്ടീവിന്റെ തലവനായ മുഖ്യമന്ത്രിയെയും വകുപ്പുമന്ത്രിയേയും മറികടന്ന്, സംസ്ഥാന പൊലീസ് മേധാവിയെ ഗവർണർ നേരിട്ട് വിളിച്ചുവരുത്തിയത് തികച്ചും ജനാധിപത്യവിരുദ്ധമായ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ക്രമസമാധാന ചുമതലയുള്ള സംസ്ഥാന പൊലീസ് മേധാവിയെ ഗവർണർ നേരിട്ടു നിയന്ത്രിക്കുന്നത് തീർത്തും തെറ്റായ നടപടിയാണ്.

സംസ്ഥാനത്തെ പൊലീസ് ഭരണം ആർഎസ്എസിന് പണയം വെക്കുന്നതിലേക്കാണ് ഇത് നയിക്കുക. വകുപ്പു മന്ത്രിയുടെ അനുമതിയോടെയാണോ പൊലീസ് മേധാവി ഗവർണറെ കണ്ടതെന്ന കാര്യവും വ്യക്തമാവേണ്ടതുണ്ടെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

‘തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് വിലകൽപ്പിക്കാതെ, സംസ്ഥാന ഭരണത്തിൽ നേരിട്ട് ഇടപെടാനുള്ള ഗവർണറുടെ നീക്കം ഭരണഘടനാ തത്വങ്ങളുടെ നഗ്നമായ ലംഘനവും ജനാധിപത്യ സംവിധാനത്തോടുള്ള പരസ്യമായ വെല്ലുവിളിയുമാണ്. ​സർക്കാരിനെ നോക്കുകുത്തിയാക്കി സമാന്തര ഭരണം കയ്യാളാൻ ഗവർണർ ശ്രമിക്കുന്നത് ആശാസ്യമല്ല. ഇത്തരം തെറ്റായ കീഴ്‌വഴക്കങ്ങൾക്ക് ഒരു നീതികരണവുമില്ല.

ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശ നിർദ്ദേശങ്ങൾക്കനുസരിച്ചാണ്. 2016-ലെ നബാം റിബയ കേസിലെ സുപ്രീംകോടതി വിധിപ്രകാരം, ഭരണഘടനയിലെ ആർട്ടിക്കിൾ 163 ഗവർണർക്ക് അനിയന്ത്രിതമായ വിശേഷാധികാരങ്ങൾ നൽകുന്നില്ലെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്.

​ഗവർണറുടെ വിശേഷാധികാരങ്ങൾ പരിമിതമാണെന്നും ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കാൻ അധികാരമില്ലെന്നും കോടതി പലഘട്ടങ്ങളിൽ വ്യക്തമാക്കിയതാണ്.

മുഖ്യമന്ത്രിയുമായോ ബന്ധപ്പെട്ട വകുപ്പുമന്ത്രിയുമായോ കൂടിയാലോചിച്ചതിന് ശേഷം മാത്രമേ ഗവർണർക്ക് ഇത്തരം കാര്യങ്ങളിൽ പ്രവർത്തിക്കാൻ കഴിയുകയുള്ളൂ. എന്നാൽ കാലടി സർവകലാശാല വിഷയത്തിൽ അങ്ങനെയൊന്നും ഉണ്ടായില്ല എന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

ഉന്നതവിദ്യാഭ്യാസ രംഗത്തും സർവ്വകലാശാലകളിലും ഗവർണർമാർ നടത്തിക്കൊണ്ടിരിക്കുന്ന കൈകടത്തലുകൾക്കെതിരെ വിദ്യാർഥികളും പൊതുസമൂഹവും ശക്തമായ ചെറുത്തുനിൽപാണ് നടത്തുന്നത്. എന്നാൽ സർക്കാരിന്റെ അനുരഞ്ജന നിലപാട് മറ്റ് വകുപ്പുകളിലേക്കും ഇടപെടാൻ ഗവർണർക്ക് പഴുതൊരുക്കുകയാണ്.

സർക്കാർ പാലിക്കുന്ന മൗനം വിധേയത്വമായി ഗവർണർ കാണുന്നുണ്ട്. സർക്കാരിൻ്റെ ഭരണഘടനാപരമായ ഫെഡറൽ അധികാരങ്ങളെയാണ് ഫലത്തിൽ ഗവർണർ വെല്ലുവിളിക്കുന്നത്. ഇത് സംസ്ഥാന സർക്കാരും ഗവർണറുമായുള്ള അഡ്ജസ്റ്റ്മെൻറ് രാഷ്ട്രീയത്തിന്റെ മേൽ ബലികൊടുക്കാനുള്ളതല്ല; ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ്.

ഈ അമിതാധികാര പ്രവണതകൾക്കും ഭരണഘടനാ ലംഘനങ്ങൾക്കും മുന്നിൽ ഒരക്ഷരം മിണ്ടാൻപോലും യുഡിഎഫ് സർക്കാർ ഭയപ്പെടുന്നത് അങ്ങേയറ്റം ലജ്ജാകരമാണ്.

ലോക്ഭവനിൽ യോഗാ ദിനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത വിഷയത്തിലും യുഡിഎഫ് സർക്കാർ കുറ്റകരമായ മൗനമായിരുന്നു പുലർത്തിയത്. പ്രതിപക്ഷ നേതാവ് ഈ വിഷയം ചൂണ്ടിക്കാണിച്ചിട്ടും മുഖ്യമന്ത്രി അനങ്ങിയില്ല. ചീഫ് സെക്രട്ടറി അതൃപ്തി അറിയിച്ചു എന്നാണ് അന്ന് പറഞ്ഞത്.

മുൻപ് എൽഡിഎഫ് ഭരണകാലത്ത് രാജ്ഭവനിൽ നിന്ന് സമാനമായ കൈകടത്തലുകൾ ഉണ്ടായപ്പോൾ ശക്തമായ ഭരണഘടനാ പ്രതിരോധമുയർത്തി അതിനെ നേരിട്ട ചരിത്രമുണ്ട്. മുഖ്യമന്ത്രി തന്നെ രാജ്ഭവന് കത്തെഴുതുകയും ഉദ്യോഗസ്ഥരെ വിലക്കുകയും ചെയ്തു.

തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ പരമാധികാരവും അവകാശങ്ങളും പണയം വെച്ചുള്ള യുഡിഎഫ് സർക്കാരിന്റെ ഈ കീഴടങ്ങൽ വോട്ടർമാരോടുള്ള അവഹേളനം കൂടിയാണ്’ -പിണറായി വിജയൻ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

**English Summary:**

Opposition Leader Pinarayi Vijayan criticized the Governor for directly summoning the state DGP, bypassing the Chief Minister and concerned minister, calling it anti-democratic and a violation of constitutional principles. He alleged this amounts to placing police administration at the mercy of RSS and challenged the UDF government’s silence. Citing the 2016 Nabam Rebia Supreme Court verdict, he said Article 163 does not give the Governor unfettered powers and such actions undermine federal authority.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378943/pinarayi-vijayan-governor-dgp-summon-anti-democratic)