---
title: " ഹണിമൂണിനിടെ ആർത്തവമുണ്ടായി; മൂഡ് കളഞ്ഞെന്നാരോപിച്ച് മർദ്ദനവും കൊലപാതകശ്രമവും; യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ എഫ്‌ഐആർ"
english_title: "UP Woman Alleges Husband Assaulted Her During Menstruation On Honeymoon, FIR Registered"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378929/up-woman-alleges-husband-assault-honeymoon-menstruation-fir"
published_at: "2026-08-17T15:30:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82dc2507861_up-woman-alleges-husband-assault-honeymoon-menstruation-fir.jpg"
keywords: ["Domestic Violence", "Dowry Harassment", "FIR", "Women Safety"]
---

#  ഹണിമൂണിനിടെ ആർത്തവമുണ്ടായി; മൂഡ് കളഞ്ഞെന്നാരോപിച്ച് മർദ്ദനവും കൊലപാതകശ്രമവും; യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ എഫ്‌ഐആർ

> **Lead Summary:** ലക്‌നൗ: ഹണിമൂണിനിടെ ആർത്തവമുണ്ടായതിന്റെ പേരിൽ ഭർത്താവ് മർദ്ദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി യുവതിയുടെ പരാതി. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നിന്നുള്ള യുവതിയുടെ പരാതിയിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

## Article Content

ലക്‌നൗ: ഹണിമൂണിനിടെ ആർത്തവമുണ്ടായതിന്റെ പേരിൽ ഭർത്താവ് മർദ്ദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി യുവതിയുടെ പരാതി. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നിന്നുള്ള യുവതിയുടെ പരാതിയിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

മൂന്ന് വർഷം മുൻപ് 2023 മേയിൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.ഡൽഹി സ്വദേശിയായ നിഖിൽ മിശ്രയാണ് യുവതിയുടെ ഭർത്താവ്. 2023 മേയിൽ വിവാഹിതരായ ദമ്പതികൾ ആൻഡമാൻ നിക്കോബാർ ദ്വീപിലേക്കായിരുന്നു ഹണിമൂൺ യാത്ര നടത്തിയത്.

പരാതിയിലെ ആരോപണം അനുസരിച്ച് ജൂലായ് നാലിനാണ് ദമ്പതികൾ ആൻഡമാൻ ദ്വീപിലെത്തിയത്. ഇതിനിടെ യുവതിക്ക് ആർത്തവമുണ്ടായതിൽ പ്രകോപിതനായ നിഖിൽ അടിക്കുകയും ഇടിക്കുകയും തൊഴിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായാണ് പരാതിയിൽ പറയുന്നത്.

കഠിനമായ വയറുവേദനയും രക്തസ്രാവവും അനുഭവപ്പെട്ടപ്പോൾ ആർത്തവത്തെക്കുറിച്ച് എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ലെന്ന് ചോദിച്ചായിരുന്നു നിഖിൽ പ്രകോപിതനായതെന്നും തന്റെ മൂഡ് കളഞ്ഞുവെന്ന് പറഞ്ഞായിരുന്നു മർദ്ദിച്ചതെന്നും യുവതി വെളിപ്പെടുത്തി.

നിലവിളി കേട്ടെത്തിയ ഹോട്ടൽ ജീവനക്കാരാണ് തന്റെ ജീവൻ രക്ഷിച്ചതെന്നും പരാതിയിൽ പറയുന്നു.മടങ്ങിയെത്തിയതിനുശേഷം നിഖിലിന്റെ മാതാവും സഹോദരിയും മാനസികമായി പീഡിപ്പിച്ചുവെന്നും യുവതി ആരോപിക്കുന്നു.

തുടർന്ന് പിതാവിനെ വിളിച്ച് തന്നെ തിരികെ വീട്ടിലേയ്ക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. തന്നെ വേണ്ടെന്ന് നിഖിൽ പിതാവിനോട് പറഞ്ഞതായും യുവതി വ്യക്തമാക്കി. വിവാഹം കഴിഞ്ഞ് 45 ദിവസത്തിനുശേഷം ഭർതൃവീട്ടിൽ നിന്ന് പുറത്താക്കിയെന്നും പ്രശ്നം പരിഹരിക്കാനെത്തിയ പിതാവിനെയും ഭർതൃവീട്ടുകാർ അപമാനിച്ചെന്നും യുവതി പരാതിപ്പെടുന്നു.

വിവാഹസമയത്ത് പിതാവ് 20 ലക്ഷം രൂപയും ഒരു കാറും ഏകദേശം 40 ലക്ഷം രൂപ വിലമതിക്കുന്ന മറ്റ് വസ്തുക്കളും സമ്മാനമായി നൽകിയതായും പരാതിക്കാരി അവകാശപ്പെട്ടു. സ്ത്രീധനമായി നൽകിയ വസ്തുക്കളുടെ പേരിൽ ഭർതൃവീട്ടുകാർ തന്നെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നും സ്ത്രീധനമായി നൽകിയ വസ്തുക്കൾ തിരികെ നൽകിയില്ലെന്നും ഭർത്താവ് നിരന്തരം ഭീഷണി സന്ദേശങ്ങൾ അയക്കുന്നുവെന്നും യുവതിയുടെ പരാതിയിലുണ്ട്.

ഗോരഖ്പൂർ സീനിയർ പോലീസ് സൂപ്രണ്ടിന്റെ ഇടപെടലിനെ തുടർന്നാണ് ഓഗസ്റ്റ് 15ന് യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. പരാതിയിൽ പറയുന്ന കാര്യങ്ങളെ സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

**English Summary:**

A woman from Gorakhpur, Uttar Pradesh has alleged that her husband assaulted and tried to strangle her during their honeymoon in Andaman in July 2023 because she had her period. The complainant stated that Nikhil Mishra, a Delhi native, beat, kicked and attempted to kill her, and was stopped only by hotel staff. She also alleged mental harassment by her husband's mother and sister, and dowry harassment involving Rs 20 lakh, a car and other items worth around Rs 40 lakh. An FIR was registered on August 15 following the intervention of the Gorakhpur Senior Superintendent of Police. Police are investigating the allegations.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378929/up-woman-alleges-husband-assault-honeymoon-menstruation-fir)