---
title: "ലഹരിക്ക് അടിമയായ മകൻ അമ്മയെ ആക്രമിക്കുന്നത് തടയാനെത്തി, കോഴിക്കോട്ടെ അരുംകൊല; കഴുത്തിന് കുത്തേറ്റ് പിടഞ്ഞ് വീണ് പിതാവ് "
english_title: " Father Killed In Kozhikode After Son Assaults Him While Trying To Save Mother"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378912/kozhikode-father-killed-by-son-abiram-domestic-violence"
published_at: "2026-08-17T13:47:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82c54266aae_kozhikode-father-killed-by-son-abiram-domestic-violence.jpg"
keywords: ["Crime News", "Kozhikode Crime News", "Murder", "Kerala Crime"]
---

# ലഹരിക്ക് അടിമയായ മകൻ അമ്മയെ ആക്രമിക്കുന്നത് തടയാനെത്തി, കോഴിക്കോട്ടെ അരുംകൊല; കഴുത്തിന് കുത്തേറ്റ് പിടഞ്ഞ് വീണ് പിതാവ് 

> **Lead Summary:** കോഴിക്കോട്: വെള്ളിപറമ്പിൽ മകന്റെ മർദനമേറ്റ് പിതാവ് മരിച്ചത് ലഹരിക്ക് അടിമയായ അഭിരാം അമ്മയെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോൾ. വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരനായിരുന്നു ഇന്നലെ അർധരാത്രിയുടെ 26 വയസ്സുകാരൻ അഭിരാമിന്റെ മർദനമേറ്റ് മരിച്ചത്.

## Article Content

കോഴിക്കോട്: വെള്ളിപറമ്പിൽ മകന്റെ മർദനമേറ്റ് പിതാവ് മരിച്ചത് ലഹരിക്ക് അടിമയായ അഭിരാം അമ്മയെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോൾ. വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരനായിരുന്നു ഇന്നലെ അർധരാത്രിയുടെ 26 വയസ്സുകാരൻ അഭിരാമിന്റെ മർദനമേറ്റ് മരിച്ചത്.

അമ്മയെ പരിക്കേൽപ്പിക്കുന്നത് തടയാനെത്തിയപ്പോൾ ശശിധരൻ ഭാര്യയുടെ രക്ഷയ്ക്കെത്തുകയായിരുന്നു. ഇതോടെ അമ്മയെ വിട്ട് ശശിധരന് നേരെ തിരിഞ്ഞു. കഴുത്തിന് കുത്തുകയും തലയിൽ ശക്തിയായി അടിക്കുകയും ചെയ്തതോടെ ഗുരുതരമായി പരിക്കേറ്റ ശശിധരൻ നിലത്തുവീണു.

ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികൾ കണ്ടത് ബോധമില്ലാതെ നിലത്ത് കിടക്കുന്ന ശശിധരനെയാണ്. തൊട്ടടുത്ത് പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്തത് പോലെ മകൻ അഭിരാം നിൽക്കുന്നതും കണ്ടു.

ഉടൻതന്നെ ശശിധരനെ പരിസരവാസികളും മറ്റു ബന്ധുക്കളും ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

നേരത്തെയും നിരവധി തവണ ഇതിനു സമാനമായ വിധത്തിൽ അഭിരാം അച്ഛനും അമ്മക്കും സഹോദരനും നേരെ ആക്രമണങ്ങൾ നടത്താറുണ്ട്. അന്നെല്ലാം കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകുമ്പോൾ പോലീസ് സ്ഥലത്തെത്തി അഭിരാമിനെ പിടിച്ച് കൊണ്ടുപോവുകയാണ് ചെയ്യാറുള്ളത്. പിന്നീട് വീണ്ടും തിരികെയെത്തി ഇതുതന്നെ ആവർത്തിക്കും.

നിത്യവും ലഹരി ഉപയോഗിക്കുന്ന അഭിരാം വീട്ടുകാർക്കും നാട്ടുകാർക്കും പൊതു ശല്യമായിരുന്നു. അതിനിടയിലാണ് സ്വന്തം പിതാവിന്റെ തന്നെ ജീവൻ എടുക്കുന്ന അവസ്ഥയിലേക്ക് എത്തിയത്.

കൊലപാതകം നടന്ന ഉടനെത്തന്നെ മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി വീട്ടിനകത്ത് ഇരിക്കുകയായിരുന്ന അഭിരാമിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസിനോട് താൻ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് അഭിരാം മൊഴി നൽകി.

വിരലടയാള വിദഗ്ധരും ഫോറൻസിക്ക് വിഭാഗവും കുറ്റിക്കാട്ടൂർ സർവീസ് സ്റ്റേഷന് സമീപമുള്ള മക്കിനിയാട്ട് വീട്ടിലെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കും. തുടർന്നാകും തെളിവെടുപ്പിന് വേണ്ടി കസ്റ്റഡിയിൽ വാങ്ങി വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുക. മെഡിക്കൽ കോളേജ് പോലീസ് ഇൻസ്പെക്ടർ വിപിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

**English Summary:**

A 26-year-old man allegedly killed his father in Kozhikode's Vellipparamba. The victim, Shashidharan, was attacked by his son Abiram while trying to save his wife from assault. Abiram, who is reportedly addicted to drugs, had a history of violence against family members. Police arrested him from the house and he reportedly confessed to the crime. Forensic and fingerprint experts collected evidence from the scene. The investigation is led by Medical College Police Inspector Vipin.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378912/kozhikode-father-killed-by-son-abiram-domestic-violence)