---
title: "'ജനങ്ങൾ ആഗ്രഹിച്ചത് ഒരു മാറ്റം മാത്രം...., മൂന്നുമാസം കൊണ്ട് സർക്കാർ എങ്ങോട്ടെന്ന് തെളിഞ്ഞു; ഇത് മാറ്റമല്ല, നാറ്റമാണ്' - പരിഹാസവുമായി പിഎ മുഹമ്മദ് റിയാസ്"
english_title: "PA Mohammed Riyas Criticizes UDF Government, Says Only "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378908/pa-mohammed-riyas-slams-udf-government-three-months"
published_at: "2026-08-17T13:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82be41a44c3_pa-mohammed-riyas-slams-udf-government-three-months.jpg"
keywords: ["PA Mohammed Riyas", "UDF Government", "Kerala Politics", "CPM"]
---

# 'ജനങ്ങൾ ആഗ്രഹിച്ചത് ഒരു മാറ്റം മാത്രം...., മൂന്നുമാസം കൊണ്ട് സർക്കാർ എങ്ങോട്ടെന്ന് തെളിഞ്ഞു; ഇത് മാറ്റമല്ല, നാറ്റമാണ്' - പരിഹാസവുമായി പിഎ മുഹമ്മദ് റിയാസ്

> **Lead Summary:** തിരുവനന്തപുരം: യുഡിഎഫ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻമന്ത്രിയും സിപിഐഎം നേതാവുമായ പി എ മുഹമ്മദ് റിയാസ്. കേരളത്തിൽ പത്ത് വർഷം എൽഡിഎഫ് സ്വീകരിച്ചത് തല ഉയർത്തിപ്പിടിച്ചുള്ള നിലപാടുകളായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻമന്ത്രിയും സിപിഐഎം നേതാവുമായ പി എ മുഹമ്മദ് റിയാസ്. കേരളത്തിൽ പത്ത് വർഷം എൽഡിഎഫ് സ്വീകരിച്ചത് തല ഉയർത്തിപ്പിടിച്ചുള്ള നിലപാടുകളായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങൾ ആഗ്രഹിച്ചത് ഒരു മാറ്റം മാത്രമാണെന്നും എന്നാൽ ജനങ്ങൾക്കൊരു തെറ്റുപറ്റിയെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. കേരളത്തിൽ മൂന്നുമാസം കൊണ്ട് ഉണ്ടായത് മാറ്റമല്ല നാറ്റമാണെന്നും അദ്ദേഹം പരിഹസിച്ചു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി മഴ കാരണമാണ് റോഡിൽ കുഴി ഉണ്ടാകുന്നതെന്ന് പറയുന്നുവെന്നും ആരോഗ്യമന്ത്രി പകർച്ചവ്യാധിക്ക് കാരണം മഴയെ പഴിക്കുന്നുവെന്നും മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. വൈദ്യുതി വകുപ്പ് മന്ത്രി മഴയില്ലാത്തതിനാൽ വൈദ്യുതി നിയന്ത്രണമുണ്ടെന്നും പറയുകയാണെന്നും അദ്ദേഹം വിമർശിച്ചു.

വൈദ്യുതി മേഖലയിലെ സർക്കാരിന്റെ മിസ് മാനേജ്മെന്റാണ് ഇന്നത്തെ വൈദ്യുതി നിയന്ത്രണത്തിന് കാരണമെന്ന് റിയാസ് ആരോപിച്ചു. മുമ്പ് ഇത്തരം പ്രതിസന്ധികൾ ഉണ്ടായപ്പോൾ കഴിഞ്ഞ സർക്കാർ അത് പരിഹരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നമ്മൾക്ക് ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കിന് കർണാടകയ്ക്ക് വൈദ്യുതി ലഭിച്ചിട്ടുണ്ടെന്നും എന്തുകൊണ്ട് കേരളത്തിന് ലഭിക്കുന്നില്ലെന്നും മുഹമ്മദ് റിയാസ് ചോദിച്ചു. വൈദ്യുതി നിയന്ത്രണം കാരണം രണ്ട് ജീവനുകളാണ് നഷ്ടമായതെന്നും ഇവർ വൈദ്യുതി മേഖലയിലെ വിഡി സതീശൻ സർക്കാരിന്റെ മിസ് മാനേജ്മെന്റിന്റെ രക്തസാക്ഷികളാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ മുമ്പ് മൊബൈൽ വെളിച്ചം അടിച്ച് ഓപ്പറേഷൻ ചെയ്യേണ്ട സ്ഥിതി ഉണ്ടായിട്ടുണ്ടോ എന്നും റിയാസ് ചോദിച്ചു. ഈ വിഷയത്തിൽ വൈദ്യുതി വകുപ്പ് മന്ത്രിയുടെ മറുപടി കറണ്ട് വന്നശേഷം സർജറി തുടരാനാണ് എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യമന്ത്രി കെ മുരളീധരനെ പരിഹസിച്ച മുഹമ്മദ് റിയാസ്, എരണാംകെട്ടവർ നാടുഭരിച്ചാൽ നാട് മുടിയുമെന്ന് നേരത്തെ പറഞ്ഞത് കെ മുരളീധരനാണെന്നും അദ്ദേഹം ദീർഘവീക്ഷണം ഉള്ളയാളാണെന്നും പറഞ്ഞു.

യുഡിഎഫ് സർക്കാരിന്റെ ബജറ്റിൽ സർക്കാർ ആശുപത്രികൾക്ക് നൽകേണ്ട ഫണ്ട് വെട്ടിക്കുറച്ചെന്നും തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതൽ പണം നൽകിയത് സ്വകാര്യ ആശുപത്രികളിലെ കോർപ്പറേറ്റുകളാണെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു.

**English Summary:**

> Former minister and CPM leader PA Mohammed Riyas launched a scathing attack on the UDF government. He said the government has brought "naattam" instead of change in three months. Riyas criticized ministers for blaming rain for potholes, disease outbreaks and power cuts. He alleged mismanagement in the power sector led to two deaths and questioned why Kerala is not getting cheaper electricity like Karnataka. He also criticized budget cuts for government hospitals and alleged corporate hospitals funded the election campaign.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378908/pa-mohammed-riyas-slams-udf-government-three-months)