---
title: "ശിവ സൂര്യ  എവിടെ? പത്താം ദിവസവും കാണാമറയത്ത്; സിസിടിവി പരിശോധനകള്‍ വിഫലം, അന്വേഷണം വാരണാസിയിലേക്കും"
english_title: "Kannur Siva Surya Missing 10 Days, Police Search Extended To Varanasi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378880/kannur-peringathur-siva-surya-missing-search-varanasi"
published_at: "2026-08-17T11:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a829ed898f99_kannur-peringathur-siva-surya-missing-search-varanasi.jpg"
keywords: ["Shivasurya Missing", "Student Missing", "Missing Case", "Peringathur Missing Case"]
---

# ശിവ സൂര്യ  എവിടെ? പത്താം ദിവസവും കാണാമറയത്ത്; സിസിടിവി പരിശോധനകള്‍ വിഫലം, അന്വേഷണം വാരണാസിയിലേക്കും

> **Lead Summary:** കണ്ണൂർ: മൊബൈൽ ഉപയോഗം വിലക്കിയതിൽ വീട് വിട്ടിറങ്ങിയ പെരിങ്ങത്തൂർ സ്വദേശി ശിവ സൂര്യയെ കാണാതായിട്ട് 10 ദിവസം. പൊലീസ് ഊർജിത അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു സൂചനയും ലഭിച്ചിട്ടില്ല.

## Article Content

കണ്ണൂർ: മൊബൈൽ ഉപയോഗം വിലക്കിയതിൽ വീട് വിട്ടിറങ്ങിയ പെരിങ്ങത്തൂർ സ്വദേശി ശിവ സൂര്യയെ കാണാതായിട്ട് 10 ദിവസം. പൊലീസ് ഊർജിത അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു സൂചനയും ലഭിച്ചിട്ടില്ല.

അതേസമയം ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും. ഈ മാസം എട്ടിനാണ് ശിവ സൂര്യ വീട് വിട്ടുപോയത്. മൊബൈൽ ഗെയിം കളിക്കുന്നത് വിലക്കി പിതാവ് ഫോൺ പിടിച്ചുവാങ്ങിയതിനെ തുടർന്നായിരുന്നു സംഭവം. ശിവ സൂര്യ വീട് വിട്ടിറങ്ങുന്ന സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.

'കാശിയിലേക്ക് പോകുന്നുവെന്നും ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും' എന്ന് കുറിപ്പ് എഴുതിവച്ചാണ് ശിവ സൂര്യ നാടുവിട്ടതെന്ന് പൊലീസ് അറിയിച്ചു. ചെറുപ്പത്തിൽ അമ്മ മരിച്ച ശിവ സൂര്യയുടെ കൂടെ പിതാവ് മാത്രമാണ് ഉള്ളത്.

കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ശിവ സൂര്യ വീട്ടിൽ നിന്ന് ഇറങ്ങി നടന്നുപോകുന്നത് കണ്ടതായി പരിസരവാസികൾ മൊഴി നൽകി.

ഇതിന്റെ അടിസ്ഥാനത്തിൽ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ശിവ സൂര്യയുടെ ദൃശ്യങ്ങൾ ലഭിച്ചില്ല. വീട് വിട്ടിറങ്ങിയതായി വീട്ടുകാർ പറയുന്ന സമയം കേന്ദ്രീകരിച്ച് തലശ്ശേരി, മാഹി റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.

ശിവ സൂര്യ ട്രെയിൻ കയറി പോയതായി കണ്ടെത്താനായില്ലെന്ന് പൊലീസ് വ്യക്തമാക്കി. കത്തിൽ പറഞ്ഞ സ്ഥലം കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിൽ പൊലീസ് സംഘം എത്തി തെരച്ചിൽ നടത്തി.

അതുപോലെ ശിവ സൂര്യ കാശിയിലേക്ക് പോകുന്നതായി കുറിച്ചതിനാൽ വാരണാസിയിലും അന്വേഷണം നടക്കുന്നുണ്ട്. അവിടെയുള്ള മലയാളി സംഘടനകളുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുകയാണ് പൊലീസ്.

ബന്ധുക്കളിൽ നിന്ന് വാങ്ങിയ കൂടുതൽ പണം ശിവ സൂര്യയുടെ കൈവശമുണ്ടായിരുന്നതായും പൊലീസ് സംശയിക്കുന്നു. ഈ സാഹചര്യത്തിൽ ട്രെയിനിന് പുറമെ മറ്റ് വാഹനങ്ങളിൽ കയറി പോയിട്ടുണ്ടോ എന്ന കോണിലും അന്വേഷണം പുരോഗമിക്കുകയാണ്.

അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ശിവ സൂര്യയുടെ പിതാവ് മുഖ്യമന്ത്രി വി.ഡി. സതീശനും ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്. കുട്ടിയെ എത്രയും വേഗം കണ്ടെത്തുന്നതിന് അടിയന്തര ഇടപെടൽ വേണമെന്നാണ് പരാതിയിലെ ആവശ്യം.

**English Summary:**

Siva Surya from Peringathur, Kannur, has been missing for 10 days after leaving home following a mobile ban. Police found no trace in CCTV footage from Thalassery and Mahe railway stations. Searches are ongoing in Mysuru, Bengaluru, and Varanasi based on his note about going to Kashi. His father has complained to CM V.D. Satheesan and the District Collector seeking urgent action.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378880/kannur-peringathur-siva-surya-missing-search-varanasi)