---
title: "സൂക്ഷിക്കുക...! ഇ.എം.ഐ മുടങ്ങിയാൽ മൊബൈൽ ഫോൺ ലോക്കാകും; ആർ.ബി.ഐയുടെ പുതിയ നിർദ്ദേശങ്ങൾ "
english_title: "RBI Allows Partial Locking Of EMI Mobile Phones For Loan Defaulters New Rules Explained"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378841/rbi-new-rule-emi-mobile-loan-default-lock-guidelines"
published_at: "2026-08-16T22:25:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a81ebcacdbb6_rbi-new-rule-emi-mobile-loan-default-lock-guidelines.jpg"
keywords: ["RBI", "EMI Loan", "Mobile Phone Lock", "CIBIL Score", "Consumer Rights"]
---

# സൂക്ഷിക്കുക...! ഇ.എം.ഐ മുടങ്ങിയാൽ മൊബൈൽ ഫോൺ ലോക്കാകും; ആർ.ബി.ഐയുടെ പുതിയ നിർദ്ദേശങ്ങൾ 

> **Lead Summary:** **ന്യൂഡൽഹി: **വായ്പയെടുത്ത് മൊബൈൽ ഫോണുകളും ടാബ്‌ലെറ്റുകളും വാങ്ങുന്നവർ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ, ഉപകരണം ഭാഗികമായി 'ലോക്ക്' ചെയ്യാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്ന പുതിയ ഉത്തരവ് റിസർവ് ബാങ്ക് പുറത്തിറക്കിയിരിക്കുകയാണ്.

## Article Content

**ന്യൂഡൽഹി: **വായ്പയെടുത്ത് മൊബൈൽ ഫോണുകളും ടാബ്‌ലെറ്റുകളും വാങ്ങുന്നവർ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ, ഉപകരണം ഭാഗികമായി 'ലോക്ക്' ചെയ്യാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്ന പുതിയ ഉത്തരവ് റിസർവ് ബാങ്ക് പുറത്തിറക്കിയിരിക്കുകയാണ്.

അടവ് മുടങ്ങി 30 ദിവസം വരെ ഫോണിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പാടില്ല. കുടിശ്ശിക 60 ദിവസം കഴിഞ്ഞാൽ മാത്രമേ പൂർണ്ണ തോതിലുള്ള ലോക്കിംഗ് സാധ്യമാകൂ. ലോക്ക് ചെയ്യുന്നതിന് മുൻപ് നിർബന്ധമായും നോട്ടീസ് നൽകണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും, ഇത് ഏത് രീതിയിൽ ഉപഭോക്താവിലേക്ക് എത്തിക്കുമെന്നതിൽ വ്യക്തത വരാനുണ്ട്.

ലോൺ എടുക്കുമ്പോൾ ഉപഭോക്താവ് ഒപ്പിട്ടു നൽകുന്ന കരാറിന്റെ അടിസ്ഥാനത്തിൽ മാത്രമേ ലോക്ക് ചെയ്യാനാകൂ. എന്നാൽ അടിയന്തര ആവശ്യത്തിന് വായ്പയെടുക്കുമ്പോൾ നിബന്ധനകൾ ശ്രദ്ധിക്കാതെ ഒപ്പിട്ടു നൽകുന്ന സാധാരണക്കാർക്ക് ഇത് വലിയൊരു ചതിക്കുഴിയാകാൻ സാധ്യതയുണ്ട്.

ഇന്റർനെറ്റ്, ഇൻകമിംഗ് കോളുകൾ, എമർജൻസി SOS സേവനങ്ങൾ, സർക്കാരിന്റെ ജാഗ്രതാ സന്ദേശങ്ങൾ എന്നിവ തടയരുത് എന്നത് ആശ്വാസകരമാണ്. എന്നാൽ ഔട്ട്ഗോയിംഗ് കോളുകൾ തടയുന്നത് ഉപഭോക്താവിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒന്നാണ്. ലോക്ക് ചെയ്ത ഫോണിലെ സ്വകാര്യ വിവരങ്ങൾ ചോർത്താൻ പാടില്ലെന്ന് നിർദ്ദേശമുണ്ടെങ്കിലും ഇതിന്റെ സുരക്ഷ എങ്ങനെ ഉറപ്പാക്കുമെന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

കുടിശ്ശിക തിരിച്ചടച്ച് ഒരു മണിക്കൂറിനുള്ളിൽ ലോക്ക് നീക്കണം. വീഴ്ച വരുത്തിയാൽ വൈകുന്ന ഓരോ മണിക്കൂറിനും 250 രൂപ വീതം വായ്പാ സ്ഥാപനം ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണം. എന്നാൽ ഇത് പ്രായോഗികമായി ലഭിക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്നതിൽ ആശയക്കുഴപ്പമുണ്ട്.

വായ്പ പൂർണ്ണമായി തിരിച്ചടച്ചാൽ ലോക്കിംഗ് ആപ്പുകൾ നീക്കം ചെയ്യാൻ അവകാശമുണ്ട്. പരാതികൾ പരിഹരിക്കാൻ പ്രത്യേക സംവിധാനം ഉണ്ടാകുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് സാധാരണക്കാർക്ക് എത്രത്തോളം അനുകൂലമാകുമെന്ന് കണ്ടറിയണം.

ചുരുക്കത്തിൽ, കമ്പനികളുടെയും വ്യാപാരികളുടെയും ആകർഷകമായ ഓഫറുകളിൽ വീണുപോയി ലോണെടുക്കുന്നവരോട് പുതിയ റിസർവ് ബാങ്ക് ഉത്തരവ് അത്ര കരുണ കാണിക്കുന്നില്ല എന്ന് തന്നെ പറയേണ്ടി വരും.

**വായ്പയെടുക്കുമ്പോൾ പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:**

മാസവരുമാനത്തിന്റെ 40%-ൽ കൂടുതൽ തുക മൊത്തം ഇ.എം.ഐ ആയി പോകുന്ന അവസ്ഥ ഒഴിവാക്കുക. കൃത്യമായി തിരിച്ചടയ്ക്കാൻ കഴിയുന്ന തുക മാത്രം വായ്പയെടുക്കുക.

പലിശ നിരക്ക്, പ്രോസസിംഗ് ചാർജ്, ഫോർക്ലോഷർ ചാർജ്, മറഞ്ഞിരിക്കുന്ന മറ്റ് നിരക്കുകൾ (Hidden Charges) എന്നിവ വ്യക്തമായി മനസ്സിലാക്കിയ ശേഷം മാത്രം ഒപ്പിടുക.

സിബിൽ സ്കോർ (CIBIL Score) കുറയുകയും ഭാവിയിൽ മറ്റ് വായ്പകൾ ലഭിക്കാതാവുകയും ചെയ്യും.

അടവ് മുടങ്ങുന്ന ഓരോ മാസത്തിനും അധിക പിഴപ്പലിശ നൽകേണ്ടി വരും.

ഗാഡ്ജറ്റുകളും വാഹനങ്ങളും ഭാഗികമായോ പൂർണ്ണമായോ ലോക്ക് ചെയ്യാനോ കൈവശപ്പെടുത്താനോ സ്ഥാപനങ്ങൾക്ക് നിയമപരമായ അവകാശമുണ്ടായിരിക്കും.

ഈട് നൽകുന്ന വായ്പകളിൽ (Gold/Property Loan) വസ്തുവകകൾ ലേലം ചെയ്തു പിടിക്കാൻ ബാങ്കുകൾക്ക് അധികാരമുണ്ട്.

ആർ.ബി.ഐ അംഗീകാരമുള്ള ബാങ്കുകളിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളിൽ (NBFC) നിന്നോ മാത്രം വായ്പയെടുക്കുക. തട്ടിപ്പ് ആപ്പുകളെ പൂർണ്ണമായി ഒഴിവാക്കുക.

കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളുടെ പിന്നാലെ പോകാതെ, കൃത്യമായ തിരിച്ചടവ് ഉറപ്പുണ്ടെങ്കിൽ മാത്രം EMI വ്യവസ്ഥയിൽ ഗാഡ്ജറ്റുകൾ വാങ്ങുക. ശ്രദ്ധിച്ചില്ലെങ്കിൽ മനസ്സമാധാനത്തോടൊപ്പം നിങ്ങളുടെ വിലപിടിപ്പുള്ള ഫോണും ലാപ്ടോപ്പും നഷ്ടപ്പെടാൻ ഈ പുതിയ ഉത്തരവ് കാരണമായേക്കാം.

**English Summary:**

The Reserve Bank of India has issued new guidelines allowing financial institutions to partially lock EMI-purchased mobile phones and tablets if repayments default. No restrictions can be imposed for up to 30 days of default, and full locking is allowed only after 60 days. A mandatory notice must be given before locking. Internet, incoming calls, and emergency services cannot be blocked, but outgoing calls can be. RBI mandates unlocking within one hour of repayment, with a penalty of Rs 250 per hour of delay. The new order warns consumers to carefully read loan agreements and avoid EMIs exceeding 40% of monthly income.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378841/rbi-new-rule-emi-mobile-loan-default-lock-guidelines)