---
title: "'സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിൽ പോകൂ'; വിവാദ പരാമർശവുമായി സ്‌കൂള്‍ ഉടമ, പിന്നാലെ ഖേദ പ്രകടനം  "
english_title: "Mala School Chairman Regrets Remarks Asking Absent Students To Go To Pakistan "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378815/mala-school-chairman-regret-pakistan-remarks-independence-day"
published_at: "2026-08-16T18:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a81b17e19ce6_mala-school-chairman-regret-pakistan-remarks-independence-day.jpg"
keywords: ["Independence Day", "School Controversy", "Kerala Education"]
---

# 'സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിൽ പോകൂ'; വിവാദ പരാമർശവുമായി സ്‌കൂള്‍ ഉടമ, പിന്നാലെ ഖേദ പ്രകടനം  

> **Lead Summary:** തൃശൂര്‍: സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാത്ത വിദ്യാര്‍ത്ഥികള്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന പരാമര്‍ശവുമായി സ്‌കൂള്‍ ഉടമ. പരാമർശം വിവാദമായതിന് പിന്നാലെ ഖേദപ്രകടനം നടത്തി മാള രാജു ഡേവിസ്.

## Article Content

തൃശൂര്‍: സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാത്ത വിദ്യാര്‍ത്ഥികള്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന പരാമര്‍ശവുമായി സ്‌കൂള്‍ ഉടമ. പരാമർശം വിവാദമായതിന് പിന്നാലെ ഖേദപ്രകടനം നടത്തി മാള രാജു ഡേവിസ്.

തന്റെ വാക്കുകൾ ആർക്കെങ്കിലും ദുഃഖം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.എല്ലാവരും ഒന്നിച്ചു മുന്നോട്ട് പോകണമെന്നാണ് എന്നും ആഗ്രഹിക്കുന്നതെന്നും ആരെയും അധിക്ഷേപിക്കാൻ വേണ്ടി അത്തരം ഒരു പരാമർശം നടത്തിയതല്ലെന്നും ഡോ. രാജു ഡേവിസ് പറഞ്ഞു.

സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിന് എത്താത്ത കുട്ടികൾക്കെതിരെയായിരുന്നു ചെയർമാന്റെ ആദ്യ പരാമർശം.തൃശൂർ മാള ഇന്റർനാഷണൽ സ്കൂൾ മേധാവി രക്ഷിതാക്കളുടെ വാട്സാപ് ഗ്രൂപ്പിലിട്ട സന്ദേശമാണ് വിവാദത്തിന് കാരണമായത്.

സ്വാതന്ത്ര്യദിന ചടങ്ങുകളിൽനിന്ന് വിട്ടുനിന്ന കുട്ടികൾ രാജ്യദ്രോഹികളാണെന്നും വീട്ടിലിരിക്കുന്നവർ പാകിസ്താനിലേക്ക് പോകേണ്ടവരാണെന്നുമായിരുന്നു സ്കൂൾ ഉടമയുടെ ആക്ഷേപം എന്നാണ് പരാതി. സ്വാതന്ത്ര്യദിനത്തിൽ മുഴുവൻ വിദ്യാർഥികളും നിർബന്ധമായും സ്കൂളിൽ ഹാജരാകണമെന്ന് നേരത്തെ നിർദ്ദേശം നൽകിയിരുന്നതായി സ്കൂൾ അധികൃതർ അറിയിച്ചു.

എന്നാൽ വിവിധ വ്യക്തിപരമായ കാരണങ്ങളാൽ ചടങ്ങിനെത്താൻ കഴിയാത്ത കുട്ടികളെ സ്കൂൾ മേധാവി പരസ്യമായി അധിക്ഷേപിച്ചെന്നും ഇത്തരത്തിൽ വിട്ടുനിന്ന കുട്ടികളെ ക്ലാസിൽ കയറ്റില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.

> രക്ഷിതാക്കൾക്കിടയിൽ അമർഷം ശക്തമായതിന് പിന്നാലെ സംഭവത്തിന്റെ ഗൗരവം വർധിപ്പിച്ചുകൊണ്ട് സ്കൂൾ ഉടമ വീണ്ടും വിശദീകരണവുമായി രംഗത്തെത്തി. “സ്കൂളിൽ വരാത്തവർ പാകിസ്താനിലേക്ക് പോകണമെന്നാണ് ഞാൻ പറഞ്ഞത്.

അറബ് രാജ്യങ്ങളിലേക്കോ ബംഗ്ലാദേശിലേക്കോ പോകണമെന്നല്ല. പാകിസ്താൻ ഇന്ത്യയുടെ ശത്രുരാജ്യമാണ്. എന്റെ രാജ്യസ്നേഹവും മതനിരപേക്ഷതയും എന്നെ ആരും പഠിപ്പിക്കേണ്ടതില്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ സന്ദേശം.

സ്കൂളിൽ ഹാജരാകാത്തതിന്റെ പേരിൽ കൊച്ചുകുട്ടികളെയും അവരുടെ കുടുംബങ്ങളെയും രാജ്യദ്രോഹികളായി മുദ്രകുത്തുന്ന നടപടികൾക്കെതിരെ രക്ഷിതാക്കളും പൊതുസമൂഹവും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

എന്തെങ്കിലും കാരണവശാൽ ഒരു ദിവസം സ്കൂളിൽ എത്തിച്ചേരാത്ത കുട്ടികൾ എങ്ങനെയാണ് രാജ്യസ്നേഹമില്ലാത്തവരായി മാറുന്നതെന്ന ചോദ്യമാണ് ഇപ്പോൾ പ്രധാനമായും ഉയരുന്നത്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ അടിയന്തര ഇടപെടലും കർശന നടപടിയും ആവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

**English Summary:**

> Dr. Raju Davis, Chairman of Raju Davis International School, Mala, Thrissur, expressed regret over his remarks that students absent on Independence Day should "go to Pakistan". The comment was made in a parents' WhatsApp group after some children skipped the celebrations. He later said he did not intend to insult anyone and wants everyone to move forward together. In a follow-up message, he defended his patriotism. Parents and organizations have condemned labeling children as anti-national and have sought urgent intervention from the Education Department.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378815/mala-school-chairman-regret-pakistan-remarks-independence-day)