---
title: "'വിവാദ പരാമർശം പിൻവലിച്ച് വിസി മാപ്പ് പറയണം; അല്ലെങ്കിൽ തെരുവിൽ കൈകാര്യം ചെയ്യും'- കെഎസ്‌യു"
english_title: "KSU Demands Kerala VC Mohan Kunnummal Apologise For Controversial RSS Event Remarks"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378787/kerala-vc-mohan-kunnummal-controversy-ksu-protest"
published_at: "2026-08-16T15:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8189a895a6f_kerala-vc-mohan-kunnummal-controversy-ksu-protest.jpg"
keywords: ["Kerala University", "VC Mohan Kunnummal", "KSU", "RSS"]
---

# 'വിവാദ പരാമർശം പിൻവലിച്ച് വിസി മാപ്പ് പറയണം; അല്ലെങ്കിൽ തെരുവിൽ കൈകാര്യം ചെയ്യും'- കെഎസ്‌യു

> **Lead Summary:** തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ വിവാദ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കെഎസ്‌യു രംഗത്ത്. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് കെഎസ്‌യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ ആവശ്യപ്പെട്ടു.

## Article Content

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ വിവാദ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കെഎസ്‌യു രംഗത്ത്. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് കെഎസ്‌യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ ആവശ്യപ്പെട്ടു.

> ആർഎസ്എസ് വേദികളിൽ പങ്കെടുത്ത് രാജ്യത്തിന്റെ മതേതര നിലപാടുകൾക്ക് മങ്ങലേൽപ്പിക്കുന്ന നിലപാടാണ് വിസി സ്വീകരിക്കുന്നതെന്ന് ഗോപു നെയ്യാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. "ഒരു സർവകലാശാലയുടെ വൈസ് ചാൻസിലർ ആണ് താനെന്ന ബോധമില്ലാതെ ആർഎസ്എസ് വേദികളിൽ കയറിയിറങ്ങി കേരളീയ പൊതുസമൂഹത്തിനാകമാനം അപമാനകരമാകുന്ന പ്രസ്താവനകൾ നടത്തുന്നു" എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

> വിവാദ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാൻ വിസി തയ്യാറാവണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും കെഎസ്‌യു അറിയിച്ചു. "പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാൻ തയ്യാറായില്ലെങ്കിൽ വിസിയെ തെരുവിൽ കൈകാര്യം ചെയ്യേണ്ടി വരുമെന്ന് കെഎസ്‌യു ഓർമ്മിപ്പിക്കുകയാണ്" എന്നും പോസ്റ്റിൽ പറയുന്നു.

> തിരുവനന്തപുരം മണിവിളയിൽ ആർഎസ്എസ് സംഘടിപ്പിച്ച 'സങ്കൽപ് 2026 യുവസംഗമ'ത്തിലാണ് വിവാദ പരാമർശമുണ്ടായത്. പരിപാടിയിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകിയ മോഹനൻ കുന്നുമ്മൽ, "മഹനീയ സദസ്സിൽ വരാൻ കഴിഞ്ഞത് ഭാഗ്യമാണ്" എന്ന് പറഞ്ഞു.

> "അമ്മ ആരാണ് എന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത്" എന്നും അദ്ദേഹം പരാമർശിച്ചു. പ്രസംഗം "വന്ദേമാതരം" എന്ന് പറഞ്ഞാണ് അവസാനിപ്പിച്ചത്. സംഭവത്തിൽ ഇന്നലെ എസ്എഫ്ഐയും എഐഎസ്എഫും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

സിപിഐഎമ്മും വിഷയത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ ഉണ്ടാകണമെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. എന്നാൽ വിഷയത്തിൽ ഇതുവരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പ്രതികരിച്ചിട്ടില്ല.

രണ്ടുതവണ പ്രതികരണം തേടിയിട്ടും മന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രതിഷേധം കടുപ്പിക്കാനാണ് വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം. സർവകലാശാല ആസ്ഥാനത്തേക്ക് നാളെ എസ്എഫ്ഐ പ്രവർത്തകർ മാർച്ച് നടത്തും.

**English Summary:**

> KSU Thiruvananthapuram District President Gopu Neyyar has strongly criticized Kerala University Vice Chancellor Mohan Kunnummal over his controversial remarks at an RSS event. Demanding that the VC withdraw the statement and apologize, KSU warned of intensified protests and said the VC would have to "face it on the streets" if he did not. Kunnummal made the remarks at the RSS-organized 'Sankalp 2026 Yuva Sangam' in Manvila, saying those opposing 'Vande Mataram' do not know who their mother is. SFI and AISF also protested yesterday. CPI(M) leaders including former minister V Sivankutty demanded intervention by Higher Education Minister R Bindu, who has not yet responded. SFI will hold a march to the university headquarters tomorrow.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378787/kerala-vc-mohan-kunnummal-controversy-ksu-protest)