---
title: " അവധിക്കെത്തിയത് ജീവനെടുക്കാനോ? ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ, വിവാഹശേഷം അനുഭവിച്ചത് കൊടുംപീഡനം; ഭാര്യയെ മർദ്ദിച്ചുകൊന്ന ബിഎസ്എഫ് ജവാൻ പിടിയിൽ"
english_title: "BSF Jawan Amarjit Singh Arrested Punjab Wife Murder Hoshiarpur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378775/punjab-bsf-jawan-arrested-wife-murder-hoshiarpur"
published_at: "2026-08-16T13:17:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a816cb92259d_punjab-bsf-jawan-arrested-wife-murder-hoshiarpur.jpg"
keywords: ["Punjab", "BSF", "Murder", "Domestic Violence"]
---

#  അവധിക്കെത്തിയത് ജീവനെടുക്കാനോ? ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ, വിവാഹശേഷം അനുഭവിച്ചത് കൊടുംപീഡനം; ഭാര്യയെ മർദ്ദിച്ചുകൊന്ന ബിഎസ്എഫ് ജവാൻ പിടിയിൽ

> **Lead Summary:** **ഹോഷിയാർപൂർ: **പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ബിഎസ്എഫ് ജവാൻ അറസ്റ്റിലായി. അമർജിത് സിംഗ് ആണ് പിടിയിലായത്. ഭാര്യയായ രാമയെ കൊലപ്പെടുത്തിയ ശേഷം ഇത് മേൽക്കൂരയിൽ നിന്ന് വീണുണ്ടായ അപകടമരണമാക്കി മാറ്റാൻ ഇയാൾ ശ്രമം നടത്തിയിരുന്നു.

## Article Content

**ഹോഷിയാർപൂർ: **പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ബിഎസ്എഫ് ജവാൻ അറസ്റ്റിലായി. അമർജിത് സിംഗ് ആണ് പിടിയിലായത്. ഭാര്യയായ രാമയെ കൊലപ്പെടുത്തിയ ശേഷം ഇത് മേൽക്കൂരയിൽ നിന്ന് വീണുണ്ടായ അപകടമരണമാക്കി മാറ്റാൻ ഇയാൾ ശ്രമം നടത്തിയിരുന്നു.

കഴിഞ്ഞ ആഗസ്റ്റ് 13-ന് രാത്രിയാണ് അവധിയിലായിരുന്ന അമർജിത് സിംഗ് വീട്ടിലെത്തിയത്. തുടർന്ന് അന്നു രാത്രി ഇയാൾ ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും, പരുക്കേറ്റ യുവതി പിന്നീട് മരണപ്പെടുകയുമായിരുന്നു. ആഗസ്റ്റ് 14-ന് പുലർച്ചെ നാല് മണിയോടെ രാമ വീടിന്റെ മേൽക്കൂരയിൽ നിന്ന് വീണുവെന്നും പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നുമാണ് അമർജിത് വീട്ടുകാരെ അറിയിച്ചത്.

എന്നാൽ ആശുപത്രിയിൽ എത്തിയ ബന്ധുക്കൾ രാമയുടെ ശരീരത്തിൽ നിരവധി മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയതോടെ മരണത്തിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തി. വിവാഹശേഷവും തന്റെ മകൾ ഭർത്താവിൽ നിന്നും നിരന്തരം ശാരീരിക പീഡനങ്ങളും മാനസിക ബുദ്ധിമുട്ടുകളും നേരിട്ടിരുന്നതായി രാമയുടെ പിതാവ് രാം ചന്ദ് വെളിപ്പെടുത്തി.

12 വർഷം മുൻപ് വിവാഹിതരായ ദമ്പതികൾക്ക് ഒരു മകനും മകളുമുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് അമർജിത് സിംഗിനെ കൂടാതെ ഇയാളുടെ അമ്മാവൻ കുൽദീപ് കുക്കി, അമ്മായി സോണിയ എന്നിവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. മുഖ്യ പ്രതിയായ അമർജിത് സിംഗ് അറസ്റ്റിലായെങ്കിലും മറ്റ് രണ്ട് പ്രതികൾ ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം യുവതിയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378775/punjab-bsf-jawan-arrested-wife-murder-hoshiarpur)