---
title: "കത്തി വാങ്ങിയത് 3 ആഴ്ച മുൻപ്, ആദ്യം ജീവനെടുത്തത് പെറ്റമ്മയുടെ പിന്നാലെ അച്ഛനെയും കൊന്നു; മാതാപിതാക്കളെ ദൈവസന്നിധിയിലേക്ക് അയക്കാൻ പറഞ്ഞെന്ന് മൊഴി "
english_title: "Idukki Ezhukumvayal Double Murder: Son Ajeesh Confesses To Killing Parents With Knife"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378730/idukki-ezhukumvayal-double-murder-son-arrested"
published_at: "2026-08-16T07:11:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8115669b800_idukki-ezhukumvayal-double-murder-son-arrested.jpg"
keywords: ["Idukki Double Murder", "Murder Case", "Nedumkandam Police"]
---

# കത്തി വാങ്ങിയത് 3 ആഴ്ച മുൻപ്, ആദ്യം ജീവനെടുത്തത് പെറ്റമ്മയുടെ പിന്നാലെ അച്ഛനെയും കൊന്നു; മാതാപിതാക്കളെ ദൈവസന്നിധിയിലേക്ക് അയക്കാൻ പറഞ്ഞെന്ന് മൊഴി 

> **Lead Summary:** **ഇടുക്കി: **ഇടുക്കി നെടുങ്കണ്ടം എഴുകുംവയലിൽ മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂന്നാഴ്ച മുൻപ് വാങ്ങി കൈയിൽ കരുതിയ കത്തി ഉപയോഗിച്ചാണ് മാതാപിതാക്കളെ കൊലപ്പെടുത്തിയതെന്ന് പ്രതി മൊഴി നൽകി.

## Article Content

**ഇടുക്കി: **ഇടുക്കി നെടുങ്കണ്ടം എഴുകുംവയലിൽ മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂന്നാഴ്ച മുൻപ് വാങ്ങി കൈയിൽ കരുതിയ കത്തി ഉപയോഗിച്ചാണ് മാതാപിതാക്കളെ കൊലപ്പെടുത്തിയതെന്ന് പ്രതി മൊഴി നൽകി.

എഴുകുംവയൽ നീലാണ്ടൻകവല പാറത്തറയിൽ ആന്റണി(59), ഭാര്യ വത്സമ്മ(55) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകനും പ്രതിയുമായ അജീഷ്(26)നെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്.

പൊലീസ് പറയുന്നതനുസരിച്ച്, കട്ടപ്പനയിൽനിന്ന് വാങ്ങിയ കത്തി ഉപയോഗിച്ച് ആദ്യം അമ്മയെയും തുടർന്ന് പിതാവിനെയും അജീഷ് കൊലപ്പെടുത്തി. ലഹരിക്ക് അടിമയായ അജീഷിന് ഓൺലൈൻ വായ്പകൾ തിരിച്ചടയ്ക്കാൻ മാതാപിതാക്കൾ പണം നൽകാതിരുന്നതും കുടുംബ വഴക്കുമാണ് കൊലപാതകങ്ങൾക്ക് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മാതാപിതാക്കളെ ദൈവസന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞതായാണ് അജീഷ് നൽകിയ മൊഴി. കൊലപാതകത്തിന് ശേഷം രക്തത്തിൽ കുളിച്ച നിലയിൽ കൈയിൽ കൊന്തയുമായാണ് പ്രതിയെ നാട്ടുകാർ കണ്ടെത്തിയത്. വത്സമ്മയുടെ കഴുത്തിലും വയറിലും ആന്റണിയുടെ നെഞ്ചിലും വയറിലും മാരകമായി കുത്തേറ്റിരുന്നു. മരണം ഉറപ്പാക്കുന്നതിനായി ഇരുവരുടെയും കഴുത്തിലും ആഴത്തിൽ മുറിവേൽപ്പിച്ചതായാണ് വിവരം.

കൃത്യം നടത്തിയതിന് ശേഷം മൃതദേഹങ്ങളുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തി ബന്ധുവിനും വൈദികനും അയച്ചു കൊടുത്തു. കൊലപാതകത്തിന് പിന്നാലെ മാതാപിതാക്കളെ ദൈവസന്നിധിയിലേക്ക് അയച്ചെന്ന് അജീഷ് പറഞ്ഞതായും നാട്ടുകാർ പറയുന്നു. അജീഷ് ലഹരിക്ക് അടിമയായിരുന്നു. ഏതാനും നാളുകൾക്ക് മുമ്പ് ഡി-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാതാപിതാക്കളുമായി അജീഷിന് വൈരാഗ്യമുണ്ടായിരുന്നതായും വീട്ടിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നെനും പ്രദേശവാസികൾ പറയുന്നു.

മാതാവ് വത്സമ്മയെയാണ് അജീഷ് ആദ്യം ആക്രമിച്ചത്. വത്സമ്മയുടെ കഴുത്തിലാണ് പ്രതി കുത്തിയത്. ഈ സമയത്ത് വത്സമ്മയുടെ ഭർത്താവ് ആന്റണി വീട്ടിലുണ്ടായിരുന്നില്ല. വൈകുന്നേരം കവലയിലേക്ക് പോയ ആന്റണി തിരികെ വീട്ടിലെത്തിയപ്പോഴേക്കും വത്സമ്മ കൊല്ലപ്പെട്ടിരുന്നു. വീട്ടിൽ വസ്ത്രം മാറുന്നതിനിടെയാണ് ആന്റണിക്ക് നേരെ മകന്റെ ആക്രമണമുണ്ടായത്.

തെളിവെടുപ്പിനായി പ്രതിയെ വീട്ടിലെത്തിച്ചപ്പോൾ അജീഷ് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞതെന്നാണ് വിവരം. അമ്മ എവിടെയെന്നും ഇതെല്ലാം കള്ളമാണെന്നും തനിക്ക് കിട്ടിയ പണിയാണെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് തെളിവെടുപ്പിനിടെ പ്രതി പറഞ്ഞത്. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി വീട്ടിലെ സോഫയിൽനിന്ന് പൊലീസ് കണ്ടെത്തി.

അജീഷ് കുറ്റസമ്മതം നടത്തിയെങ്കിലും പരസ്പരവിരുദ്ധമായ മൊഴികൾ നൽകുന്നതിനാൽ പൊലീസ് ഇത് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണകാരണവും കൊലപാതകരീതിയും സ്ഥിരീകരിക്കാൻ കഴിയൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ആന്റണിയുടെ ശരീരത്തിൽ 14 മുറിവുകളും വത്സമ്മയുടെ ശരീരത്തിൽ നാല് മുറിവുകളുമാണ് ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ ഫൊറൻസിക് സംഘം വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. ഉച്ചയോടെ അജീഷിനെ വീട്ടിലെത്തിച്ച് തെളിവുകൾ ശേഖരിച്ചു. ഇരുവരുടെയും സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് എഴുകുംവയൽ നിത്യസഹായമാതാ പള്ളിയിൽ നടക്കും.

ജർമനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ നിതിനാണ് മൂത്ത മകൻ.അടിമാലി കോടതിയിൽ ഹാജരാക്കിയ അജീഷിനെ റിമാൻഡ് ചെയ്ത് ദേവികുളം സബ് ജയിലിലേക്ക് മാറ്റി.

**English Summary:**

In the Ezhukumvayal double murder case in Idukki, son Ajeesh, 26, was arrested for allegedly killing his parents Antony, 59, and Vatsamma, 55. He told police he used a knife bought three weeks ago from Kattappan, first attacking his mother then his father. Police suspect drug addiction and unpaid online loans were the motive. Ajeesh gave conflicting statements. Postmortem found 14 wounds on Antony and 4 on Vatsamma. The knife was recovered. He was remanded to Devikulam Sub Jail after being produced in Adimali court.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378730/idukki-ezhukumvayal-double-murder-son-arrested)