---
title: "കാമുകിയുമായി ചാറ്റിങ്...! ടി.എൻ.പി.എൽ മത്സരത്തിനിടെ ഡ്രസിങ് റൂമിൽ മൊബൈൽ ഉപയോഗം; യുവതാരത്തിന് സസ്പെൻഷനും ഒരു ലക്ഷം രൂപ പിഴയും"
english_title: "Tamil Nadu Premier League Player Suspended Fined For Using Mobile In Dressing Room"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378721/tnpl-player-suspended-fine-mobile-dressing-room"
published_at: "2026-08-15T22:17:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a80989c2ccbc_tnpl-player-suspended-fine-mobile-dressing-room.jpg"
keywords: ["TNPL", "BCCI", "Tamil Nadu Cricket", "Player Suspension", "Anti Corruption"]
---

# കാമുകിയുമായി ചാറ്റിങ്...! ടി.എൻ.പി.എൽ മത്സരത്തിനിടെ ഡ്രസിങ് റൂമിൽ മൊബൈൽ ഉപയോഗം; യുവതാരത്തിന് സസ്പെൻഷനും ഒരു ലക്ഷം രൂപ പിഴയും

> **Lead Summary:** ചെന്നൈ: തമിഴ്നാട് പ്രീമിയർ ലീഗ് മത്സരത്തിനിടെ ഡ്രസിങ് റൂമിൽ മൊബൈൽ ഫോൺ ഉപയോഗിച്ച യുവതാരത്തിന് സസ്പെൻഷനും ഒരു ലക്ഷം രൂപ പിഴയും ചുമത്തി. ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ-സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് താരം ചട്ടം ലംഘിച്ചതായി കണ്ടെത്തിയത്.

## Article Content

ചെന്നൈ: തമിഴ്നാട് പ്രീമിയർ ലീഗ് മത്സരത്തിനിടെ ഡ്രസിങ് റൂമിൽ മൊബൈൽ ഫോൺ ഉപയോഗിച്ച യുവതാരത്തിന് സസ്പെൻഷനും ഒരു ലക്ഷം രൂപ പിഴയും ചുമത്തി. ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ-സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് താരം ചട്ടം ലംഘിച്ചതായി കണ്ടെത്തിയത്.

ഓഗസ്റ്റ് 10-ന് ദിണ്ടിഗൽ നാഥത്തുള്ള എൻ.പി.ആർ കോളജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിനിടെയാണ് അച്ചടക്ക ലംഘനമുണ്ടായത്. കളിക്കാർക്കും മാച്ച് ഒഫിഷ്യൽസിനും മാത്രം പ്രവേശനമുള്ള മേഖലയിൽ (പി.എം.ഒ.എ) അനുമതിയില്ലാതെ മൊബൈൽ ഫോൺ ഉപയോഗിച്ചതിനാണ് നടപടി.

ഈ സമയം താരം തന്റെ കാമുകിയുമായി ഫോണിൽ ചാറ്റ് ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തെത്തുടർന്ന് ഫ്രാഞ്ചൈസി താരത്തെ ടീമിൽനിന്ന് അടിയന്തരമായി പുറത്താക്കി. തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്റെ (ടി.എൻ.സി.എ) അന്വേഷണം പൂർത്തിയാകുന്നതുവരെ താരത്തെ ടീമിലേക്ക് പരിഗണിക്കരുതെന്ന് ഫ്രാഞ്ചൈസി ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

സംഭവത്തിൽ താരത്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് അന്വേഷണ സമിതി വിലയിരുത്തി. എന്നാൽ, ആദ്യത്തെ കുറ്റമായതിനാൽ ഒരു ലക്ഷം രൂപ പിഴ ചുമത്താൻ അഴിമതി വിരുദ്ധ വിഭാഗം ശുപാർശ ചെയ്യുകയായിരുന്നു.

രണ്ട് വർഷത്തെ വിലക്ക് ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ ആദ്യം പരിഗണിച്ചിരുന്നെങ്കിലും പിന്നീട് അസോസിയേഷൻ ശിക്ഷ പിഴയിൽ ഒതുക്കി. അതേസമയം, താരത്തിന്റെ ഫോണിൽ നിന്ന് വാതുവെപ്പുമായി ബന്ധപ്പെട്ടതോ മറ്റ് സംശയകരമായതോ ആയ വിവരങ്ങളൊന്നും അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടില്ലെന്ന് ടി.എൻ.സി.എ അറിയിച്ചു.

എങ്കിലും, മത്സരസമയത്ത് ഡ്രസിങ് റൂമിൽ ആശയവിനിമയ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് അഴിമതി വിരുദ്ധ പ്രോട്ടോക്കോളിന്റെ കടുത്ത ലംഘനമായതിനാലാണ് കർശന നടപടിയെടുത്തതെന്ന് ടി.എൻ.സി.എ ഔദ്യോഗികമായി വ്യക്തമാക്കി.

കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ തമിഴ്നാടിനായി അരങ്ങേറ്റം കുറിച്ച 26 വയസ്സുകാരനായ ഇടങ്കയ്യൻ ബാറ്റർക്കാണ് ഈ നടപടി നേരിടേണ്ടി വന്നത്. കഴിഞ്ഞ സീസണിൽ രണ്ട് അർധ സെഞ്ച്വറികൾ നേടി മികച്ച പ്രടനം പുറത്തെടുത്ത താരത്തിന് അന്വേഷണം പൂർത്തിയാകുന്നതുവരെ മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും.

സമാനമായ രീതിയിൽ കഴിഞ്ഞ ഐ.പി.എൽ സീസണിൽ ഡഗൗട്ടിൽ മൊബൈൽ ഉപയോഗിച്ചതിന് രാജസ്ഥാൻ റോയൽസ് മാനേജർ റോമി ഭിന്ദറിനും ബി.സി.സി.ഐ ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.

**English Summary:**

A 26-year-old left-handed batter who made his Ranji Trophy debut for Tamil Nadu last season has been suspended and fined Rs 1 lakh for using a mobile phone in the dressing room during a Tamil Nadu Premier League match on August 10 at NPR College Ground, Dindigul. The BCCI Anti-Corruption and Security Unit found he violated the Player and Match Official Area protocol by chatting with his girlfriend. The franchise immediately removed him from the team. TNCA said no betting-related information was found on his phone, but using communication devices during matches is a serious breach of anti-corruption protocol.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378721/tnpl-player-suspended-fine-mobile-dressing-room)