---
title: "'അമ്മ ആരാണ് എന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത്'; ആർഎസ്‌എസ് വേദിയിൽ വിവാദ പരാമർശവുമായി കേരള സർവകലാശാല വിസി"
english_title: "Kerala VC Dr Mohan Kunnummal Criticises Vande Mataram Opponents And PSC Exam Trend"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378703/kerala-university-vc-mohan-kunnummal-vande-mataram-psc-comments"
published_at: "2026-08-15T19:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a806e68e9e90_kerala-university-vc-mohan-kunnummal-vande-mataram-psc-comments.jpg"
keywords: ["Kerala University", "Mohan Kunnummal", "Vande Mataram", "RSS"]
---

# 'അമ്മ ആരാണ് എന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത്'; ആർഎസ്‌എസ് വേദിയിൽ വിവാദ പരാമർശവുമായി കേരള സർവകലാശാല വിസി

> **Lead Summary:** തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ.

## Article Content

തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ.

ഭാരതം അമ്മയായതിനാലാണ് നാം വന്ദേമാതരം ആലപിക്കുന്നതെന്നും അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് സംഘടിപ്പിച്ച 'സങ്കൽപ്പ് യുവസംഗമം' എന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു വിസിയുടെ വിവാദ പ്രസംഗം.

ഭാരതഭൂമിയെ മാതാവായി കണ്ട് ആരാധിക്കുന്ന സംസ്കാരമാണ് നമ്മുടേതെന്ന് പ്രസംഗത്തിൽ വിസി പറഞ്ഞു. വന്ദേമാതരം ആലപിക്കുന്നത് മാതൃഭൂമിയോടുള്ള ആദരസൂചകമായാണ്. എന്നാൽ അമ്മ എന്താണെന്നോ ആരാണെന്നോ അറിയാത്തവരാണ് ഇതിനെ എതിർത്തു സംസാരിക്കുന്നത്.

അമ്മയെക്കുറിച്ച് അറിയുന്നവർ എപ്പോഴും വന്ദേമാതരം എന്ന് ഉറക്കെ വിളിച്ചുപറയും. നിലവിൽ വന്ദേമാതരത്തെ എതിർക്കുന്നവരും വരുംകാലങ്ങളിൽ മാറുമെന്നും, നമ്മുടെ നാട് ആ മാറ്റത്തിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.

യുവതലമുറയുടെ തൊഴിൽ സങ്കൽപ്പങ്ങളെക്കുറിച്ചും പിഎസ്‌സി പരീക്ഷകളെക്കുറിച്ചും പ്രസംഗത്തിൽ അദ്ദേഹം പരാമർശിച്ചു. പഠിച്ച് ബിരുദം നേടിയ ശേഷം എല്ലാവരും പിഎസ്‌സി പരീക്ഷകൾക്ക് പിന്നാലെ പായുന്ന പ്രവണത ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

പിഎസ്‌സി പരീക്ഷ എഴുതി ജോലി കിട്ടണമെങ്കിൽ വേറെ കുറച്ചു കാര്യങ്ങൾ കൂടി ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും, അത്തരം ആശ്രിത മനോഭാവം ഉപേക്ഷിച്ച് സ്വന്തമായി സംരംഭങ്ങൾ തുടങ്ങാൻ യുവാക്കൾ മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

**English Summary:**

> Kerala University Vice Chancellor Dr. Mohan Kunnummal made controversial remarks against those opposing Vande Mataram and the PSC exam system at an RSS-organised 'Sankalp Yuvasangamam' event in Thiruvananthapuram. He said those who oppose Vande Mataram do not recognize "Bharat Mata" and that people who understand the value of mother will always chant Vande Mataram. He also criticised the trend of graduates chasing PSC exams, saying a dependent mindset should be abandoned and youth should start their own enterprises instead.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378703/kerala-university-vc-mohan-kunnummal-vande-mataram-psc-comments)