---
title: "'അവര്‍ ആര്‍എസ്എസിന്റെ ബി-ടീമായി മാറി', വന്ദേമാതരം മുഴുവനായി ആലപിച്ച നടപടി; തുറന്നുകാട്ടുന്നത് കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയെന്ന് പിണറായി വിജയന്‍"
english_title: "Pinarayi Vijayan Criticises Congress Over Full Vande Mataram Singing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378695/pinarayi-vijayan-criticises-congress-vande-mataram"
published_at: "2026-08-15T17:37:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a80570d7977a_pinarayi-vijayan-criticises-congress-vande-mataram.jpg"
keywords: ["Pinarayi Vijayan", "Congress", "Vande Mataram", "AICC"]
---

# 'അവര്‍ ആര്‍എസ്എസിന്റെ ബി-ടീമായി മാറി', വന്ദേമാതരം മുഴുവനായി ആലപിച്ച നടപടി; തുറന്നുകാട്ടുന്നത് കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയെന്ന് പിണറായി വിജയന്‍

> **Lead Summary:** തിരുവനന്തപുരം: എഐസിസി ആസ്ഥാനത്തും കോണ്‍ഗ്രസ് ഭരിക്കുന്ന കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലും വന്ദേമാതരം പൂര്‍ണമായി ആലപിച്ചതില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെ തുറന്നുകാട്ടുന്ന നടപടിയെന്നാണ് വിമര്‍ശനം.

## Article Content

തിരുവനന്തപുരം: എഐസിസി ആസ്ഥാനത്തും കോണ്‍ഗ്രസ് ഭരിക്കുന്ന കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലും വന്ദേമാതരം പൂര്‍ണമായി ആലപിച്ചതില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെ തുറന്നുകാട്ടുന്ന നടപടിയെന്നാണ് വിമര്‍ശനം.

മതനിരപേക്ഷ ദേശീയതയോടല്ല, ആര്‍എസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് പ്രതിബദ്ധതയെന്ന് കോണ്‍ഗ്രസ് തെളിയിച്ചിരിക്കുന്നു എന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

എഐസിസി ആസ്ഥാനത്തെയും കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക, ഹിമാചല്‍ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെയും ഔദ്യോഗിക സ്വാതന്ത്ര്യദിന ചടങ്ങുകളില്‍ വന്ദേമാതരത്തിന്റെ പൂര്‍ണ്ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് അദ്ദേഹം കുറിച്ചു.

കേരളത്തില്‍ വനം വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിലും സമാനമായ സംഭവമുണ്ടായത് അതീവ ഗൗരവതരമാണ്. ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആര്‍എസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോണ്‍ഗ്രസ് അര്‍ഥശങ്കക്കിടയില്ലാതെ തെളിയിച്ചിരിക്കുകയാണ്.

നേരത്തെ യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിലും വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചിരുന്നു – അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗാനത്തിലെ മതപരമായ ബിംബങ്ങള്‍ ബഹുസ്വര സമൂഹത്തിന് യോജിക്കാത്തതിനാല്‍, വന്ദേമാതരത്തിന്റെ ആദ്യത്തെ രണ്ട് ചരണങ്ങള്‍ മാത്രമേ ദേശീയ പ്രസ്ഥാനത്തിന്റെ വേദികളില്‍ പാടാവൂ എന്ന് 1937 ല്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി തന്നെ തീരുമാനിച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

1950ല്‍ ഭരണഘടനാ അസംബ്ലി വന്ദേമാതരത്തിന് ദേശീയ ഗീതം എന്ന പദവി നല്‍കിയപ്പോഴും ആദ്യ രണ്ടു ചരണങ്ങളെയാണ് ഉദ്ദേശിച്ചത്. തങ്ങളുടെ തന്നെ ആ മതേതര പാരമ്പര്യത്തെയാണ് ഗാനം പൂര്‍ണ്ണമായി ആലപിക്കുക വഴി കോണ്‍ഗ്രസ്സ് ഇന്ന് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നത് – പിണറായി വിജയന്‍ വിമര്‍ശിച്ചു.

സര്‍ക്കാര്‍ ചടങ്ങുകളില്‍ വന്ദേമാതരം പാടുന്നത് ഒരു കാരണവശാലും നിര്‍ബന്ധമല്ല എന്ന് മുഹമ്മദ് സയീദ് നൂറി കേസില്‍ 2026 മാര്‍ച്ചിലാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. കേന്ദ്രത്തിന്റെ പുതിയ ഭേദഗതി നിയമപ്രകാരവും ഇത് പാടാതിരിക്കുന്നത് യാതൊരുവിധത്തിലും ശിക്ഷാര്‍ഹമായ കുറ്റമല്ല.

നിയമപരമായ യാതൊരു ബാധ്യതയുമില്ലാതിരുന്നിട്ടും ആര്‍എസ്എസ് തിട്ടൂരങ്ങള്‍ക്ക് കീഴ്‌പ്പെട്ട് ഗാനം മുഴുവനായും ആലപിക്കുന്നത് രാജ്യത്തെ മതനിരപേക്ഷ സമൂഹത്തോടുള്ള കടുത്ത വഞ്ചനയാണ്.

ഭൂരിപക്ഷ വര്‍ഗീയതയുമായി മത്സരിക്കാന്‍ സംഘപരിവാര്‍ അജണ്ടകള്‍ അതേപടി പകര്‍ത്തുന്ന കോണ്‍ഗ്രസ് നിലപാട് അവര്‍ ആര്‍എസ്എസിന്റെ ബി-ടീമായി മാറി എന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് – അദ്ദേഹം കുറിച്ചു.

**English Summary:**

Kerala Opposition Leader Pinarayi Vijayan criticised the Congress for singing the full version of Vande Mataram at AICC headquarters and in Congress-ruled states like Karnataka, Himachal Pradesh and Telangana during Independence Day events. He said the move exposes Congress’s soft Hindutva approach and shows allegiance to RSS agenda, not secular nationalism. Citing a 1937 Congress Working Committee decision and a 2026 Supreme Court ruling, he said only the first two stanzas are to be sung and singing the full song is not mandatory. He also flagged a similar incident at the Kerala Forest Department office.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378695/pinarayi-vijayan-criticises-congress-vande-mataram)