---
title: "സ്വാതന്ത്ര്യദിന പരിപാടിക്കിടെ അപകടം; സ്കൂളിൻ്റെ പ്രവേശന കവാടത്തിലെ കോൺക്രീറ്റ് മേലാപ്പ് തകർന്ന് വീണ് ഒരു കുട്ടിക്ക് ദാരുണാന്ത്യം, രണ്ട് വിദ്യാർഥികൾക്ക് പരിക്ക്"
english_title: "UP School Canopy Collapses During Independence Day Event, 1 Student Dead 2 Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378690/up-sambhal-school-canopy-collapse-independence-day"
published_at: "2026-08-15T17:04:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a804fbc84aef_up-sambhal-school-canopy-collapse-independence-day.jpg"
keywords: ["School Accident", "Independence Day", "Building Collapse", "Student Death"]
---

# സ്വാതന്ത്ര്യദിന പരിപാടിക്കിടെ അപകടം; സ്കൂളിൻ്റെ പ്രവേശന കവാടത്തിലെ കോൺക്രീറ്റ് മേലാപ്പ് തകർന്ന് വീണ് ഒരു കുട്ടിക്ക് ദാരുണാന്ത്യം, രണ്ട് വിദ്യാർഥികൾക്ക് പരിക്ക്

> **Lead Summary:** ലഖ്നൗ: ഉത്തർപ്രദേശിലെ സംഭൽ ജില്ലയിൽ സ്വാതന്ത്ര്യദിന പരിപാടിക്കിടെ സ്കൂളിന്റെ പ്രധാന പ്രവേശന കവാടത്തിലെ കോൺക്രീറ്റ് മേലാപ്പ് തകർന്ന് വീണ് ഒരു കുട്ടി മരിച്ചു. രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് ഉത്തർപ്രദേശിലെ മദാല ഗ്രാമത്തിലെ ഹസ്നൈൻ പബ്ലിക് സ്കൂളിൽ മേൽക്കൂര പെട്ടെന്ന് തകർന്ന് വീണത്.

## Article Content

ലഖ്നൗ: ഉത്തർപ്രദേശിലെ സംഭൽ ജില്ലയിൽ സ്വാതന്ത്ര്യദിന പരിപാടിക്കിടെ സ്കൂളിന്റെ പ്രധാന പ്രവേശന കവാടത്തിലെ കോൺക്രീറ്റ് മേലാപ്പ് തകർന്ന് വീണ് ഒരു കുട്ടി മരിച്ചു. രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് ഉത്തർപ്രദേശിലെ മദാല ഗ്രാമത്തിലെ ഹസ്നൈൻ പബ്ലിക് സ്കൂളിൽ മേൽക്കൂര പെട്ടെന്ന് തകർന്ന് വീണത്.

സ്വാതന്ത്ര്യദിനാഘോഷ പരിപാടി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരിപാടിയിൽ പങ്കെടുക്കാനെത്തിയ കുട്ടി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി സംഭവസ്ഥലത്തുതന്നെ മരിച്ചു. സമീപത്തുണ്ടായിരുന്ന രണ്ട് വിദ്യാർഥികൾക്കും പരിക്കേറ്റു.

മേൽക്കൂര തകർന്നുവീഴാൻ കാരണമായ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ സ്കൂളും സമീപ റോഡും ആളുകളും വാഹനങ്ങളും സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. എന്നാൽ മേൽക്കൂര തകർന്ന് വീഴുന്ന നിമിഷം ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞിട്ടില്ലെന്നാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്.

സംഭവത്തിൽ ഘടനാപരമായ തകരാറോ സുരക്ഷാ വീഴ്ചയോ ഉണ്ടായിട്ടുണ്ടോ എന്നത് ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

അപകടത്തെ തുടർന്ന് ജില്ലാ ഭരണകൂടവും പൊലീസും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ലാ മജിസ്ട്രേറ്റ്, പൊലീസ് സൂപ്രണ്ട്, സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, സർക്കിൾ ഓഫീസർ, തഹസിൽദാർ എന്നിവരും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

**English Summary:**

In Uttar Pradesh’s Sambhal district, a concrete canopy at the entrance of Hasnain Public School in Madala village collapsed during an Independence Day event on Saturday. One student died on the spot after being trapped in debris and two others were injured. District officials including the DM, SP and education department officials visited the site. Authorities have launched an investigation into possible structural defects or safety lapses. CCTV footage does not clearly show the moment of collapse.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378690/up-sambhal-school-canopy-collapse-independence-day)