---
title: "കൂട്ടുകറി, തോരൻ, ഓലൻ, കാളൻ.....18 കൂട്ടത്തിന് 170 രൂപ....! ഇത്തവണയും ഓണസദ്യയൊരുക്കാൻ കുടുംബശ്രീ, ബുക്കിങ് ആരംഭിച്ചു"
english_title: "Kudumbashree Onam Sadya 2026 Booking Started: 18 Items From Rs 170"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378684/kudumbashree-onam-sadya-booking-2026-price-menu"
published_at: "2026-08-15T16:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a804a3002060_kudumbashree-onam-sadya-booking-2026-price-menu.jpg"
keywords: ["Kudumbashree", "Onam Sadya", "Onam 2026", "Food"]
---

# കൂട്ടുകറി, തോരൻ, ഓലൻ, കാളൻ.....18 കൂട്ടത്തിന് 170 രൂപ....! ഇത്തവണയും ഓണസദ്യയൊരുക്കാൻ കുടുംബശ്രീ, ബുക്കിങ് ആരംഭിച്ചു

> **Lead Summary:** തിരുവനന്തപുരം: മലയാളിയുടെ ഓണാഘോഷത്തിന് ഇക്കുറിയും വിഭവസമൃദ്ധമായ ഓണസദ്യയുമായി കുടുംബശ്രീ രംഗത്തെത്തി. സംസ്ഥാനമെമ്പാടുമുള്ള നാനൂറോളം വനിതാ കാന്റീൻ കാറ്ററിങ് യൂണിറ്റുകളിലെ സംരംഭകരുടെ നേതൃത്വത്തിലാണ് സദ്യ ഒരുക്കുന്നത്.

## Article Content

തിരുവനന്തപുരം: മലയാളിയുടെ ഓണാഘോഷത്തിന് ഇക്കുറിയും വിഭവസമൃദ്ധമായ ഓണസദ്യയുമായി കുടുംബശ്രീ രംഗത്തെത്തി. സംസ്ഥാനമെമ്പാടുമുള്ള നാനൂറോളം വനിതാ കാന്റീൻ കാറ്ററിങ് യൂണിറ്റുകളിലെ സംരംഭകരുടെ നേതൃത്വത്തിലാണ് സദ്യ ഒരുക്കുന്നത്.

18 കൂട്ടമുള്ള ഓണസദ്യയ്ക്ക് 170 രൂപ മുതലാണ് നിരക്ക്. ചോറ്, സാമ്പാർ, അവിയൽ, കൂട്ടുകറി, തോരൻ, ഓലൻ, കാളൻ, പച്ചടി, കിച്ചടി, പുളിയിഞ്ചി, രസം, മോര്, അച്ചാർ, ശർക്കര വരട്ടി, കായ ഉപ്പേരി, പപ്പടം, പഴം, പായസം എന്നിവയാണ് സദ്യയിലെ പ്രധാന വിഭവങ്ങൾ.

ചില ജില്ലകളിൽ വിഭവങ്ങളിൽ മാറ്റമുണ്ടാകും. വിഭവങ്ങൾ മാറുന്നതനുസരിച്ച് വിലയിലും മാറ്റമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. തിരുവനന്തപുരത്ത് 21 വിഭവങ്ങളുള്ള ഒരു ഊണിന് 250 രൂപയും 17 വിഭവങ്ങൾ അടങ്ങുന്ന സദ്യയ്ക്ക് 210 രൂപയുമാണ് ഈടാക്കുന്നത്.

ആവശ്യക്കാർക്ക് ഇഷ്ടമുള്ള വിഭവങ്ങളും പായസവും തിരഞ്ഞെടുത്ത് മുൻകൂട്ടി ഓർഡർ നൽകാം. കൂടാതെ അടപ്രഥമൻ, പാലട പ്രഥമൻ, പരിപ്പ് പായസം തുടങ്ങിയ വിവിധയിനം പായസം അര ലിറ്റർ മുതൽ ലഭ്യമാണ്. മിനിമം അഞ്ച് സദ്യയെങ്കിലും ബുക്ക് ചെയ്യണമെന്നാണ് നിബന്ധന.

ബുക്ക് ചെയ്തവർക്ക് അതത് പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭകരുടെ പക്കൽ നിന്ന് സദ്യ നേരിട്ട് വാങ്ങാം.എല്ലാ ജില്ലകളിലും കോൾ സെന്ററിലൂടെയും കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി സിഡിഎസ് വഴിയും ബുക്കിങ് ആരംഭിച്ചു.

ഓർഡർ നൽകുന്ന വ്യക്തിയുടെ സമീപത്തുള്ള കുടുംബശ്രീ സംരംഭകനാണ് സദ്യ വിതരണം ചെയ്യുന്നത്. സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, സ്കൂളുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങി ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സദ്യകൾക്കും ഓർഡറുകൾ സ്വീകരിക്കും.

ഓർഡറുകൾക്ക് കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസുകളുമായോ ബന്ധപ്പെട്ട സിഡിഎസ് ഓഫീസുകളുമായോ ബന്ധപ്പെടാം.കഴിഞ്ഞ വർഷം ഓണസദ്യ വിതരണത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയതിന്റെ ആത്മവിശ്വാസത്തോടെയാണ് ഇത്തവണ 83 കുടുംബശ്രീ കഫേ യൂണിറ്റുകൾ ഓണസദ്യ ഒരുക്കാൻ രംഗത്തുള്ളത്.

മേന്മയേറിയ തനത് ഓണസദ്യ ലഭ്യമാക്കുന്നതിനൊപ്പം കഫേ യൂണിറ്റുകൾക്ക് കൂടുതൽ വരുമാനവും വിപണി സാധ്യതയും ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് കുടുംബശ്രീ അധികൃതർ അറിയിച്ചു.

**English Summary:**

Kudumbashree has started booking for Onam Sadya across Kerala. Around 400 women canteen catering units will prepare the meal. An 18-item sadya starts at Rs 170. In Thiruvananthapuram, a 21-item meal costs Rs 250 and a 17-item meal Rs 210. Payasam varieties are also available from half a litre. Minimum 5 sadyas must be booked. Orders can be placed via call centre and CDS offices. 83 Kudumbashree cafes are part of this year’s drive to ensure quality sadya and increase income for entrepreneurs.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378684/kudumbashree-onam-sadya-booking-2026-price-menu)