---
title: "'ലൈഫ് പദ്ധതിയെ തകർക്കരുത് ...., വീടുകൾക്ക് മുന്നിൽ കേന്ദ്ര ലോഗോയും എംബ്ലവും ചാപ്പ കുത്തണമെന്ന് വാശിപിടിക്കുന്ന കേന്ദ്രത്തിന് മുന്നിൽ സംസ്ഥാന സർക്കാർ നട്ടെല്ലു വളയ്ക്കുന്നു'- പിണറായി വിജയൻ"
english_title: "Pinarayi Vijayan Slams UDF Govt Over Cuts In Kerala LIFE Housing Scheme"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378670/pinarayi-vijayan-criticises-udf-govt-life-housing-scheme-cuts"
published_at: "2026-08-15T15:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a803789764cd_pinarayi-vijayan-criticises-udf-govt-life-housing-scheme-cuts.jpg"
keywords: ["Pinarayi Vijayan", "LIFE Housing Scheme", "UDF Government"]
---

# 'ലൈഫ് പദ്ധതിയെ തകർക്കരുത് ...., വീടുകൾക്ക് മുന്നിൽ കേന്ദ്ര ലോഗോയും എംബ്ലവും ചാപ്പ കുത്തണമെന്ന് വാശിപിടിക്കുന്ന കേന്ദ്രത്തിന് മുന്നിൽ സംസ്ഥാന സർക്കാർ നട്ടെല്ലു വളയ്ക്കുന്നു'- പിണറായി വിജയൻ

> **Lead Summary:** തിരുവനന്തപുരം : സംസ്ഥാനത്തെ ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ ‘ലൈഫ്’ ഭവന പദ്ധതിയെ യുഡിഎഫ് സർക്കാർ തകർക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കാനും ഗുണഭോക്താക്കൾക്ക് മേൽ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കാനുമുള്ള സർക്കാർ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

## Article Content

തിരുവനന്തപുരം : സംസ്ഥാനത്തെ ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ ‘ലൈഫ്’ ഭവന പദ്ധതിയെ യുഡിഎഫ് സർക്കാർ തകർക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കാനും ഗുണഭോക്താക്കൾക്ക് മേൽ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കാനുമുള്ള സർക്കാർ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ലൈഫ് പദ്ധതിയിലൂടെ ഒരു വീടിന് നൽകിയിരുന്ന 4 ലക്ഷം രൂപ, പുതിയ തീരുമാനത്തോടെ 3 ലക്ഷമായി കുറഞ്ഞു. ഇതിലൂടെ പാവപ്പെട്ടവരുടെ സ്വപ്നങ്ങൾക്ക് മേൽ സർക്കാർ കത്രിക വെച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മുൻപ് ലൈഫ് പദ്ധതിയിൽ ഗുണഭോക്താവ് ഒരു രൂപ പോലും സ്വന്തം കൈയിൽ നിന്ന് മുടക്കേണ്ടതില്ലായിരുന്നു. എന്നാൽ പുതിയ നിബന്ധന പ്രകാരം പദ്ധതി തുകയുടെ 25 ശതമാനം (ഒരു ലക്ഷം രൂപ) ഗുണഭോക്താവ് തന്നെ കണ്ടെത്തണം. ഭവനരഹിതരായ പാവപ്പെട്ട മനുഷ്യർക്ക് മേൽ ഈ ബാധ്യത അടിച്ചേൽപ്പിക്കുന്നത് ജനവഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു.

വെറും ഒന്നര ലക്ഷം രൂപ മാത്രം നൽകുന്ന കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ അജണ്ടയായ ‘ബ്രാന്റിംഗിന്’ (വീടുകൾക്ക് മുന്നിൽ കേന്ദ്ര ലോഗോയും എംബ്ലവും പതിപ്പിക്കുക) സംസ്ഥാന സർക്കാർ കീഴടങ്ങുകയാണ്. 450 കോടി രൂപയുടെ കേന്ദ്ര വിഹിതം നഷ്ടപ്പെടാതിരിക്കാനാണ് ഈ തീരുമാനമെന്ന സർക്കാർ വാദം അപഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

**പോസ്റ്റിന്റെ പൂർണരൂപം**

ലൈഫ് പദ്ധതിയിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ നാല് ലക്ഷം രൂപയുടെ ഭവന പദ്ധതി മൂന്ന് ലക്ഷമാക്കി വെട്ടിച്ചുരുക്കിയത് പ്രതിഷേധാർഹമാണ്. ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ ‘ലൈഫ്’ പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല.

​എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഗുണഭോക്തൃ വിഹിതം ഈടാക്കാതെ ഉറപ്പാക്കിയ ഭവന നിർമ്മാണ പദ്ധതിയെയാണ് യുഡിഎഫ് സർക്കാർ മന്ത്രിസഭാ തീരുമാനത്തിലൂടെ തകിടം മറിച്ചിരിക്കുന്നത്. പിഎംഎവൈ നഗരം രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിന്റെ പേരിൽ കേന്ദ്ര സർക്കാരിന്റെ ബ്രാന്റിംഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയമാനങ്ങളുള്ള നിബന്ധനകൾക്ക് കീഴടങ്ങി ജനങ്ങളെ വഞ്ചിക്കുകയാണ് സംസ്ഥാന സർക്കാർ.

​നിലവിലെ ലൈഫ് – പിഎംഎവൈ (നഗരം) പദ്ധതി പ്രകാരം ഒരു വീടിന് അനുവദിക്കുന്ന 4 ലക്ഷം രൂപയിൽ കേന്ദ്ര വിഹിതം ഒന്നര ലക്ഷം രൂപയായിരുന്നു. ഗുണഭോക്താവിന് ഒരു രൂപ പോലും സ്വന്തം കയ്യിൽ നിന്ന് മുടക്കേണ്ടതില്ലായിരുന്നു.

ബാക്കി രണ്ടര ലക്ഷം രൂപ സംസ്ഥാന സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൂടി നൽകുകയായിരുന്നു. എന്നാൽ പുതിയ തീരുമാനപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം വെട്ടിക്കുറച്ചു. പകരം പദ്ധതി തുകയുടെ 25 ശതമാനം, അതായത് 1 ലക്ഷം രൂപ, ഗുണഭോക്താവ് തന്നെ കണ്ടെത്തണമെന്നാണ് വ്യവസ്ഥ ചെയ്യുന്നത്.

ഭവനരഹിതരായ പാവപ്പെട്ട മനുഷ്യർക്ക് മേൽ ഒരു ലക്ഷം രൂപയുടെ ബാധ്യത അടിച്ചേൽപ്പിക്കുകയാണ് സംസ്ഥാന സർക്കാർ. ഫലത്തിൽ ലൈഫിൽ നൽകി വന്നിരുന്ന നാല് ലക്ഷം ലക്ഷമായി വെട്ടിക്കുറക്കുകയാണ് ചെയ്തത്.

കേവലം ഒന്നര ലക്ഷം രൂപ മാത്രം നൽകുന്ന കേന്ദ്ര സർക്കാർ, പാവപ്പെട്ടവരുടെ വീടുകൾക്ക് മുന്നിൽ കേന്ദ്ര ലോഗോയും എംബ്ലവും ചാപ്പ കുത്തണമെന്ന് വാശിപിടിക്കുമ്പോൾ അതിന് മുന്നിൽ നട്ടെല്ലു വളയ്ക്കുകയാണ് സംസ്ഥാന സർക്കാർ. ഗുണഭോക്താക്കളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന കേന്ദ്രനിലപാടിനെ എതിർക്കുന്നതിന് പകരം അതിനു കുഴലൂതുന്ന ഈ നടപടി അങ്ങേയറ്റത്തെ അടിമപ്പെടലാണ്. 450 കോടി രൂപയുടെ കേന്ദ്ര വിഹിതം നഷ്ടപ്പെടാതിരിക്കാനാണ് ഈ തീരുമാനമെടുത്തതെന്ന സംസ്ഥാന സർക്കാർ വാദം അപഹാസ്യകരമാണ്.

എൽഡിഎഫ് സർക്കാരിനു കീഴിൽ ലൈഫ് പദ്ധതിയിൽ പൂർത്തിയായ അഞ്ചുലക്ഷത്തിലേറെ വീടുകളിൽ 3,72,000 വീടുകളും പരിപൂർണ്ണമായും സംസ്ഥാന സർക്കാരും പ്രാദേശിക സർക്കാരുകളും ചേർന്നു നിർമ്മിച്ചവയാണ്. ഇവയിലെ കേന്ദ്രവിഹിതം പൂജ്യമാണ്. 93,600 വീടുകൾക്കാണ് പിഎംഎവൈ (നഗരം) പദ്ധതി വഴി ഒന്നര ലക്ഷം വീതം കേന്ദ്രസഹായം ലഭിച്ചത്.

പിഎംഎവൈ (ഗ്രാമം) വഴി നിർമ്മിച്ച 34,600 വീടുകൾക്ക് 72,000 രൂപ വീതമാണ് കേന്ദ്രസഹായം കിട്ടിയത്. ഈ രണ്ടു വിഭാഗത്തിലും നാലു ലക്ഷം രൂപ തികയാനാവശ്യമുള്ള ബാക്കി തുക മുഴുവനും വകയിരുത്തിയത് സംസ്ഥാന സർക്കാരും പ്രാദേശിക സർക്കാരുകളും ചേർന്നാണ്. എൽഡിഎഫ് സർക്കാർ വിജയകരമായി പൂർത്തീകരിച്ച ഈ മോഡൽ അട്ടിമറിക്കേണ്ട എന്ത് സാഹചര്യമാണ് ഉണ്ടായത് ?

നാമമാത്രമായ കേന്ദ്രവിഹിതമുള്ള പിഎംഎവൈ (നഗരം), പിഎംഎവൈ (ഗ്രാമം) എന്നീ പദ്ധതിവഴി സഹായം കിട്ടിയ വീടുകളിൽ കേന്ദ്ര ബ്രാന്റിംഗ് അടിച്ചേൽപ്പിക്കാൻ നേരത്തെയും ശ്രമമുണ്ടായിരുന്നു. അങ്ങനെ ചെയ്യാൻ തയ്യാറല്ലെന്ന ഉറച്ച നിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. എന്നാൽ, പിഎംഎവൈ (നഗരം) പദ്ധതിയിൽ കേന്ദ്രസർക്കാരിന്റെ തിട്ടൂരത്തിനു വഴങ്ങിക്കൊടുക്കുകയാണ് യുഡിഎഫ് സർക്കാർ ഇപ്പോൾ ചെയ്തത്.

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വൻതോതിൽ വെട്ടിക്കുറച്ചതിനെതിരെ വലിയ പ്രതിഷേധം നിലനിൽക്കുകയാണ്. സ്തംഭനാവസ്ഥയിൽ എത്തിയ അത്തരം സ്ഥാപനങ്ങളുടെ വെട്ടിക്കുറച്ച ഫണ്ട് പുന:സ്ഥാപിക്കാൻ തയ്യാറാവാതെ ഗുണഭോക്താക്കളിൽ നിന്ന് പിഴിഞ്ഞെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഗുണഭോക്താക്കൾക്കുമേൽ അധിക സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്ന ഈ ഉത്തരവ് പിൻവലിക്കണം.

**English Summary:**

> Opposition Leader Pinarayi Vijayan criticized the UDF government for weakening the LIFE housing scheme. He said the aid per house was cut from Rs 4 lakh to Rs 3 lakh and beneficiaries are now forced to contribute 25% or Rs 1 lakh. Earlier, beneficiaries paid nothing. He called it an act of betrayal against the poor and accused the state of surrendering to the Centre's "branding" agenda to retain Rs 450 crore in central funds.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378670/pinarayi-vijayan-criticises-udf-govt-life-housing-scheme-cuts)