---
title: "'സ്ത്രീയുടെ കൈയിൽ പിടിച്ചു, മോശം ഭാഷ ഉപയോഗിച്ചു'; കാട്ടാമലയിലെ വീടുകളിൽ അർജുൻ ആയങ്കിക്കായുള്ള പൊലീസ് പരിശോധനയിൽ വ്യാപക പരാതി"
english_title: "Pathanamthitta Police Raid Arjun Ayanki CPI(M) Complaint Human Rights Commission"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378636/pathanamthitta-police-raid-arjun-ayanki-cpim-complaint-human-rights-commission-"
published_at: "2026-08-15T12:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a80153d44010_pathanamthitta-police-raid-arjun-ayanki-cpim-complaint-human-rights-commission.jpg"
keywords: ["Police Raid", "Arjun Ayanki", "CPI(M)", "Human Rights Commission", "SC ST Commission"]
---

# 'സ്ത്രീയുടെ കൈയിൽ പിടിച്ചു, മോശം ഭാഷ ഉപയോഗിച്ചു'; കാട്ടാമലയിലെ വീടുകളിൽ അർജുൻ ആയങ്കിക്കായുള്ള പൊലീസ് പരിശോധനയിൽ വ്യാപക പരാതി

> **Lead Summary:** **പത്തനംതിട്ട: **പത്തനംതിട്ട കാട്ടാമലയിൽ അർജുൻ ആയങ്കിക്കായി വീടുകളിൽ പൊലീസ് നടത്തിയ പരിശോധനയിൽ വ്യാപക പരാതി. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയതെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം ലോക്കൽ സെക്രട്ടറി നിതിൻകുമാർ മനുഷ്യാവകാശ കമ്മീഷനിലും എസ്‌സി-എസ്ടി കമ്മീഷനിലും പരാതി നൽകി.

## Article Content

**പത്തനംതിട്ട: **പത്തനംതിട്ട കാട്ടാമലയിൽ അർജുൻ ആയങ്കിക്കായി വീടുകളിൽ പൊലീസ് നടത്തിയ പരിശോധനയിൽ വ്യാപക പരാതി. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയതെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം ലോക്കൽ സെക്രട്ടറി നിതിൻകുമാർ മനുഷ്യാവകാശ കമ്മീഷനിലും എസ്‌സി-എസ്ടി കമ്മീഷനിലും പരാതി നൽകി.

പരിശോധനയ്ക്കിടെ പൊലീസ് മാന്യതയില്ലാത്ത ഭാഷ പ്രയോഗിച്ചതായും, ഒരു സ്ത്രീയുടെ കയ്യിൽ പൊലീസ് കടന്നുപിടിച്ചതായും പരാതിയിൽ ആരോപിക്കുന്നുണ്ട്. പൊലീസിന് ലഭിച്ച വിവരം എങ്ങനെ സ്ഥിരീകരിച്ചു എന്ന് കണ്ടെത്തണമെന്നും, സംഭവത്തിൽ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

നിരപരാധികളുടെ വീട്ടിലാണ് പോലീസ് പരിശോധന നടത്തിയതെന്നും പൊലീസ് അതിക്രമത്തിനെതിരെ കർശന നടപടി വേണമെന്നുമാണ് നിതിൻ കുമാർ ആവശ്യപ്പെടുന്നത്. അർജുൻ ആയങ്കിക്കായി പത്തനംതിട്ടയിലെ സിപിഐഎം, ഡിവൈഎഫ്ഐ നേതാക്കളുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തിയ സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

മല്ലപ്പള്ളി കാട്ടാമലയിലെ നേതാക്കളുടെ വീടുകളിൽ നടത്തിയ പരിശോധനയ്ക്കെതിരെ സിപിഐഎം രംഗത്തുവന്നിരുന്നു. ഇതിന്റെ ഭാഗമായി  പൊലീസ് സ്റ്റേഷനിലേക്ക് സിപിഐഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വായ മൂടിക്കെട്ടി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

കോൺഗ്രസ് നേതൃത്വമാണ് പൊലീസിന് തെറ്റായ വിവരം നൽകിയതെന്ന് സിപിഐഎം ജില്ലാ നേതൃത്വം നേരത്തെ ആരോപിച്ചിരുന്നു. തെറ്റായ വിവരം പൊലീസിന് നൽകിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും, മനുഷ്യാവകാശം ലംഘിച്ച് പരിശോധന നടത്തിയ പൊലീസുകാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടിരുന്നു.

English Summary:

CPI(M) Local Committee Secretary Nitin Kumar has filed complaints with the Human Rights Commission and SC-ST Commission over police raids at homes in Kattamala, Pathanamthitta, in search of Arjun Ayanki. The complaint alleges the raid was based on false information, involved use of abusive language, and that a woman was manhandled by police. CPI(M) also staged a protest march to Keezhvaipur police station. The party alleged Congress leaders gave false information to police and demanded action against them and against police personnel who violated human rights.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378636/pathanamthitta-police-raid-arjun-ayanki-cpim-complaint-human-rights-commission-)