---
title: "'സ്വാതന്ത്ര്യത്തിന്റെ അടരുകൾ പലതാണ്, വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം'; ലുങ്കി അണിഞ്ഞ് ദേശീയപതാക ഉയർത്തി വി.ടി. ബൽറാം എം എൽ എ"
english_title: "VT Balram MLA Lungi Independence Day Flag Hoisting Thrithala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378634/vt-balram-mla-lungi-independence-day-flag-hoisting-thrithala"
published_at: "2026-08-15T12:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a801153af36f_vt-balram-mla-lungi-independence-day-flag-hoisting-thrithala.jpg"
keywords: ["VT Balram", "Independence Day", "80th Independence Day"]
---

# 'സ്വാതന്ത്ര്യത്തിന്റെ അടരുകൾ പലതാണ്, വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം'; ലുങ്കി അണിഞ്ഞ് ദേശീയപതാക ഉയർത്തി വി.ടി. ബൽറാം എം എൽ എ

> **Lead Summary:** **പാലക്കാട്: ** തൃത്താല പഞ്ചായത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ വ്യത്യസ്തമായി ലുങ്കി അണിഞ്ഞ് ദേശീയപതാക ഉയർത്തി വി.ടി. ബൽറാം എം എൽ എ. ലുങ്കി ഉടുത്ത് കൊണ്ടു ദേശീയപതാക ഉയർത്തുന്ന ചിത്രം അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു.

## Article Content

**പാലക്കാട്: ** തൃത്താല പഞ്ചായത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ വ്യത്യസ്തമായി ലുങ്കി അണിഞ്ഞ് ദേശീയപതാക ഉയർത്തി വി.ടി. ബൽറാം എം എൽ എ. ലുങ്കി ഉടുത്ത് കൊണ്ടു ദേശീയപതാക ഉയർത്തുന്ന ചിത്രം അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു.

സ്വാതന്ത്ര്യത്തിന്റെ അടരുകൾ പലതാണെന്നും, വസ്ത്രധാരണത്തിലും സ്വാതന്ത്ര്യമുണ്ടെന്നും, ഇത് വിവേചനങ്ങൾക്കും വേർതിരിവുകൾക്കുമെതിരായ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

**വി ടി ബൽറാം എം എൽ എയുടെ ഫേസ്ബുക്ക് പോസ്റ്റ്**

വസ്‌ത്രധാരണത്തിനുള്ള സ്വതന്ത്ര്യം,

വിവേചനങ്ങൾക്കും വേർതിരിക്കലുകൾക്കുമെതിരായ സ്വതന്ത്ര്യം,

സാംസ്‌ക്കാരിക ശീലങ്ങളെ സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം,

അഭിമാനകരമായ അസ്‌തിത്വത്തിനള്ള സ്വാതന്ത്ര്യം,

അങ്ങനെ സ്വതന്ത്ര്യത്തിൻ്റെ അടരുകൾ പലതാണ്,

അവയോരോന്നിനും വേണ്ടി പോരാടുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്.

തൃത്താല പഞ്ചായത്തിൻ്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു.

ഏവർക്കും സ്വതന്ത്ര്യ ദിനാശംസകൾ.

അതേസമയം എൺപതാം സ്വാതന്ത്ര്യദിനാഘോഷ വേളയിൽ കോഴിക്കോട് കോർപ്പറേഷനിൽ നാടകീയ രംഗങ്ങൾ. ചടങ്ങിനിടയിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും മാറിമാറി ആലപിച്ചതിനെ തുടർന്ന് ഭരണ-പ്രതിപക്ഷ വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായി.

മേയറുടെ നേതൃത്വത്തിൽ എൽഡിഎഫ് അംഗങ്ങൾ ദേശീയഗാനം ആലപിച്ചപ്പോൾ, മറുഭാഗത്ത് ബിജെപി കൗൺസിലർമാർ വന്ദേമാതരം ആണ് പാടിയത്. രണ്ട് വിഭാഗവും ഒരേസമയം വ്യത്യസ്ത ഗാനങ്ങൾ ആലപിക്കുകയായിരുന്നു. ബിജെപി കൗൺസിലർമാർ വന്ദേമാതരം പാടിക്കൊണ്ടിരിക്കെ, മേയറും ഡെപ്യൂട്ടി മേയറും അടക്കമുള്ളവർ ദേശീയഗാനം പാടി അവസാനിപ്പിച്ച് അവിടെനിന്നും തിരിഞ്ഞുനടന്നു.

എന്നാൽ ആ സമയത്തും ബിജെപി അംഗങ്ങൾ വന്ദേമാതരം പൂർണ്ണമായി പാടി തീർക്കുകയാണുണ്ടായത്. മേയറുടെ ഭാഗത്തുനിന്ന് ഉണ്ടായത് രാജ്യവിരുദ്ധമായ പ്രവൃത്തിയാണെന്ന് ബിജെപി കൗൺസിലർമാർ കുറ്റപ്പെടുത്തി. മേയർ ദേശീയഗാനത്തെ അപമാനിച്ചതായും ബിജെപി നേതാക്കൾ രൂക്ഷമായി വിമർശിച്ചു.

> ഇതുസംബന്ധിച്ച് ബിജെപി കൗൺസിലർ വ്യക്തമാക്കിയത് ഇങ്ങനെ: "നേരത്തെ തന്നെ വന്ദേമാതരം പാടുമെന്ന് മേയറോട് പറഞ്ഞിരുന്നു. അപ്പോൾ മേയർ ഒന്നും പറഞ്ഞില്ല. ആശംസകൾ പറയുന്നത് വരെ കാത്തുനിന്നിട്ടാണ് ഞങ്ങൾ വന്ദേമാതരം പാടിയത്. വന്ദേമാതരം പാടി കഴിഞ്ഞ് ദേശീയഗാനം പാടി അവസാനിപ്പിക്കാമെന്നാണ് തീരുമാനിച്ചിരുന്നത്. ഇതിനിടയിലാണ് മേയറും ഡെപ്യൂട്ടി മേയറും മറുഭാഗത്ത് നിന്ന് ദേശീയഗാനം പാടിയത്."

English Summary:

Thrithala MLA VT Balram hoisted the national flag wearing a lungi at the Thrithala Panchayat Independence Day celebrations in Palakkad. He shared photos on social media and wrote about freedom in dress, and freedom against discrimination. He said fighting for every layer of freedom is our responsibility.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378634/vt-balram-mla-lungi-independence-day-flag-hoisting-thrithala)