---
title: "ത്രിവർണ ശോഭയിൽ..... 80ാം സ്വാതന്ത്ര്യദിന നിറവിൽ രാജ്യം; ചെങ്കോട്ടയിൽ‌ പ്രധാനമന്ത്രി പതാക ഉയർത്തും; സംസ്ഥാനത്തും വിപുലമായ ചടങ്ങുകൾ"
english_title: "India’s 80th Independence Day: Celebrating Achievements and Recognising Challenges"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378579/india-80th-independence-day-achievements-and-challenges"
published_at: "2026-08-15T06:27:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7fba4c1d8ff_india-80th-independence-day-achievements-and-challenges.jpg"
keywords: ["India Independence Day", "80th Independence Day", "Indian Independence", "Mahatma Gandhi"]
---

# ത്രിവർണ ശോഭയിൽ..... 80ാം സ്വാതന്ത്ര്യദിന നിറവിൽ രാജ്യം; ചെങ്കോട്ടയിൽ‌ പ്രധാനമന്ത്രി പതാക ഉയർത്തും; സംസ്ഥാനത്തും വിപുലമായ ചടങ്ങുകൾ

> **Lead Summary:** രാജ്യത്തിന്‍റെ 80ാം സ്വാതന്ത്ര്യദിന ആഘോഷം ഇന്ന്. ചെങ്കോട്ടയിൽ രാവിലെ 07:30 യോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തും. പതാക ഉയർത്തുന്നതിനോടൊപ്പം 21 ആചാരവെടികൾ മുഴക്കും.

## Article Content

രാജ്യത്തിന്‍റെ 80ാം സ്വാതന്ത്ര്യദിന ആഘോഷം ഇന്ന്. ചെങ്കോട്ടയിൽ രാവിലെ 07:30 യോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തും. പതാക ഉയർത്തുന്നതിനോടൊപ്പം 21 ആചാരവെടികൾ മുഴക്കും.

ദേശീയ പതാകയേന്തിയ MI 17 വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ ആകാശത്തുനിന്ന് പുഷ്പവൃഷ്ടി നടത്തും. ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. പിന്നാലെ ദേശീയ ഗീതവും ദേശീയ ഗാനവും ആലപിക്കും.

സ്വാതന്ത്ര്യദിന ചടങ്ങുകളിൽ ചരിത്രത്തിലാദ്യമായാണ് ഇന്ന് ചെങ്കോട്ടയിൽ വന്ദേ മാതരം ആലപിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം 22 ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ ഭാഷിണി AI സാങ്കേതികവിദ്യ ഉപയോഗിക്കും.

ചെങ്കോട്ടയിലെ അതിഥികൾക്കുള്ള ഇരിപ്പിട മേഖലകൾക്ക് ഇത്തവണ ഇന്ത്യയിലെ വിവിധ കായലുകളുടെ പേരുകളാണ് നൽകിയിരിക്കുന്നത്.

സംസ്ഥാനത്തും വിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളാണ് നടക്കുന്നത്. സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ രാവിലെ 9 മണിക്ക് ദേശീയപതാക ഉയർത്തും. ജില്ലാ കേന്ദ്രങ്ങളിൽ മന്ത്രിമാർ പതാക ഉയർത്തും. സർക്കാരിൻ്റെ ഔദ്യോഗിക ചടങ്ങുകളിലും സ്കൂളുകളിലും വന്ദേമാതരം ഉണ്ടായിരിക്കില്ല.

രാജ്യത്തിന്റെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനൊപ്പം ഈ ദിനത്തിൽ രാജ്യം നേരിടുന്ന വെല്ലുവിളികളെപ്പറ്റി കൂടി നാം ബോധവാന്മാരാകണം.

1947 ഓഗസ്റ്റ് 14 അർധരാത്രി. കൊളോണിയൽ ഭരണത്തിന്റെ അടിമത്തത്തിൽ നിന്നും സ്വാതന്ത്ര്യത്തിന്റെയും പരമാധികാരത്തിന്റെയും പ്രകാശത്തിലേക്ക് ഇന്ത്യ ഉണർന്നെഴുന്നേറ്റ ദിവസം. ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെയാണ് ജവഹർലാൽ നെഹ്‌റുവിന്റെ വാക്കുകൾ കേട്ടത്. ‌

ചമ്പാരൻ സത്യഗ്രഹവും ഖിലാഫത്തും നിസ്സഹകരണപ്രസ്ഥാനവും ദണ്ഡിയാത്രയും ക്വിറ്റ് ഇന്ത്യ സമരവും. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ എണ്ണമറ്റ സഹനസമരങ്ങൾ.

എത്രയെത്ര ദേശസ്നേഹികളുടെ സഹനത്തിന്റെയും കഷ്ടപ്പാടുകളുടേയും ചെറുത്തുനിൽപിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം.

സ്വാതന്ത്രാനന്തരഭാരതത്തിന് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നു. വിഭജനത്തിന്റെ മുറിവുകളും അടിയന്തരാവസ്ഥയും ചരിത്രത്തിലെ കറുത്ത ദിനങ്ങളായി. എന്നാൽ പിന്നീടിങ്ങോട്ട് രാജ്യം വികസനത്തിന്റെ പാതയിൽ മുന്നേറി. ശാസ്ത്രസാങ്കേതികരംഗത്തും ബഹിരാകാശ ഗവേഷണത്തിലും പുതിയ ഉയരങ്ങളിലേക്ക് കുതിച്ചു.

സാമ്പത്തികരംഗത്തും പ്രതിരോധരംഗത്തും ഇന്ത്യ കുതിച്ചു. എന്നാൽ നേട്ടങ്ങൾ ആഘോഷിക്കുന്നതിനൊപ്പം വെല്ലുവിളികളെപ്പറ്റി നാം ബോധവാന്മാരാകുക കൂടി വേണം.

സുസ്ഥിരവും സ്വയംപര്യാപ്തവുമായ വികസിതഭാരതമാകണം നമ്മുടെ സ്വപ്നം. ഐക്യവും ഒരുമയുമാകണം വളർച്ചയിലേക്കുള്ള നമ്മുടെ വഴികാട്ടി.

**English Summary: **

India celebrates its 80th Independence Day, marking the end of colonial rule and remembering the sacrifices behind freedom. The country has made significant progress in science, technology, space research, the economy and defence after independence. However, the wounds of Partition and the Emergency remain difficult chapters in its history. Along with celebrating achievements, the occasion highlights the need to remain aware of India’s challenges and work towards a sustainable, self-reliant and developed nation guided by unity and togetherness.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378579/india-80th-independence-day-achievements-and-challenges)