---
title: " കൊള്ളാലോ പരുപാടി...! ഗൂഗിൾ പേ വഴിയും നേരിട്ടും, 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വൈക്കം അസിസ്റ്റന്റ് ലേബർ ഓഫീസർ വിജിലൻസ് പിടിയിൽ"
english_title: "Vaikom Assistant Labour Officer Arrested By Vigilance For Accepting Rs 5000 Bribe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378572/vaikom-assistant-labour-officer-arrested-vigilance-bribe"
published_at: "2026-08-14T22:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7f4875204c6_vaikom-assistant-labour-officer-arrested-vigilance-bribe.jpg"
keywords: ["Assistant Labour Officer", "Vigilance", "Bribe"]
---

#  കൊള്ളാലോ പരുപാടി...! ഗൂഗിൾ പേ വഴിയും നേരിട്ടും, 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വൈക്കം അസിസ്റ്റന്റ് ലേബർ ഓഫീസർ വിജിലൻസ് പിടിയിൽ

> **Lead Summary:** വൈക്കം: കൈക്കൂലി വാങ്ങുന്നതിനിടെ വൈക്കം അസിസ്റ്റന്റ് ലേബർ ഓഫീസർ ടി.ജി. ബിനീഷ്കുമാർ വിജിലൻസിന്റെ പിടിയിലായി. തലയോലപ്പറമ്പ് സ്വദേശിയുടെ പരാതിയെ തുടർന്നാണ് വിജിലൻസ് സംഘം നടപടി സ്വീകരിച്ചത്. പരാതിക്കാരനിൽ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് വിജിലൻസ് അറിയിച്ചു.

## Article Content

വൈക്കം: കൈക്കൂലി വാങ്ങുന്നതിനിടെ വൈക്കം അസിസ്റ്റന്റ് ലേബർ ഓഫീസർ ടി.ജി. ബിനീഷ്കുമാർ വിജിലൻസിന്റെ പിടിയിലായി. തലയോലപ്പറമ്പ് സ്വദേശിയുടെ പരാതിയെ തുടർന്നാണ് വിജിലൻസ് സംഘം നടപടി സ്വീകരിച്ചത്. പരാതിക്കാരനിൽ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് വിജിലൻസ് അറിയിച്ചു.

സംസ്ഥാന വ്യാപകമായി വിജിലൻസ് നടപ്പിലാക്കി വരുന്ന 'പ്രൊജക്ട് സീറോ'യുടെ ഭാഗമായാണ് റെയ്ഡും അറസ്റ്റും നടത്തിയത്. പൊതുജനങ്ങളിൽ നിന്ന് സർക്കാർ ഓഫീസുകളിൽ കൈക്കൂലി പൂർണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'പ്രൊജക്ട് സീറോ' നടപ്പാക്കുന്നത്.

വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഓഫീസിനെ സമീപിക്കുന്നവരിൽ നിന്ന് ബിനീഷ്കുമാർ നിരന്തരം കൈക്കൂലി വാങ്ങിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന് മുൻപും പലതവണയായി ഗൂഗിൾ പേ വഴിയും ഇയാൾ കൈക്കൂലി വാങ്ങിയിട്ടുള്ളതായി വിജിലൻസ് വൃത്തങ്ങൾ പറയുന്നു.

ഇത്തരം ഇടപാടുകളുടെ തെളിവുകൾ കൂടി ശേഖരിച്ച ശേഷമാണ് നിലവിലെ റെയ്ഡ് നടത്തിയത്.പരാതിക്കാരന്റെ മൊഴിയുടെയും കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

നിലവിൽ വിജിലൻസ് ഓഫീസിൽ വെച്ച് പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. മറ്റ് പരാതികൾ കൂടി ഉണ്ടോ എന്നും ഇയാൾക്ക് കൂട്ടുനിൽക്കുന്നവർ ആരൊക്കെയാണെന്നും വിജിലൻസ് പരിശോധിക്കുന്നുണ്ട്.

ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും വിജിലൻസ് അധികൃതർ വ്യക്തമാക്കി. അഴിമതി നടപടികൾക്കെതിരെ കർശന നടപടി തുടരുമെന്ന് 'പ്രൊജക്ട് സീറോ'യുടെ ഭാഗമായി വിജിലൻസ് അറിയിച്ചു.

English Summary:

Vaikom Assistant Labour Officer T.G. Bineesh Kumar was arrested by Vigilance while allegedly accepting Rs 5000 bribe from a Thalayolaparambu native. The arrest was made as part of the state-wide 'Project Zero'. According to Vigilance, preliminary probe found that he had been demanding bribes from people visiting the office and had also received bribes via Google Pay earlier. Further investigation is underway.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378572/vaikom-assistant-labour-officer-arrested-vigilance-bribe)