---
title: "ബെവ്കോയിൽ മദ്യത്തിന് അധിക പണം വാങ്ങി; രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ, അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി"
english_title: "Two Bevco Staff Suspended In Karunagappally Overcharging Complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378565/karunagappally-bevco-overcharging-staff-suspended-m-liju"
published_at: "2026-08-14T20:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7f32650016d_karunagappally-bevco-overcharging-staff-suspended-m-liju.jpg"
keywords: ["Bevco", "Overcharging", "M Liju", "Excise", "Suspension"]
---

# ബെവ്കോയിൽ മദ്യത്തിന് അധിക പണം വാങ്ങി; രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ, അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി

> **Lead Summary:** തിരുവനന്തപുരം: കരുനാഗപ്പള്ളിയി ബെവ്കോ ഔട്ട്ലെറ്റിൽ മദ്യത്തിന് അമിതമായി പണം വാങ്ങിയ സംഭവത്തിൽ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തതായി എക്സൈസ് മന്ത്രി എം. ലിജു. പരാതിക്കടിസ്ഥാനമായ വീഡിയോ ദൃശ്യങ്ങൾ ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് കോർപ്പറേഷൻ എം.ഡി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് അടിയന്തര അന്വേഷണത്തിന് നിർദ്ദേശം നൽകിയിരുന്നു.

## Article Content

തിരുവനന്തപുരം: കരുനാഗപ്പള്ളിയി ബെവ്കോ ഔട്ട്ലെറ്റിൽ മദ്യത്തിന് അമിതമായി പണം വാങ്ങിയ സംഭവത്തിൽ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തതായി എക്സൈസ് മന്ത്രി എം. ലിജു. പരാതിക്കടിസ്ഥാനമായ വീഡിയോ ദൃശ്യങ്ങൾ ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് കോർപ്പറേഷൻ എം.ഡി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് അടിയന്തര അന്വേഷണത്തിന് നിർദ്ദേശം നൽകിയിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടിയെന്നും, ഇത്തരം അഴിമതികൾ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. എക്സൈസ് വകുപ്പിലോ ബിവറേജസ് കോർപ്പറേഷനിലോ ഉള്ള അഴിമതികളോട് യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണ് സർക്കാരിന്റേതെന്ന് മന്ത്രി പറഞ്ഞു.

മദ്യത്തിന് കൂടുതൽ വില വാങ്ങുകയോ കൈക്കൂലി ആവശ്യപ്പെടുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് നേരിട്ട് അറിയിക്കാവുന്നതാണ്. എക്സൈസ് കമ്മീഷണർക്കോ ബെവ്കോ ചെയർമാനോ മന്ത്രിയുടെ ഓഫീസിനോ നേരിട്ടോ വിവരം കൈമാറിയാൽ ഉടൻ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ മുഴുവൻ ബിവറേജസ് ഔട്ട്ലെറ്റുകളെയും അഴിമതിരഹിതമാക്കുന്നതിനൊപ്പം അവയെ 'സോഷ്യൽ റെസ്പോൺസിബിൾ ഡ്രിങ്കിങ്' കേന്ദ്രങ്ങളാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിലുള്ള അന്തരീക്ഷത്തിൽ സമ്പൂർണ മാറ്റം കൊണ്ടുവരുന്നതിനുള്ള നടപടികൾ എക്സൈസ് വകുപ്പ് സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഓണക്കാലം പ്രമാണിച്ച് സംസ്ഥാനത്ത് എക്സൈസ് വകുപ്പ് അതീവ ജാഗ്രതയാണ് പുലർത്തുന്നത്. ഇതിനകം തന്നെ ആയിരക്കണക്കിന് ലിറ്റർ സ്പിരിറ്റ് പിടിച്ചെടുക്കുകയും വ്യാജമദ്യശാലകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഉത്സവ സീസണിലെ തിരക്ക് മുതലെടുത്ത് നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി ഉന്നതതല യോഗങ്ങൾ ചേർന്ന് വരികയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

കൊല്ലം കരുനാഗപ്പള്ളിയിലായിരുന്നു സംഭവം. ബിവറേജ് ഔട്ട്ലെറ്റിലെ ജീവനക്കാരൻ മദ്യം വാങ്ങാനെത്തിയവരിൽ നിന്നും ബില്ല് തുകയ്ക്ക് പുറമെ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മദ്യം വാങ്ങാനെത്തിയ ഉപഭോക്താവിൽ നിന്ന് നിശ്ചിത തുകയേക്കാൾ 50 രൂപ അധികം ജീവനക്കാരൻ ആവശ്യപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മദ്യം വാങ്ങാൻ എത്തിയവർ തന്നെ പകർത്തിയ ഈ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

2400 രൂപയുടെ മദ്യമാണ് ഉപഭോക്താവ് വാങ്ങിയത്. ഇതിനായി 500 രൂപയുടെ നാല് നോട്ടുകളും 100 രൂപയുടെ നാല് നോട്ടുകളും നൽകി ബില്ല് അടച്ചു. എന്നാൽ ബാക്കി നൽകേണ്ട 50 രൂപ ചോദിച്ചപ്പോൾ, അത് വേണോ എന്ന് ചിരിച്ചുകൊണ്ട് തിരിച്ചു ചോദിച്ചാണ് ജീവനക്കാരൻ പണം ആവശ്യപ്പെട്ടത്. ഈ ഔട്ട്‌ലെറ്റിൽ മുൻപും സമാനമായ പരാതികൾ ഉയർന്നിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്.

പരാതിക്കാരൻ തന്നെ നേരിട്ട് പകർത്തിയ ഈ വീഡിയോ ദൃശ്യങ്ങൾ സഹിതം എക്സൈസ് മന്ത്രി എം. ലിജുവിന് അദ്ദേഹത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ മെസഞ്ചർ വഴി പരാതി നൽകുകയായിരുന്നു.

പരാതി ലഭിച്ച ഉടൻ തന്നെ ഇതിനെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദ്ദേശം നൽകി. ഇന്റേണൽ ഓഡിറ്റ് വിഭാഗത്തെയാണ് ഈ വിഷയത്തിൽ അന്വേഷണം നടത്താൻ നിലവിൽ ചുമതലപ്പെടുത്തിയിരുന്നത്. ഈ റിപ്പോ‍ർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടികൾ സ്വീകരിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378565/karunagappally-bevco-overcharging-staff-suspended-m-liju)