---
title: "'ട്രെയിനിൽ ടിക്കറ്റ് കിട്ടിയില്ലെങ്കിൽ ബസ്സിൽ പോകും', തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി സിപിഐ; നമ്മൾ തോൽക്കില്ലെന്ന് ബിനോയ് വിശ്വം  "
english_title: " CPI Special Train To Delhi Protest Cancelled, Binoy Viswam Says Movement Will Go On"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378554/cpi-delhi-chalo-special-train-cancelled-binoy-viswam"
published_at: "2026-08-14T19:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7f1d787a957_cpi-delhi-chalo-special-train-cancelled-binoy-viswam.jpg"
keywords: ["CPI", "Binoy Viswam", "Delhi Chalo", "Special Train Cancelled"]
---

# 'ട്രെയിനിൽ ടിക്കറ്റ് കിട്ടിയില്ലെങ്കിൽ ബസ്സിൽ പോകും', തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി സിപിഐ; നമ്മൾ തോൽക്കില്ലെന്ന് ബിനോയ് വിശ്വം  

> **Lead Summary:** തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരായ ഡല്‍ഹിയിലെ പ്രതിഷേധ സമരത്തിനായി സിപിഐ ബുക്ക് ചെയ്ത സ്‌പെഷ്യല്‍ ട്രെയിന്‍ റദ്ദാക്കിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

## Article Content

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരായ ഡല്‍ഹിയിലെ പ്രതിഷേധ സമരത്തിനായി സിപിഐ ബുക്ക് ചെയ്ത സ്‌പെഷ്യല്‍ ട്രെയിന്‍ റദ്ദാക്കിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

ട്രെയിന്‍ യാത്ര റദ്ദാക്കാനെ കേന്ദ്രസര്‍ക്കാരിന് കഴിയൂ, സമരം നടക്കുക തന്നെ ചെയ്യുമെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് സിപിഐ മാർച്ച് നടത്തി. 

സിപിഐ ജില്ലാ സംസ്ഥാന നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു. റെയിൽവേ സ്റ്റേഷന് സമീപം മാർച്ച് പൊലീസ് തടഞ്ഞു. റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിലേക്ക് പോകണമെന്ന് സിപിഐ പ്രവർത്തകർ ആവശ്യപ്പെട്ടു.

ട്രെയിൻ യാത്ര അവകാശമാണ്, കേന്ദ്രസർക്കാറിന് ജനങ്ങളെ ഭയമെന്ന് ബിനോയ് വിശ്വം പറഞ്ഞു. അവരെ കാണാനും കേൾക്കാനും ഭയമാണ്.

'ട്രെയിന്‍ റദ്ദാക്കിക്കിയതുകൊണ്ട് ഒരാള്‍ പോലും കുറയുമെന്ന് കരുതേണ്ട, പറഞ്ഞതിനേക്കാള്‍ 10 പേര്‍ എങ്കിലും അധികം പോകും. ട്രെയിന്‍ യാത്ര ജനങ്ങളുടെ അവകാശമാണ്. ട്രെയിനിൽ ടിക്കറ്റ് കിട്ടിയില്ലെങ്കിൽ ബസ്സിൽ പോകും. നമ്മളെ തോൽപ്പിക്കാൻ വേണ്ടി അവർ ശ്രമിക്കും, എന്നാൽ നമ്മൾ തോൽക്കില്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

ദില്ലി ചലോയ്ക്ക് 1000 പേരെ എത്തിക്കാന്‍ തീരുമാനിച്ചതാണ്. ഇതിന് സ്‌പെഷ്യല്‍ ട്രെയിന്‍ ബുക്ക് ചെയ്യുന്നതിന് പത്ത് ലക്ഷം രൂപയും അടച്ചു. എന്നാല്‍ ട്രെയിന്‍ റദ്ദാക്കുകയായിരുന്നു എന്ന് സിപിഐ നേതാവ് വ്യക്തമാക്കി.

ഇന്നലെയാണ് സിപിഐ ഡല്‍ഹി സമരത്തിന് ബുക്ക് ചെയ്ത സ്‌പെഷ്യല്‍ ട്രെയിൻ റദ്ദാക്കിയത്. ട്രെയിന്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് സിപിഐ നല്‍കിയ അഡ്വാന്‍സ് തുകയായ 10 ലക്ഷം രൂപ ഇന്ത്യൻ റെയിൽവെ തിരികെ നല്‍കിയിരുന്നു.

ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാനാണ് സിപിഐ ട്രെയിന്‍ ബുക്ക് ചെയ്തത്. 18 കോച്ചുള്ള ട്രെയിന്‍ മൊത്തമായി വാടകയ്‌ക്കെടുത്ത് ഡല്‍ഹിക്ക് പോകാനാണ് സിപിഐ റെയിവെയില്‍ അഡ്വാന്‍സ് നല്‍കി ട്രെയിന്‍ ബുക്ക് ചെയ്തത്.

സെപ്റ്റംബര്‍ 1നാണ് സിപിഐയുടെ ദേശീയതല പ്രതിഷേധ പരിപാടി ഡല്‍ഹിയില്‍ നടക്കുന്നത്.

**English Summary:**

CPI's special train booked to take 1000 workers to Delhi for a protest against the Centre on September 1 has been cancelled by Indian Railways. CPI State Secretary Binoy Viswam said the cancellation will not deter the protest, and that more people will travel by other means. The party had paid Rs 10 lakh as advance for an 18-coach special train, which has now been refunded by Railways.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378554/cpi-delhi-chalo-special-train-cancelled-binoy-viswam)