---
title: "‘എന്റെ ഭാഗത്തുനിന്ന് പിഴവുണ്ടായി, തെറ്റ് തെറ്റ് തന്നെയാണ്’; വൈറൽ വീഡിയോയിൽ പരസ്യമായി ക്ഷമ ചോദിച്ച് സി.ആർ. മഹേഷ് എംഎൽഎ"
english_title: "CR Mahesh MLA Expresses Regret Over Seat Belt Traffic Rule Violation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378535/cr-mahesh-mla-expresses-regret-traffic-rule-violation-kollam"
published_at: "2026-08-14T16:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ef7b3abbbd_cr-mahesh-mla-expresses-regret-traffic-rule-violation-kollam.jpg"
keywords: ["CR Mahesh", "Karunagappally MLA", "Traffic Violation", "Seatbelt Rule"]
---

# ‘എന്റെ ഭാഗത്തുനിന്ന് പിഴവുണ്ടായി, തെറ്റ് തെറ്റ് തന്നെയാണ്’; വൈറൽ വീഡിയോയിൽ പരസ്യമായി ക്ഷമ ചോദിച്ച് സി.ആർ. മഹേഷ് എംഎൽഎ

> **Lead Summary:** **കൊല്ലം: **മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ച് കാറിൽ യാത്ര ചെയ്ത സംഭവത്തിൽ പൊതുമധ്യത്തിൽ ഖേദം പ്രകടിപ്പിച്ച് കരുനാഗപ്പള്ളി എംഎൽഎ സി.ആർ. മഹേഷ്. സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിൽ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചതോടെയാണ് വിശദീകരണവുമായി എംഎൽഎ രംഗത്തെത്തിയത്. തന്റെ ഭാഗത്തുനിന്ന് അങ്ങനെ ഒരു പിഴവ് ഉണ്ടായെന്നും ജനപ്രതിനിധി എന്ന നിലയിൽ അത് സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി.

## Article Content

**കൊല്ലം: **മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ച് കാറിൽ യാത്ര ചെയ്ത സംഭവത്തിൽ പൊതുമധ്യത്തിൽ ഖേദം പ്രകടിപ്പിച്ച് കരുനാഗപ്പള്ളി എംഎൽഎ സി.ആർ. മഹേഷ്. സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിൽ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചതോടെയാണ് വിശദീകരണവുമായി എംഎൽഎ രംഗത്തെത്തിയത്. തന്റെ ഭാഗത്തുനിന്ന് അങ്ങനെ ഒരു പിഴവ് ഉണ്ടായെന്നും ജനപ്രതിനിധി എന്ന നിലയിൽ അത് സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പുതുപ്പള്ളിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഈ നിയമലംഘനം നടന്നത്. നിലവിലെ കായികമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായ ജെയ്സൺ ആണ് അന്ന് വാഹനം ഓടിച്ചിരുന്നത്. ഡ്രൈവ് ചെയ്യുന്നതിനിടയിൽ ജെയ്സണും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും വാഹനം ഓടിക്കുന്നതിനിടയിൽ റീൽസ് ചിത്രീകരിക്കുകയായിരുന്നുവെന്നും പ്രചരിച്ച ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

**സംഭവത്തിൽ ക്ഷമ ചോദിച്ചുകൊണ്ട് സി.ആർ. മഹേഷ് എംഎൽഎ പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:**

‘സീറ്റ് ബെൽറ്റ് ഇടാതെ യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണ്. എന്റെ ഭാഗത്തു നിന്നും അങ്ങനെ ഒരു പിഴവ് ഉണ്ടായി. പലർക്കും അറിഞ്ഞും അറിയാതെയും ട്രാഫിക്ക് നിയമങ്ങളിൽ പിഴവ് ഉണ്ടാവാറുണ്ട്. പ്രത്യേകിച്ചു ജനപ്രതിനിധികളുടെ ഭാഗത്തു നിന്നും അങ്ങനെ ഉണ്ടാകാൻ പാടില്ല. ഞാൻ അതിൽ ഖേദം പ്രകടിപ്പിക്കുന്നു.

ഈ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് പുതുപ്പള്ളി പള്ളിയിൽ ഉമ്മൻചാണ്ടി സാറിന്റെ കല്ലറയിൽ പോകുന്ന വഴിക്കാണ് പിഴവ് സംഭവിച്ചതെന്ന് ഞാൻ ഓർക്കുകയാണ്. തിരഞ്ഞെടുപ്പിൽ മത്സരിച്ച സമയത്ത് ഇങ്ങനെയുള്ള കേസുകളുടെ എല്ലാം പിഴ അടച്ചു എന്നതാണ് എന്റെ ഓർമ.

ഇല്ല എങ്കിൽ പിഴ അടയ്ക്കാനും തെറ്റ് ആവർത്തിക്കാതെ ഇരിക്കാനും ശ്രദ്ധിക്കുന്നതാണ്. ഈ സംഭവം വിഷ്വൽ മീഡിയകളിൽ വാർത്ത വന്നതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. ആയതിനാൽ ഈ സംഭവത്തിൽ ഞാൻ ക്ഷമ ചോദിക്കുകയും ചെയ്യുന്നു. തെറ്റ് ചൂണ്ടിക്കാണിച്ച മാധ്യമങ്ങളോട് നന്ദിയും രേഖപ്പെടുത്തുന്നു.’

**English Summary:**

Karunagappally MLA C.R. Mahesh expressed regret after videos of him traveling in a car without wearing a seatbelt surfaced on media platforms. The incident occurred during a journey to Puthuppally before the assembly elections. The car was driven by Jayson, currently a personal staff member of the Sports Minister, who also failed to wear a seatbelt and filmed reels while driving. In a social media post, Mahesh acknowledged his oversight, offered an apology, stated he would pay any pending fine, and thanked the media for pointing out the violation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378535/cr-mahesh-mla-expresses-regret-traffic-rule-violation-kollam)