---
title: "കേസ് ഏറ്റെടുക്കുന്നോ...? ഗാർഹിക പീഡന കേസ് ഏറ്റെടുത്തു; കൊച്ചിയിൽ അഭിഭാഷകന്റെ വീട് കയറി പിതാവിനെ കുത്തിപ്പരുക്കേൽപ്പിച്ച രണ്ടുപേർ പിടിയിൽ"
english_title: "Lawyer Father Stabbed In Kochi Over Domestic Violence Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378507/kochi-lawyer-father-stabbed-domestic-case"
published_at: "2026-08-14T14:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7edea3e8c67_kochi-lawyer-father-stabbed-domestic-case.jpg"
keywords: ["Attack", "Lawyer", "Domestic Violence", "Arrest"]
---

# കേസ് ഏറ്റെടുക്കുന്നോ...? ഗാർഹിക പീഡന കേസ് ഏറ്റെടുത്തു; കൊച്ചിയിൽ അഭിഭാഷകന്റെ വീട് കയറി പിതാവിനെ കുത്തിപ്പരുക്കേൽപ്പിച്ച രണ്ടുപേർ പിടിയിൽ

> **Lead Summary:** **കൊച്ചി: ** ഗാർഹിക പീഡന കേസിൽ കോടതിയിൽ ഹാജരായതിന്റെ വൈരാഗ്യത്തിൽ അഭിഭാഷകന്റെ വീട് കയറി പിതാവിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. പുതുവൈപ്പ് മുരിക്കുംപാടം സ്വദേശി തൊണ്ടുങ്കൽ മോഹൻദാസിനെയാണ് സംഘം ആക്രമിച്ചത്.

## Article Content

**കൊച്ചി: ** ഗാർഹിക പീഡന കേസിൽ കോടതിയിൽ ഹാജരായതിന്റെ വൈരാഗ്യത്തിൽ അഭിഭാഷകന്റെ വീട് കയറി പിതാവിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. പുതുവൈപ്പ് മുരിക്കുംപാടം സ്വദേശി തൊണ്ടുങ്കൽ മോഹൻദാസിനെയാണ് സംഘം ആക്രമിച്ചത്.

ഇന്നലെ വൈകീട്ട് 5.30 ഓടെ അഭിഭാഷക ദമ്പതികളായ ടി.എം. ഡോൾഗോ, നീമ എന്നിവരുടെ വീടിനു നേരെയായിരുന്നു ആക്രമണം. ഒന്നാം പ്രതിക്കെതിരെ ഭാര്യ നൽകിയ ഗാർഹിക പീഡന കേസിൽ പരാതിക്കാരിയുടെ അഭിഭാഷകനാണ് മോഹൻദാസിന്റെ മകൻ ഡോൾഗോ. ഈ കേസ് ഏറ്റെടുത്തതിലുള്ള വൈരാഗ്യം മൂലമാണ് ആക്രമണം നടന്നതെന്ന് പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

കുടുംബത്തെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രതികൾ ആസൂത്രിതമായി എത്തിയതായാണ് എഫ്ഐആറിലെ പരാമർശം. സംഭവം നടക്കുമ്പോൾ അഭിഭാഷകർ വീട്ടിൽ ഉണ്ടായിരുന്നില്ല. വീടിന്റെ സിറ്റൗട്ടിലേക്ക് അതിക്രമിച്ചു കയറിയ ഒന്നാം പ്രതിയും രണ്ടാം പ്രതിയും ചേർന്ന് മോഹൻദാസിനെ ഭീഷണിപ്പെടുത്തി.

തടയാൻ ശ്രമിച്ച മോഹൻദാസിന്റെ ഭാര്യയോട് പ്രതികൾ തട്ടിക്കയറുകയും അദ്ദേഹത്തെ ബലമായി പുറത്തേക്ക് വലിച്ചിഴക്കുകയും ചെയ്തു.തുടർന്ന് ഒന്നാം പ്രതിയായ വേലു മോഹൻദാസിന്റെ കഴുത്തറുക്കാൻ ശ്രമിച്ചു. പിന്നാലെ രണ്ടാം പ്രതി വാവക്കുട്ടി കത്തി വാങ്ങി അദ്ദേഹത്തിന്റെ വയറ്റിൽ ആഴത്തിൽ കുത്തുകയായിരുന്നു.

രക്തം വാർന്നു കിടന്ന മോഹൻദാസിനെ വീട്ടുകാരും നാട്ടുകാരും ചേർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. അക്രമത്തിനു ശേഷം പ്രതികൾ ഒളിവിൽ പോയെങ്കിലും പൊലീസ് പിന്നീട് ഇവരെ പിടികൂടി.

അറസ്റ്റിലായവർ പ്രദേശവാസികളായ ഡസ്റ്റർ എന്നറിയപ്പെടുന്ന വേലു, ഡൈനാസ്റ്റർ എന്നറിയപ്പെടുന്ന വാവക്കുട്ടി എന്നിവരാണ്. ഇവർ ഒട്ടേറെ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. പിതാവിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് അഡ്വ. ഡോൾഗോ പറഞ്ഞു. കിഡ്നിക്കും പാൻക്രിയാസിനും കുത്തേറ്റിട്ടുണ്ട്.

തങ്ങളുടെയും സഹോദരിയുടെയും 4, 8, 12 വയസുള്ള കുട്ടികളുടെ മുന്നിൽ വച്ചായിരുന്നു അക്രമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ ഇപ്പോഴും ആ ട്രോമയിൽനിന്ന് മുക്തരായിട്ടില്ല. പ്രതികളിലൊരാളുടെ ഭാര്യ നിയമസഹായം ചോദിച്ച് ഓഫിസിൽ എത്തിയപ്പോൾ അത് നൽകുക മാത്രമാണ് ചെയ്തതെന്നും ബാക്കിയുള്ളവരെ കൂടി തീർക്കുമെന്ന് പ്രതികൾ വധഭീഷണി മുഴക്കിയതായും അഡ്വ. ഡോൾഗോ പറഞ്ഞു.

English Summary:

In Kochi's Puthuvype, 80-year-old Mohandas was stabbed by two locals allegedly over enmity related to a domestic violence case handled by his son, lawyer T.M. Dolgo. The attack occurred at the lawyer's home when he was not present. Mohandas, who suffered injuries to his kidney and pancreas, is in ICU in critical condition. Police arrested Velu alias Duster and Vavakkutti alias Dynaster, both accused in multiple other cases. The lawyer said the attack happened in front of children and that the accused had threatened further harm.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378507/kochi-lawyer-father-stabbed-domestic-case)