---
title: "സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് റദ്ദാക്കി സുപ്രീംകോടതി"
english_title: "Supreme Court Quashes Criminal Defamation Case Against Rahul Gandhi Over Savarkar Remarks"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378496/supreme-court-quashes-case-rahul-gandhi-savarkar-remarks"
published_at: "2026-08-14T13:57:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ed1f75e863_supreme-court-quashes-case-rahul-gandhi-savarkar-remarks.jpg"
keywords: ["Rahul Gandhi", "Supreme Court", "Defamation Case", "VD Savarkar"]
---

# സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് റദ്ദാക്കി സുപ്രീംകോടതി

> **Lead Summary:** ന്യൂഡൽഹി: ഹിന്ദുത്വ ആചാര്യൻ വിനായക് ദാമോദർ സാവർക്കറെക്കുറിച്ചുള്ള പരാമർശവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തർപ്രദേശിൽ ഫയൽ ചെയ്ത ക്രിമിനൽ മാനനഷ്ടക്കേസ് സുപ്രീം കോടതി റദ്ദാക്കി.

## Article Content

ന്യൂഡൽഹി: ഹിന്ദുത്വ ആചാര്യൻ വിനായക് ദാമോദർ സാവർക്കറെക്കുറിച്ചുള്ള പരാമർശവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തർപ്രദേശിൽ ഫയൽ ചെയ്ത ക്രിമിനൽ മാനനഷ്ടക്കേസ് സുപ്രീം കോടതി റദ്ദാക്കി.

രാഹുലിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഉത്തർപ്രദേശ് സർക്കാർ ആവശ്യമായ അനുമതി നൽകിയിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഷീൽ നഗു എന്നിവരടങ്ങിയ ബെഞ്ചാണ് നടപടികൾ അവസാനിപ്പിച്ചത്. തനിക്കെതിരെയുള്ള സമൻസ് ഉത്തരവിനെതിരെയാണ് രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്.

ഇന്ത്യൻ പീനൽ കോഡിലെ 153-എ (വിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്തൽ), 505 എന്നീ വകുപ്പുകൾ പ്രകാരം തനിക്കെതിരെ കേസെടുക്കാനും വിചാരണ നേരിടാനും ഉത്തരവിട്ട മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിയെയാണ് രാഹുൽ ഗാന്ധി ചോദ്യം ചെയ്തത്.

അലഹബാദ് ഹൈകോടതി നടപടികൾ സ്റ്റേ ചെയ്യാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. കേസ് പരിഗണിക്കവേ, രാഹുലിനെതിരെ പ്രോസിക്യൂഷൻ അനുമതി നൽകിയിട്ടുണ്ടോ എന്ന് ജസ്റ്റിസ് ദത്ത സർക്കാരിന്റെ അഭിഭാഷകനോട് ചോദിച്ചു.

എന്നാൽ അത്തരത്തിലുള്ള അനുമതിയൊന്നും നൽകിയിട്ടില്ലെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് മറുപടി നൽകി. സി.ആർ.പി.സി സെക്ഷൻ 196 പ്രകാരം ഐ.പി.സി 153എ വകുപ്പ് പ്രകാരം കേസെടുക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണെന്ന് കോടതി വ്യക്തമാക്കി.

അനുമതി വാങ്ങി കേസ് വീണ്ടും പരിഗണിക്കാൻ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് അയക്കണമെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും, അനുമതിയില്ലാതെ കേസ് ഫയലിൽ സ്വീകരിക്കാൻ കഴിയില്ലെന്നും അതോടെ ആ വിഷയം അവസാനിച്ചെന്നും കോടതി വ്യക്തമാക്കി.

ഉത്തർപ്രദേശ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പ്രതിയായ രാഹുൽ ഗാന്ധിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതായി കാണുന്നില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ, മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവുകളും പരാതിയും റദ്ദാക്കുന്നുവെന്നും കോടതി അറിയിച്ചു. രാഹുൽ ഗാന്ധിക്കുവേണ്ടി സീനിയർ അഭിഭാഷകൻ ഡോ. അഭിഷേക് മനു സിംഘ്‍വിയാണ് കോടതിയിൽ ഹാജരായത്.

കഴിഞ്ഞ വർഷം ഈ കേസിൽ സുപ്രീം കോടതി നടപടികൾ സ്റ്റേ ചെയ്തിരുന്നെങ്കിലും, രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളെ കോടതി അന്ന് ശക്തമായി വിമർശിച്ചിരുന്നു. ഭാവിയിൽ ഇത്തരം പരാമർശങ്ങൾ ആവർത്തിച്ചാൽ സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും അന്ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

സാവർക്കർ ബ്രിട്ടീഷുകാരുടെ സേവകനായിരുന്നുവെന്നും അവരിൽ നിന്ന് പെൻഷൻ പറ്റിയിരുന്നുവെന്നും ഒരു വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെ അഡ്വക്കേറ്റ് നൃപേന്ദ്ര പാണ്ഡെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ലഖ്‌നൗവിലെ എ.സി.ജെ.എം കോടതി രാഹുലിനെതിരെ സമൻസ് അയച്ചത്.

സമൂഹത്തിൽ വിദ്വേഷം പരത്താൻ ലക്ഷ്യമിട്ടാണ് രാഹുൽ ഇത്തരം പ്രസ്താവനകൾ നടത്തിയതെന്നായിരുന്നു പരാതിയിലെ ആരോപണം.

**English Summary:**

The Supreme Court quashed a criminal defamation case against Rahul Gandhi in Uttar Pradesh over his remarks on Vinayak Damodar Savarkar. A bench of Justices Deepankar Datta and Shil Nagu closed the proceedings after finding that the UP government had not granted the required prosecution sanction under CrPC Section 196 for charges under IPC 153A. The court said the complaint and magistrate’s summons cannot stand without sanction. Rahul had challenged the summons after the Allahabad High Court refused to stay proceedings.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378496/supreme-court-quashes-case-rahul-gandhi-savarkar-remarks)