---
title: "യൂത്ത് കോൺഗ്രസ് നേതാവിന്റെ എംഡിഎംഎ കേസ്; സാക്ഷികളായത് സ്വന്തം നേതാക്കൾ തന്നെ, അന്വേഷണത്തില്‍ ദുരൂഹത"
english_title: "Kasaragod MDMA Case: Doubts Raised Over Probe After Youth Congress Leader Arrest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378433/kasaragod-mdma-case-investigation-doubt-youth-congress"
published_at: "2026-08-14T08:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7e8a55e7166_kasaragod-mdma-case-investigation-doubt-youth-congress.jpg"
keywords: ["Kasargod MDMA Arrest", "Youth Congress Leader Drug Case", "Drug Case", "Police Investigation"]
---

# യൂത്ത് കോൺഗ്രസ് നേതാവിന്റെ എംഡിഎംഎ കേസ്; സാക്ഷികളായത് സ്വന്തം നേതാക്കൾ തന്നെ, അന്വേഷണത്തില്‍ ദുരൂഹത

> **Lead Summary:** **കാസര്‍കോട്: **മുഖ്യമന്ത്രി വി.ഡി. സതീശന്റെ സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍ എന്ന് അവകാശപ്പെടുന്നവർ അറസ്റ്റിലായ കാസര്‍കോട് എംഡിഎംഎ കേസില്‍ അട്ടിമറിയുണ്ടെന്ന സൂചന. യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈന്‍ അറസ്റ്റിലായ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സാക്ഷികളായതില്‍ ദുരൂഹതയുണ്ടെന്നാണ് വിവരം.

## Article Content

**കാസര്‍കോട്: **മുഖ്യമന്ത്രി വി.ഡി. സതീശന്റെ സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍ എന്ന് അവകാശപ്പെടുന്നവർ അറസ്റ്റിലായ കാസര്‍കോട് എംഡിഎംഎ കേസില്‍ അട്ടിമറിയുണ്ടെന്ന സൂചന. യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈന്‍ അറസ്റ്റിലായ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സാക്ഷികളായതില്‍ ദുരൂഹതയുണ്ടെന്നാണ് വിവരം.

ലഹരി മരുന്ന് പിടികൂടുമ്പോള്‍ സ്ഥലത്ത് ഇല്ലാതിരുന്ന നേതാക്കളാണ് സീഷര്‍ മഹസറില്‍ ഒപ്പുവെച്ചത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഉള്‍പ്പടെ നാല് പേരെയാണ് സാക്ഷികളാക്കിയത്. കോടതിയില്‍ സാക്ഷികള്‍ കൂറുമാറിയാല്‍ കേസ് പ്രതികള്‍ക്ക് അനുകൂലമാകാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും ഉയരുന്നുണ്ട്.

ഇതിനെ തുടര്‍ന്നാണ് പ്രതിപക്ഷ യുവജന സംഘടനകള്‍ അടക്കം ഇതില്‍ ദുരൂഹത ആരോപിച്ച് രംഗത്ത് വന്നത്.കേസില്‍ അന്വേഷണം എങ്ങുമെത്തുന്നില്ലെന്ന ആരോപണവും ശക്തമാണ്. പൊലീസിന് ലഹരിയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതികളുമായി ലഹരി ഇടപാട് നടത്തിയത് ആരെല്ലാമെന്നതിലും വ്യക്തതയില്ല.

പ്രതികളുടെ ഉന്നത ബന്ധങ്ങളും അന്വേഷണ പരിധിയിലില്ല എന്നതും ദുരൂഹമാണെന്നാണ് വിലയിരുത്തല്‍. വാണിജ്യ ആളവില്‍ രാസ ലഹരി പിടികൂടിയിട്ടും ചന്തേര സിഐയുടെ നേതൃത്വത്തിലാണ് നിലവിലെ അന്വേഷണം നടക്കുന്നത്. വലിയ ലഹരി വേട്ടയായിട്ടും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടില്ല.

കാസര്‍കോട് നിന്ന് മാത്രം 139ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. എന്നിട്ടും ഉന്നത ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നല്‍കിയിട്ടില്ല. ഇവര്‍ ബംഗലൂരുവില്‍ നിന്ന് എറണാകുളത്ത് ലഹരിമരുന്ന് എത്തിച്ച് വിവിധ ജില്ലകളില്‍ വില്‍പ്പന നടത്തുന്നവരാണെന്നായിരുന്നു പുറത്ത് വന്ന വിവരം.

കാസര്‍കോട് എത്തുന്നതിന് മുമ്പ് കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 100ഗ്രാമിലധികം ലഹരി വില്‍പ്പന നടത്തിയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ നാല് പ്രതികളില്‍ അന്വേഷണം അവസാനിക്കാന്‍ സാധ്യതയുണ്ടെന്നും വിവരമുണ്ട്.

അതേസമയം പ്രതി ഹുസൈന്റെ ഉന്നത ബന്ധങ്ങളും ഫോണ്‍ വിളി വിവരങ്ങളും പരിശോധിക്കണമെന്ന് പ്രതിപക്ഷ യുവജന സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പിടികൂടിയ പ്രതികള്‍ക്ക് ഉന്നത ബന്ധം ഉണ്ടെന്നും ഹുസൈന്‍ ഉന്നതരെ വിളിച്ചിട്ടുണ്ടെന്നുമാണ് അവരുടെ നിഗമനം. മുഖ്യമന്ത്രിയുമായുള്ള പ്രതിയുടെ അടുപ്പം പൊലീസ് അറിഞ്ഞത് പിടിച്ചതിന് ശേഷമാണെന്നും അതോടെ തുടര്‍ അന്വേഷണം മരവിപ്പിച്ചെന്നും ആരോപണമുണ്ട്.

എംഡിഎംഎ എവിടെ നിന്ന് എത്തിച്ചു എന്ന് കണ്ടെത്തിയിട്ടില്ലെന്നും മറ്റു പ്രതികളിലേക്ക് പൊലീസ് പോകുന്നില്ലെന്നും ഡിവൈഎഫ്‌ഐ ഉള്‍പ്പടെയുള്ള സംഘടനകള്‍ ആരോപിക്കുന്നു. പൊലീസ് വിവരങ്ങള്‍ അതീവ രഹസ്യമാക്കി വെക്കുന്നതായും അവര്‍ പറയുന്നു.

**English Summary:**

In the Kasaragod MDMA case where 139g was seized, Youth Congress leader Muhammed Hussain, who claims to be CM V.D. Satheesan's social media coordinator, was arrested. Opposition groups allege irregularities as four Youth Congress leaders, not present during seizure, were made witnesses. Police have not yet traced the drug source or other buyers, and the probe led by Chanthira CI has not been handed to a special team. Allegations include political links stalling investigation and calls to examine Hussain's phone records and high-level connections. Police have not officially commented on these claims.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378433/kasaragod-mdma-case-investigation-doubt-youth-congress)